സൂപ്പര്‍ താരം അല്ലു അര്ജുന് തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തതായി വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് താരത്തിന്റെ തന്നെ മുന്‍ നായിക.
അല്ലു അഭിനയിച്ച വരുഡു എന്ന ചിത്രത്തിലെ നായിക ഭാനുശ്രീ മെഹ്റയാണ് അല്ലു തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ച് രംഗത്ത് എത്തിയത്. തന്റെ വാദം തെളിയിക്കാന്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഒരു സ്ക്രീന്‍ഷോട്ടും പങ്കിട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ച അല്ലു അര്ജുന് തന്നെ ബ്ലോക്ക് ചെയ്തുവെന്നാണ് 'ഞാന്‍ അല്ലു അര്‍ജുനൊപ്പം വരുഡുവില്‍ അഭിനയിച്ചു. എന്നിട്ടും എനിക്ക് പിന്നീടൊരു വര്‍ക്കും ലഭിച്ചില്ല. എന്നാല്‍ എന്റെ പ്രതിസന്ധികളില്‍ നിന്ന് രസം കണ്ടെത്താന്‍ ഞാന്‍ പഠിച്ചു. പ്രത്യേകിച്ചും ഇപ്പോള്‍, നോക്കൂ അല്ലു അര്ജുന് എന്നെ ട്വിറ്രറില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. '- എന്ന് നടി സ്ക്രീന്‍ഷോട്ടിനൊപ്പം കുറിച്ചു.
സംഭവം വാര്‍ത്തയായതിന് പിന്നാലെ അല്ലു അര്ജുന് തന്നെ അണ്‍ബ്ലോക്ക് ചെയ്തതായി ഭാനുശ്രീ മറ്റൊരു ട്വീറ്റ് ചെയ്തു. തന്റെ കരിയറിലുണ്ടായ തിരിച്ചടികള്‍ക്ക് അല്ലു അര്‍ജുനെ ഒരിക്കലും കുറ്റുപ്പെടുത്തിയിട്ടില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു.
കുറച്ചു കഴിഞ്ഞ് ഒരു വീഡിയോയും നടി പോസ്റ്റ് ചെയ്തു. വളരെ സംഭവ ബഹുലമായിരുന്നു ഇന്നത്തെ ദിവസം. ശുഭരാത്രി. എന്റെ ട്വീറ്റ് അല്ലു അര്ജുന് ആരാധകരെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. ഞാനും അല്ലു ആരാധികയാണ്. എന്റെ സ്വന്തം കരിയറിലെ പ്രശ്നങ്ങളെക്കുറിച്ച് ഞാന്‍ തമാശ പറയുകയായിരുന്നു. നമുക്ക് സ്നേഹവും ചിരിയും പ്രചരിപ്പിക്കാം, വിദ്വേഷമല്ല - വീഡിയോയില്‍ നടി പറയുന്നു.