ചക്കപ്പഴം എന്ന പരമ്പരയിലൂടെ ഏവർക്കും പ്രിയങ്കരിയായി മാറിയ താരമാണ് സബിറ്റ ജോർജ്ജ്. ലളിത എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ താരം അവതരിപ്പിക്കുന്നത്. താരം സോഷ്യൽ മീഡിയകളിലും എല്ലാം തന്നെ സജീവമാണ്. താരത്തിന് ഒരു മകൻ ആണ് ഉണ്ടായിരുന്നത്. എന്നാൽ മകനെ നഷ്ടപ്പെട്ടെങ്കിലും ഇന്നും അവന്റെ ഓര്‍മകള്‍ക്കൊപ്പമാണ് സബീറ്റയുടെ ജീവിതം. നിലവിൽ മകന്റെ ചിതാഭസ്മം നിധിപോലെ സൂക്ഷിച്ചു വച്ചിരിക്കുകയാണ് സബിറ്റ. എന്നാൽ ഇപ്പോൾ താരം ഭിന്നശേഷിക്കാരായ കുട്ടികളെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ മുന്‍ജന്മ പാപമാണെന്നോ ശാപമാണെന്നോ കരുതുന്ന ചിന്താഗതി മാറ്റണം. അമ്മമാര്‍ക്ക് ആദ്യം പിന്തുണ ലഭിക്കേണ്ടത് സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെയാണ്. ഭിന്നശേഷിക്കാരനായ കുഞ്ഞ് ആരോഗ്യവാനായ ഒരു കുഞ്ഞിനെപ്പോലെ തന്നെയാണെന്ന് ചിന്തിക്കാനുളള മനസ്ഥിതി ആര്‍ക്കുമില്ല. കുഞ്ഞുങ്ങള്‍ ശാപമാണ് അല്ലെങ്കില്‍ മുന്‍ജന്മത്തില്‍ ചെയ്ത പാപങ്ങളുടെ ഫലമാണ് എന്നൊക്കെ ചിന്തിക്കുന്നവരില്‍ വിദ്യാസമ്പന്നരുമുണ്ട്.
ഭിന്നശേഷിക്കാരനായ ഒരു കുട്ടിയുമായുള്ള രക്ഷിതാക്കളുടെ ജീവിതം ഒട്ടും എളുപ്പമല്ല. ഈ കുഞ്ഞുങ്ങളെ ഒരിക്കലും ഒരു ശാപമായി കാണരുത്. നമ്മുടെ മനോഭാവത്തില്‍ ചിന്താഗതിയില്‍ തന്നെ മാറ്റമുണ്ടായാല്‍ ഭിന്നശേഷിക്കാരായ കുട്ടികളെ നോക്കുന്ന അമ്മമാരോട് നമുക്ക് ബഹുമാനവും കരുതലും എല്ലാം സ്വാഭാവികമായും തോന്നും. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ ശരിയായ രീതിയില്‍ ആശയവിനിമയം ചെയ്യാത്തതുകൊണ്ട് കുഞ്ഞിന്റെ ചെറുചലനം പോലും കൂട്ടിയും കിഴിച്ചും ഊഹിച്ചുമെല്ലാമാണ് അമ്മമാര്‍ കാര്യങ്ങള്‍ മനസിലാക്കുന്നത്.
കുഞ്ഞ് നെറ്റിചുളിക്കുന്നുണ്ടല്ലോ അവന് പല്ലുവേദനയായിരിക്കുമോ വയറുവേദനയായിരിക്കുമോ അതോ തലവേദനയായിരിക്കുമോ അങ്ങനെയെല്ലാം ചിന്തിക്കാന്‍ ഒരമ്മയ്ക്ക് മാത്രമെ സാധിക്കൂ. അങ്ങനെ ഉളള ഒരു പിടിത്തമുളളതുകൊണ്ട് അമ്മമാര്‍ സ്വന്തം സാമൂഹിക ജീവിതം സ്വയം ഉപേക്ഷിക്കും. അത് ചെയ്യരുത്. പല അമ്മമാരും സാഹചര്യമുണ്ടായാല്‍ പോലും പുറത്തിറങ്ങാന്‍ തയ്യാറാകാത്തവരാണ്. ഇട്ടിട്ടുപോയാല്‍ അത്രയും സമയം കുഞ്ഞ് എങ്ങനെ അതിജീവിക്കും എന്നായിരിക്കും അവരുടെ ആശങ്ക.
മറ്റ് കുടുംബാംഗങ്ങള്‍ കൂടി ശ്രമിച്ചാല്‍ മാത്രമെ ആ അമ്മയ്ക്ക് സാമൂഹിക ജീവിതത്തിന്റെ ഭാഗമാകാന്‍ സാധിക്കൂ. കുഞ്ഞിനെന്ന പോലെ കുഞ്ഞിനെ നോക്കുന്ന അമ്മയ്ക്കും കരുതല്‍ ആവശ്യമാണ്. ഭര്‍ത്താവ് മുന്‍കൈയെടുത്ത് അത് ചെയ്ത് കൊടുക്കണം. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് ലഭിക്കുന്ന സഹായം വളരെ കുറവാണ്. ഇവര്‍ക്കായി ഒരു സ്പെഷ്യലൈസ്ഡ് വാഹനം പോലും ഇല്ല. അമ്മമാര്‍ മാത്രമുള്ള ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ വളരെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്.
മുഴുവന്‍ സമൂഹത്തിന്റെ തന്നെ ചിന്താഗതിയില്‍ മാറ്റം വരേണ്ടതുണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കാണ് പ്രഥമ പരിഗണന. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് ഒരുമിച്ച് കൂടാനും പ്രശ്നങ്ങള്‍ ഷെയര്‍ ചെയ്യാനും കൗണ്‍സിലര്‍മാരുടെ സേവനം അമേരിക്കയില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ലഭിക്കും. കുഞ്ഞിനെ നോക്കി നോക്കി മാനസികമായി തളര്‍ച്ച നേരിടുന്ന സമയങ്ങളില്‍ അതേത് പാതിരാത്രിയാണെങ്കിലും അവരെ വിളിച്ച് സംസാരിക്കാം. അത്തരം സൗകര്യങ്ങള്‍ നമ്മുടെ രാജ്യത്തും ആവശ്യമാണ്.