'ഞങ്ങളാണ് താങ്കളോട് നന്ദി പറയേണ്ടത്..' മമ്മൂട്ടിയോട് ഡിജിപി: ആഭ്യന്തരവകുപ്പിന്റെ പിന്തുണയുമായി 'ടോക് ടു മമ്മൂക്ക' പുതിയ ഘട്ടത്തിലേക്ക്

Malayalilife
'ഞങ്ങളാണ് താങ്കളോട് നന്ദി പറയേണ്ടത്..' മമ്മൂട്ടിയോട് ഡിജിപി: ആഭ്യന്തരവകുപ്പിന്റെ പിന്തുണയുമായി 'ടോക് ടു മമ്മൂക്ക' പുതിയ ഘട്ടത്തിലേക്ക്

: മമ്മൂട്ടിയുടെ 'താങ്ക് യൂ...'എന്ന വാക്കിന് മറുപടിയായി ഡിജിപി രവാഡ ചന്ദ്രശേഖര്‍ പറഞ്ഞു, 'ഞങ്ങള്‍ താങ്കളോടാണ് നന്ദി പറയേണ്ടത്; സമൂഹത്തിനുവേണ്ടി ഇത്തരമൊരു പദ്ധതി തുടങ്ങിയതിന്..' ലഹരിമരുന്നുപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെ കൈമാറാനായി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'ടോക് ടു മമ്മൂക്ക' ആഭ്യന്തരവകുപ്പിന്റെ പിന്തുണയോടെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു അപ്പോള്‍.

 'ടോക് ടു മമ്മൂക്ക'യിലേക്ക് ലഭിക്കുന്ന വിവരങ്ങളും പരാതികളും സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്കി സര്‍ക്കാര്‍ ഉത്തരവായതിനു പിന്നാലെ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഡിജിപി തന്നെ തത്സമയ പരാതി പരിഹാരത്തിന് തുടക്കമിട്ടു. കോഴിക്കോട് നടുവണ്ണൂരില്‍ നിന്നുള്ള പരാതിയാണ് ഡിജിപി സ്വീകരിച്ചത്. ചികിത്സയ്ക്ക് ശേഷം ചെന്നൈയില്‍ വിശ്രമിക്കുന്ന മമ്മൂട്ടി ഫോണിലൂടെ ചടങ്ങിന്റെ ഭാഗമായി. പദ്ധതിക്ക് പിന്തുണ നല്കുന്നതിന് സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനുമുള്ള നന്ദി അദ്ദേഹം ഡിജിപിയെ അറിയിച്ചു.

ലഹരിമരുന്നിനെതിരായ പോരാട്ടത്തിന് പോലീസിന് ശക്തിപകരേണ്ടത് സമൂഹമാണെന്ന് ചടങ്ങില്‍ സംസാരിച്ച ഡിജിപി പറഞ്ഞു. മയക്കുമരുന്ന് കടത്തും വിപണനവും ഉപയോഗവുമെല്ലാം അടങ്ങുന്ന പല ഘട്ടങ്ങളിലൂടെയാണ് ലഹരിവ്യാപനം. അത് തടയാന്‍ സമൂഹത്തിന് വലിയ ഇടപെടലുകള്‍ നടത്താന്‍ സാധിക്കും. ലഹരിക്കടത്തുകാരെയും കച്ചവടക്കാര്‍ക്കുമെതിരേ പോലീസ് നിയമനടപടികള്‍ സ്വീകരിക്കും. പക്ഷേ മയക്കുമരുന്നിന് അടിമകളായവര്‍ക്ക് കൗണ്‍സിലിങ് പോലുള്ളവ നല്കി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരേണ്ടതുണ്ട്. അത്തരം മാര്‍ഗങ്ങള്‍ കൂടി രാജഗിരി ആശുപത്രിയുമായി ചേര്‍ന്ന് ടോക് ടു മമ്മൂക്ക പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ചുവെന്നത് മാതൃകാപരമാണ്-ഡിജിപി പറഞ്ഞു.

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള സാമൂഹികസേവന പ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലാണ് 'ടോക് ടു മമ്മൂക്ക'യ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ലഹരിയുടെ പിടിയിലാവയര്‍ക്ക് കൗണ്‍സിലിങ് ആവശ്യമെങ്കില്‍ ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ച് അതിനുള്ള സൗകര്യം ഒരുക്കി നല്‍കും. രാജഗിരി ആശുപത്രിയുടെ ക്ലിനിക്കല്‍ സൈക്കോളജി വിഭാഗത്തിന്റെ മുഴുവന്‍ സമയ സേവനവും സൗജന്യമായി ലഭിക്കും. രാജഗിരി സൈക്യാട്രി വിഭാഗത്തിലെ ഡോ. വിനീത് മോഹന്‍, ഡോ.ഗാര്‍ഗി പുഷ്പലാല്‍, ഡോ.അര്‍ജുന്‍ ബലറാം, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരായ ദിവ്യ കെ തോമസ്, അമൃത മോഹന്‍ എന്നിവരാണ് സംഘത്തിലുളളത്.

ലഹരിമരുന്നുപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെ കൈമാറാനായി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'ടോക് ടു മമ്മൂക്ക' ആഭ്യന്തരവകുപ്പിന്റെ പിന്തുണകൂടിയായതോടെ കൂടുതല്‍ വിപുലമായ ലഹരിവിരുദ്ധപോരാട്ടമായി മാറി. ടോക് ടു മമ്മുക്കയിലേക്ക് ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കാന്‍ ആന്റി നാര്‍ക്കോടിക് കണ്‍ട്രോള്‍ റൂമിലും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ ഓഫീസിനുമാണ് ഡിജിപി മുഖേന സര്‍ക്കാര്‍ നിര്‍ദേശം നല്കിയിട്ടുള്ളത്. നിലവില്‍ സംസ്ഥാന കുടുംബശ്രീ മിഷന്റെ സഹകരണം പദ്ധതിക്കുണ്ട്. 'ടോക് ടു മമ്മൂക്ക'യുമായി സഹകരിക്കണമെന്ന് നേരത്തെതന്നെ എക്സൈസ്, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കിയിരുന്നു.

6238877369 എന്ന നമ്പരിലേക്ക് വിളിച്ച് ലഹരിമരുന്ന് ഉപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാം. കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഇത് പോലീസിനും എക്‌സൈസിനും കൈമാറും. പരാതികള്‍ അറിയിക്കാന്‍ മേല്‍പ്പറഞ്ഞ ഫോണ്‍ നമ്പരിലേക്ക് വിളിക്കുമ്പോള്‍ മമ്മൂട്ടി സ്വന്തം ശബ്ദത്തിലാണ് സ്വാഗതം ചെയ്യുന്നത്. മമ്മൂട്ടിയുടെ പ്രിയപ്പെട്ട നമ്പര്‍ ആയ 369-ല്‍ അവസാനിക്കുന്നതാണ് 'ടോക് ടു മമ്മൂക്ക' സംരംഭത്തിന്റെ നമ്പര്‍ എന്ന പ്രത്യേകതയുമുണ്ട്.

ചടങ്ങില്‍ കൊച്ചി സിറ്റിപോലീസ് മുന്‍ കമ്മീഷണര്‍ വിനോദ് തോമസ്, രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടറും, സിഇഒയുമായ ഫാ.ജോണ്‍സണ്‍ വാഴപ്പിള്ളി സിഎംഐ, കൊച്ചി സൗത്ത് എ.സി.പി പി.രാജ്കുമാര്‍, കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ ഫാ.തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഡയറക്ടര്‍ റോബര്‍ട്ട് കുര്യാക്കോസ്,രാജഗിരി ഹെല്‍ത്ത് കെയര്‍ പ്രമോഷന്‍സ് വൈസ് പ്രസിഡന്റ് ജോസ് പോള്‍ എന്നിവര്‍ സംസാരിച്ചു.


 

talk to mammootty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES