ന്യൂഡല്‍ഹി: തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളില്‍ ഒരു സത്യവും ഇല്ലെന്ന് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. ഒരു ബോളിവുഡ് നടി സമര്‍പ്പിച്ച ബലാത്സംഗക്കേസില്‍ കഴിഞ്ഞയാഴ്ച മുംബൈ പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അനുരാഗിന്റെ വിശദീകരണം. തനിക്കെതിരായ പരാതി തികച്ചും നുണയാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ലൈംഗിക അതിക്രമ കേസില്‍ സംവിധായകന്‍ അനുരാഗ് കശ്യപ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കെതിരായ എല്ലാ ആരോപണങ്ങളേയും തള്ളിക്കൊണ്ട് അനുരാഗ് രംഗത്ത് എത്തിയത്. അഭിഭാഷകയിലൂടെയാണ് അനുരാഗ് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അനുരാഗ് തന്റെ മൊഴി നല്‍കിയിട്ടുണ്ടെന്നും എല്ലാ ആരോപണങ്ങള്‍ തള്ളുന്നതായും അഭിഭാഷക വ്യക്തമാക്കി.
സംഭവം നടന്നു എന്ന് പറയുന്ന തീയതിയില്‍ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് 2013 ഓഗസ്റ്റില്‍ ശ്രീലങ്കയില്‍ ആയിരുന്നുവെന്നതിന് ഡോക്യുമെന്ററി തെളിവായി നല്‍കിയിട്ടുണ്ടെന്ന് അനുരാഗിന്റെ അഭിഭാഷക പ്രിയങ്ക ഖിമാനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 2013 ല്‍ അനുരാഗ്, അദ്ദേഹത്തിന്റെ വീട്ടില്‍വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് നടിയുടെ ആരോപണം. കേസില്‍ നടനെ വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു.
അനുരാഗിനെതിരായ തെറ്റായ ആരോപണം അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമെല്ലാം അതിയായ വേദന നല്‍കുന്നതാണെന്നും നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും അഭിഭാഷക വ്യക്തമാക്കി. അതേസമയം, മീ ടു മുവ്‌മെന്റിനെ തെറ്റായി ഉപയോഗിച്ചതിന് പരാതിക്കാരിക്കെതിരെ നടപടിയെടുക്കണമെന്നും അനുരാഗ് ആവശ്യപ്പെട്ടു. അനുരാഗിന്റെ മുന്‍ ഭാര്യമാരായ കല്‍ക്കി കൊച്ച്ലിന്‍, ആരതി ബജാജ് എന്നിവരുള്‍പ്പെടെ ബോളിവുഡിലെ വിവിധ വിഭാഗങ്ങളില്‍ നിന്നും അദ്ദേഹത്തിന് പിന്തുണ ലഭിച്ചിട്ടുണ്ട്.
അതേസമയം, അനുരാഗ് നുണ പറയുകയാണെന്ന് പരാതിക്കാരിയായ നടി പായല്‍ ഘോഷ് പറഞ്ഞു. കേസില്‍ നാര്‍ക്കോ അനാലിസിസ് വേണമെന്ന് ആവശ്യപ്പെടുമെന്ന് നടി പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം. നടനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത്സിങ് കോഷിയാരിയെ സന്ദര്‍ശിച്ചിരുന്നു.