Latest News

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനായി ഹാജറായി; ശ്രീനാഥ് ഭാസിയെയും കൊച്ചിയിലെ മോഡല്‍ സൗമ്യയെയും ചോദ്യം ചെയ്യും;  ചോദ്യം ചെയ്യല്‍ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍

Malayalilife
 ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനായി ഹാജറായി; ശ്രീനാഥ് ഭാസിയെയും കൊച്ചിയിലെ മോഡല്‍ സൗമ്യയെയും ചോദ്യം ചെയ്യും;  ചോദ്യം ചെയ്യല്‍ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനായി ഹാജറായി. ആലപ്പുഴ എക്സൈസ് ഓഫീസിലാണ് ഷൈന്‍ എത്തിയത്. ഷൈനില്‍ നിന്നും വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയാനാണ് എക്സൈസ് ഒരുങ്ങുന്നത്. ശ്രീനാഥ് ഭാസിയെയും കൊച്ചിയിലെ മോഡലിനെയും ഇന്ന് ചോദ്യം ചെയ്യും. ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ എക്‌സൈസ് വിളിപ്പിച്ചത്. ഇതേ കേസില്‍ കൊച്ചിയിലെ മോഡല്‍ ആയ സൗമ്യയെയയാണ് ഇന്ന് ചോദ്യം ചെയ്യുക. 

ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴി. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്‌സൈസ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. ഷൈന്‍ ടോം രാവിലെ 7.45 ഓടെ സ്ഥലത്തെത്തി. നിലവില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍. നടന്‍മാര്‍ ഉള്‍പ്പടെ ഉള്ളവരെ കേസില്‍ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തില്‍ ഇതിനു ശേഷമാകും തീരുമാനമെടുക്കുക. 

തസ്ലിമയുടെ ഫോണില്‍ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇരു താരങ്ങളുമായുള്ള സൂചനകള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്‌സ്ആപ്പ് ചാറ്റുകളും കോളുകളും സംബന്ധിച്ച് വ്യക്തത വരുത്താനാണ് നടന്മാരെ ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയതിന് പിന്നാലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍ ആയപ്പോള്‍ മാത്രവുമല്ല തസ്ലിമ അറിയാമെന്ന് ഷൈന്‍ പൊലീസിനോട് പറഞ്ഞിരുന്നു. മോഡല്‍ ആയ സൗമ്യയുമായി തസ്ലീമയ്ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ട്. ഇത് ലഹരി ഇടപാടുമായിബന്ധപ്പെട്ട് ആണോ എന്നാണ് പരിശോധിക്കുന്നത്. 

നടന്‍മാരും മോഡലും തമ്മിലും, മോഡലും ഹൈബ്രിഡ് കഞ്ചാവ് കടത്തു കേസിലെ ഒന്നാം പ്രതി തസ്ലിമ സുല്‍ത്താനയുമായും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നു സ്ഥിരീകരിച്ചിരുന്നു. ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കഞ്ചാവ് കടത്തുമായി നടന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെങ്കില്‍ തെളിവുകള്‍ ശേഖരിച്ച് പ്രതി ചേര്‍ക്കും. ചോദ്യം ചെയ്യലില്‍ നിന്നു വേണ്ടത്ര തെളിവു ലഭിച്ചാല്‍ അറസ്റ്റിലേക്ക് കടക്കാനുള്ള സാധ്യതയുമുണ്ട്. 

അതേസമയം രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ പ്രതികളെക്കുറിച്ച് കേന്ദ്ര ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്. രാജ്യാന്തര തലത്തില്‍ സ്വര്‍ണം, ലഹരി കടത്ത് നടത്തിയതായി വ്യക്തമായതോടെയാണ് കേസിലെ ഒന്നാം പ്രതി കണ്ണൂര്‍ സ്വദേശി തസ്ലിമ സുല്‍ത്താന (ക്രിസ്റ്റീന43), മൂന്നാം പ്രതിയും ഇവരുടെ ഭര്‍ത്താവുമായ ചെന്നൈ എണ്ണൂര്‍ സത്യവാണി മുത്തുനഗര്‍ സ്വദേശി സുല്‍ത്താന്‍ അക്ബര്‍ അലി (43) എന്നിവരെക്കുറിച്ചാണ് കേന്ദ്ര ഏജന്‍സികള്‍ എക്സൈസില്‍ നിന്നു വിവരം ശേഖരിച്ചത്. പ്രതികള്‍ മലേഷ്യയില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

സ്വര്‍ണക്കടത്ത് കേസില്‍ 2017ല്‍ ഡല്‍ഹിയില്‍ അറസ്റ്റിലായ തസ്ലിമ തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്. പിന്നീട് പലതവണ സ്വര്‍ണം കടത്തിയതായി എക്സൈസ് കണ്ടെത്തി. സ്വര്‍ണക്കടത്തില്‍ എക്സൈസിനു നടപടി എടുക്കാനാകില്ല. അതേസമയം, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കൂടുതല്‍ വിവരം ലഭിച്ചാല്‍ അവര്‍ക്കു കേസെടുക്കാം. പ്രതികളുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞതോടെ, ഇവരുമായി ഇടപാടുകള്‍ നടത്തിയവരുടെ മൊഴി എടുക്കുകയാണ് അന്വേഷണ സംഘം. സിനിമാ മേഖലയിലെ ചിലരെ ഉള്‍പ്പെടെ ഇന്നലെ എറണാകുളത്ത് കണ്ട് മൊഴിയെടുത്തിരുന്നു. 

ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ എസ് അശോക് കുമാര്‍ പറഞ്ഞു. മോഡലും തസ്ലിമയും ഒന്നിച്ചു താമസിച്ചിരുന്നതായി സൂചനയുണ്ട്. നടന്‍മാരില്‍ നിന്നു മോഡലിന്റെ അക്കൗണ്ടിലേക്കും അവിടെ നിന്നു തസ്ലിമയുടെ അക്കൗണ്ടിലേക്കുമായി പണം കൈമാറിയിട്ടുള്ളത് ലഹരി ഇടപാടിലാണെന്നാണ് നിഗമനം.

shine tom appears excise office

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES