പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നുവെന്നാണ് വിവരം. സംസ്‌കാരം ഞായറാഴ്ച ചെന്നൈയില്‍ നടന്നു. മകന്‍ വിവേകിനൊപ്പം ചെന്നൈയിലായിരുന്നു മീര.
മീരയുടെ വിയോഗത്തില്‍ ഫെഫ്ക അനുശോചനം അറിയിച്ചിട്ടുണ്ട്. 61-ാം വയസില്‍ 2010ലാണ് വേണു നാഗവള്ളി അന്തരിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. 2010ല്‍ ഇറങ്ങിയ കോളേജ് ഡെയ്സാണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം.
1978ലാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം റിലീസായത്. തുടര്‍ന്ന് ശാലിനി എന്റെ കൂട്ടുകാരി, അണിയാത്ത വളകള്‍, ഇഷ്ടമാണ് പക്ഷേ, കലിക, അകലങ്ങളില്‍ അഭയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
സുഖമോ ദേവി ആയിരുന്നുഅദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. സര്‍വകലാശാല, ലാല്‍ സലാം, രക്ത സാക്ഷികള്‍ സിന്ദാബാദ്, അഗ്‌നിദേവന്‍, ആയിരപ്പറ, അയിത്തം, ഏയ് ഓട്ടോ തുടങ്ങി പന്ത്രണ്ട് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.
2009ല്‍ പുറത്തിറങ്ങിയ ഭാര്യ സ്വന്തം സുഹൃത്ത് ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. വേണു നാഗവല്ലിയുടെ തിരക്കഥയില്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് കോമഡി എന്റര്‍ടെയ്നറാണ് കിലുക്കം. കിലുക്കമടക്കം നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തായി. നിരവധി സീരിയലുകളുടെയും ഭാഗമായി.