അഭിനയത്തികവ് കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് രജീഷ വിജയൻ. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ താരം അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റാക്കിയ നായികയാണ്. രജിഷയുടെ ഏറ്റവും പുതിയ സിനിമ ഫ്രീഡം ഫൈറ്റ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ്വിലൂടെയാണ് ആന്തോളജി രീതിയിൽ ഒരുക്കിയിരിക്കുന്ന സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. എന്നാൽ ഇപ്പോൾ ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് രജിഷ വിജയൻ.
അഞ്ച് സംവിധായകരുടെ അഞ്ച് ചെറു കഥകൾ ചേർന്നതാണ് ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി. ജിയോ ബേബി, കുഞ്ഞില മാസിലാമണി, അഖിൽ അനിൽകുമാർ, ജിതിൻ ഐസക് തോമസ്, ഫ്രാൻസിസ് ലൂയിസ് എന്നിവരാണ് സംവിധായകർ. ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റി, സജിൻ എസ് രാജ്, വിഷ്ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രോഹിണി, ജോജു ജോർജ്, ശ്രിന്ദ, സിദ്ധാർഥ ശിവ, കബനി എന്നിവരാണ് ചിത്രത്തിൽ രജിഷയ്ക്ക് പുറമെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫ്രീഡം ഫൈറ്റ് എന്ന ഈ സീരീസിലെ ആദ്യ ചിത്രമായ ഗീതു അൺചെയിൻഡിൽ ആണ് രജിഷ അഭിനയിച്ചിരിക്കുന്നത്.
ആരായിരിക്കണം തന്റെ ജീവിതപങ്കാളിയെന്ന് തെരഞ്ഞെടുക്കാനുളള അടിസ്ഥാനപരമായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന പെൺകുട്ടികളുടെ പ്രതിനിധിയാണ് രജിഷ അവതരിപ്പിക്കുന്ന ഗീതു. 'ജിയോ ചേട്ടനാണ് എന്നെ വിളിച്ചത്. ഖോ ഖോ എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു. അഖിലാണ് സംവിധാനം ചെയ്യുന്നത് എന്ന് പറഞ്ഞു. പിന്നെ ഞാൻ കഥ മുഴുവൻ കേൾക്കുകയും ഭയങ്കര ഇഷ്ടമാവുകയും ചെയ്തു. അങ്ങനെയാണ് ഈ സിനിമ ചെയ്യുന്നത്. ഗീതുവിന്റെ കഥ എന്ന് പറയുന്നത് നമുക്കെല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്നതാണ്. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്ന് പറയുന്നത് സമൂഹത്തിൽ ഇപ്പോഴുമുള്ള ഒന്നാണല്ലോ. അഖിൽ കഥ പറയുമ്പോൾ നമുക്ക് മനസിൽ അത് കാണാൻ പറ്റും. പല വിഷയങ്ങൾ സിനിമയിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു വിഷയം അധികമാരും ചർച്ച ചെയ്ത് കണ്ടിട്ടില്ല. കല്യാണത്തേക്കുറിച്ചുള്ള ഈ ചോദ്യങ്ങൾ കണ്ടുവളരുന്നതാണ്. കല്യാണപ്രായം ആവുന്നതിന് മുന്നേ കല്യാണത്തേക്കുറിച്ച് ചർച്ച ചെയ്യുന്ന സമൂഹമാണ്. എന്റെയടുത്ത് പക്ഷേ ഈ ചോദ്യം അങ്ങനെയാരും ചോദിക്കാറില്ല. ഞാൻ അങ്ങനെയൊരു ഇടം കൊടുക്കാത്തതുകൊണ്ടായിരിക്കാം. പക്ഷേ പരിചയമുള്ള ചേച്ചിമാരോടൊക്കെ ഇങ്ങനെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്.'
'ഒരു മനുഷ്യന്റെ ചോയിസാണ് എപ്പോൾ, ആരെ, എങ്ങനെ വിവാഹം ചെയ്യണമെന്നത്. ആ തെരഞ്ഞെടുപ്പിനുള്ള പ്രാഥമികമായ സ്വാതന്ത്ര്യമെങ്കിലും എല്ലാവർക്കും കൊടുക്കണം. പേടിയുള്ള നിരവധി കാര്യങ്ങളുണ്ട്. ട്രെക്കിങ് എന്നൊക്കെ പറഞ്ഞ് പോവും. പക്ഷേ ഉയരം ഭയങ്കര പേടിയാണ്. പേടിയെ മറികടക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ മുഴുവനായിട്ടില്ല എന്നതാണ് സത്യം. ട്രെക്കിങ്ങിന് പോയിട്ടും ആ പേടി കാര്യമായി അങ്ങോട്ട് മാറുന്നില്ല. ജീവിതത്തിലെ ഏറ്റവും വലിയ പേടി ലിഫ്റ്റിൽ കുടുങ്ങിപ്പോവുക എന്നുള്ളതാണ്. നാലഞ്ച് തവണ അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. എപ്പോൾ ലിഫ്റ്റിൽ കയറിയാലും ഭയങ്കര പേടിയാണ്. കയറുന്നത് മുതൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കും കുടുങ്ങല്ലേ എന്ന്. അതുകൊണ്ട് ഒറ്റയ്ക്ക് ലിഫ്റ്റിൽ കയറാറില്ല. രാഹുൽ.ആർ.നായരുടെ കീടം എന്നൊരു സിനിമയാണ് ഇനി റിലീസിനെത്താനുള്ളത്. കുഞ്ചാക്കോ ബോബൻ നായകനായി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും റിലീസിന് തയ്യാറെടുക്കുകയാണ്. തമിഴിൽ കാർത്തി നായകനായ സർദാർ ചെയ്യുന്നുണ്ട്. തെലുങ്കിൽ രവി തേജയുടെ രാമറാവു ഓൺ ഡ്യൂട്ടിയിലും അഭിനയിക്കുന്നുണ്ട്' രജിഷ പറയുന്നു.