കേരള ഗവര്‍ണറില്‍ നിന്നും ശ്രീചിത്തിര തിരുനാള്‍ ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്ക് വച്ച് നടന്‍ ജയറാം. ശ്രീചിത്തിര തിരുനാള്‍ ട്രസ്റ്റിന്റെ ശ്രീചിത്തിര തിരുനാള്‍ ദേശീയ പുരസ്‌കാരം ആണ് നടന്‍ അര്‍ഹനായത്.അവാര്‍ഡ് നല്‍കി ആദരിക്കപ്പെട്ടതില്‍ തന്റെ ഹൃദയംഗമമായ നന്ദിയും ആഴമായ ബഹുമാനവും താന്‍ പ്രകടിപ്പിക്കുന്നുവെന്ന് ജയറാം സമൂഹമാധ്യമത്തില്‍ കുറിച്ചു.
വളരെ വിനയത്തോടും അഭിമാനത്തോടും കൂടി താന്‍ ഈ അംഗീകാരം സ്വീകരിക്കുന്നുവെന്നും തന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായി ഇത് നിലകൊള്ളുന്നു എന്നും താരം കുറിച്ചു. പുതുക്കിയ സമര്‍പ്പണത്തോടെയും ശക്തമായ ഉത്തരവാദിത്തബോധത്തോടെയും തന്റെ ശ്രമങ്ങള്‍ തുടരാന്‍ തന്നെ ഈ അം?ഗീകാരം പ്രചോദിപ്പിക്കുന്നുവെന്നും ജയറാം പറഞ്ഞു
ഈ പ്രത്യേക നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ തന്റെ ഭാര്യ എന്നോടൊപ്പം ഉണ്ടെന്നതില്‍ സന്തോഷവാനും അനുഗ്രഹീതനുമാണ്. ഇത് ഈ സന്ദര്‍ഭത്തെ കൂടുതല്‍ അവിസ്മരണീയവും അര്‍ത്ഥവത്തായതുമാക്കുന്നു. ഈ യാത്രയിലുടനീളം എന്നെ പിന്തുണച്ചതും നയിച്ചതുമായ എന്റെ എല്ലാ ഉപദേഷ്ടാക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, സുഹൃത്തുക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ഞാന്‍ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു.
തുടര്‍ച്ചയായ പ്രതിബദ്ധതയുള്ള സേവനത്തിനായി പ്രാര്‍ത്ഥനകളോടെ, ബഹുമാനപൂര്‍വ്വം, ജയറാം എന്നാണ് താരം സമൂഹമാധ്യമത്തില്‍ കുറിച്ചത്. താരത്തിന്റെ പുത്തന്‍ നേട്ടത്തില്‍ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.