റോജാ എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച നടനാണ് അരവിന്ദ് സ്വാമി. നടി മധുബാലയ്ക്കൊപ്പം തകര്‍ത്ത് അഭിനയിച്ച ചിത്രങ്ങളിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് അരവിന്ദ് സ്വാമി നേടിയെടുത്തത്. എന്നാല്‍ 3,300 കോടി രൂപയുടെ ആസ്തിയ്ക്ക് ഉടമയായി മാറിയ അരവിന്ദ് സ്വാമിയുടെ ജീവിതം സംഭവബഹുലമാണ്. ഒരു സിനിമാ കഥപോലെ ഉയര്‍ച്ചയും താഴ്ച്ചയും മാറിമറിഞ്ഞെത്തിയ നടന്റെ ജീവിതം മാറ്റിമറിച്ചത് അപ്രതീക്ഷിതമായി കയറിവന്ന പെണ്ണ് തന്നെയാണ്.
1970ല്‍ പ്രശസ്ത ടെലിവിഷന്‍ താരം ഡല്‍ഹി കുമാറിന്റെ മകനായിട്ടാണ് അരവിന്ദ് സ്വാമി പിറന്നത്. പക്ഷേ പ്രശസ്ത വ്യവസായിയും, മനുഷ്യസ്നേഹിയുമായിരുന്ന വി ഡി സ്വാമിയും ഭാര്യയും ഭരതനാട്യം നര്‍ത്തകിയുമായിരുന്ന വസന്തയും അരവിന്ദിനെ ദത്തെടുക്കുകയായിരുന്നു. അതിനു ശേഷം അരവിന്ദിന്റെ ജീവിതം മാറിമറിയുകയായിരുന്നു. കോടികളുടെ ആസ്തിയുണ്ടായിരുന്ന പിതാവായിരുന്നിട്ടും സാധാരണക്കാരനായാണ് അരവിന്ദിനെ വിഡി സ്വാമി വളര്‍ത്തിയത്. മദ്രാസ് ലെയോള കോളേജില്‍ നിന്നും ബികോം പഠനം പൂര്‍ത്തിയാക്കിയ അരവിന്ദ് അമേരിക്കയില്‍ നിന്നും ഇന്റര്‍ നാഷണല്‍ ബിസിനസില്‍ മാസ്റ്റേഴ്സ് ഡിഗ്രിയും പൂര്‍ത്തിയാക്കി. എന്നിരുന്നാലും ഒരു ഡോക്ടറാകുവാനായിരുന്നു അരവിന്ദിന്റെ ആഗ്രഹം. പഠനകാലത്തു തന്നെ് പോക്കറ്റ് മണിക്കായി മോഡലിംഗും ചെയ്തിരുന്നു. ആ ചിത്രങ്ങള്‍ കണ്ടാണ് മണിരത്നത്തിന്റെ ചിത്രത്തിലേക്ക് ക്ഷണം ലഭിക്കുന്നത്.
1991ല്‍ ദലപതി എന്ന ചിത്രത്തിലും 92ല്‍ റോജാ എന്ന ചിത്രത്തിലും 95ല്‍ ബോംബേ എന്ന ചിത്രത്തിലും അരവിന്ദ് അഭിനയിച്ചു. നിരവധി അവാര്‍ഡുകളും ഇന്ത്യയിലെമ്പാടു നിന്നും കോടിക്കണക്കിന് ആരാധകരെയും വാരിക്കൂട്ടുകയായിരുന്നു നടന്‍ ഈ ചിത്രങ്ങളിലൂടെ. 1992 ല്‍ ഡാഡി എന്ന മലയാളം സിനിമയില്‍ സുരേഷ് ഗോപിയോടൊപ്പം നായകവേഷം പങ്കിടുകയും ചെയ്തിട്ടുണ്ട്. തമിഴ് സിനിമയിലെ ഏറ്റവും സുന്ദരനായ നടനായി അറിയപ്പെട്ടിരുന്ന താരവുമായിരുന്ന അരവിന്ദ് സ്വാമിയെ പോലൊരു കുഞ്ഞിനെ വേണമെന്ന് അക്കാലത്തെ മാതാപിതാക്കള്‍ വരെ പറയുമായിരുന്നു. അതിനിടെ 94ല്‍ ഗായത്രി രാമമൂര്‍ത്തി എന്ന യുവതിയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഈ ബന്ധത്തില്‍ 96ല്‍ ആതിര എന്ന മകളും 2000ത്തില്‍ രുദ്ര എന്ന മകനും ജനിച്ചു.
അങ്ങനെ ഇരിക്കെയാണ് സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ നില്‍ക്കവേ പിതാവിന്റെ ബിസിനസ് ഏറ്റെടുക്കുവാന്‍ വേണ്ടി അരവിന്ദ് സ്വാമി സിനിമാരംഗം ഉപേക്ഷിക്കുന്നത്. നിരവധി സിനിമകള്‍ വന്നെങ്കിലും അവയൊന്നും ചെയ്തില്ല. ഒരു ഘട്ടത്തില്‍ അരവിന്ദ് സ്വാമിയെ എല്ലാവരും മറന്നു. ഒരു താര പദവിയില്‍ നിന്നും പൂര്‍ണ ബിസിനസ് മാനായി അരവിന്ദ് മാറിയപ്പോഴാണ് ജീവിതം മാറ്റിമറിച്ച ആ അപകടം സംഭവിച്ചത്. തുടര്‍ന്ന് നട്ടെല്ലിന് പരിക്ക് പറ്റി. കുറച്ച് നാളുകള്‍ നടക്കാന്‍ കഴിഞ്ഞില്ല. ആ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ രൂപം മാറുന്നത്. മരുന്നുകളുടെ സൈഡ് എഫക്ടുകള്‍ കാരണം മുടി കൊഴിഞ്ഞു. അതിനിടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളും. ഏഴു വര്‍ഷം പിരിഞ്ഞു ജീവിച്ചതിനൊടുവില്‍ 2010ല്‍ നടന്‍ വിവാഹമോചിതനായി. കേസ് കൊടുത്ത് മക്കളുടെ പൂര്‍ണ അവകാശം നേടിയെടുക്കുകയും ചെയ്തു.
അങ്ങനെയിരിക്കെയാണ് 2012ല്‍ അപര്‍ണാ മുഖര്‍ജിയെ വിവാഹം കഴിച്ചത്. അതൊരു തിരിച്ചു വരവായിരുന്നു. ജീവിതം കിടക്കയില്‍ ആയിപ്പോയെന്ന് കരുതിയ ഇടത്തു നിന്നും 2013ല്‍ കടല്‍ എന്ന സിനിമയിലൂടെ അരവിന്ദ് സ്വാമി തിരിച്ചെത്തുകയും ചെയ്തു. ഇപ്പോള്‍ സിനിമാ രംഗത്ത് സജീവമാണ്. തനി ഒരുവന്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് അരവിന്ദ് സ്വാമിക്ക് കരിയറില്‍ പഴയ ജനസ്വീകാര്യത തിരികെ ലഭിച്ചത്. സിനിമയില്‍ വില്ലന്‍ വേഷമാണ് അരവിന്ദ് സ്വാമി ചെയ്തത്. പിന്നീട് തലൈവി ഉള്‍പ്പെടെയുള്ള സിനിമകളില്‍ മികച്ച വേഷം ലഭിച്ചു. 25 വര്‍ഷത്തിന് ശേഷം നടന്‍ അഭിനയിച്ച മലയാള സിനിമയായിരുന്നു ഒറ്റ്.