അഭിനേത്രി, നിർമാതാവ്, തിയേറ്റർ ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ ഏവർക്കും സുപരിചിതയായ താരമാണ് നിതു ചന്ദ്ര. നിതു ഇതിനോടകം തന്നെ തെന്നിന്ത്യയും ബോളിവുഡും കടന്ന് അങ്ങ് ഹോളിവുഡ് സിനിമകളിൽ വരെ അഭിനയിച്ച് കഴിഞ്ഞു. നിതുവിന് മിഥില മഖാൻ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സിനിമയിലെ തുടക്കകാലത്ത് നേരിട്ട അനുഭവങ്ങളും ഐറ്റം ഡാൻസ് ചെയ്യാൻ തുടങ്ങിയതിന് പിന്നലെ കാരണവും ഹോളിവുഡ് സിനിമാ അഭിനയത്തിലെ അനുഭവങ്ങളെ കുറിച്ചുമെല്ലാം നിതു പറഞ്ഞ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ജയയെന്ന കഥാപാത്രത്തെയാണ് നിതു അവതരിപ്പിച്ചത്. 'കുട്ടിക്കാലം മുതൽ ഞാൻ ആയോധനകല ചെയ്യുന്നതിനാലാണ് എന്റെ ശരീരഭാഷ, ഞാൻ ഇരിക്കുന്ന രീതി, സംസാരിക്കുന്ന രീതി, എനിക്കുള്ള ആത്മവിശ്വാസം എന്നിവയെല്ലാം കൃത്യവും വ്യക്തതയുള്ളതുമായി മാറിയത്. എല്ലാം എന്റെ ആയോധനകലയുടെ പശ്ചാത്തലത്തിൽ നിന്നാണ് എനിക്ക് ലഭിച്ചത്. ഞാൻ ഒരിടത്ത് അനങ്ങാതെ നിൽക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. വീട്ടുകാർ അതേകുറിച്ച് എപ്പോഴും പറയുമായിരുന്നു. നാടകത്തിൽ അഭിനയിക്കാൻ തുടങ്ങിയതും എനിക്ക് ഒരുപാട് ഗുണങ്ങൾ ചെയ്തിട്ടുണ്ട്. 17 വയസുള്ള പെൺകുട്ടി മുതൽ 85 വയസ് പ്രായമുള്ള വയോധിക വരെയായി ഞാൻ അഭിനയിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിൽ ഞാൻ വളരെ സന്തോഷവതിയാണ്.'
'എല്ലാ മാതാപിതാക്കളോടും അവരുടെ കുട്ടികളെ ആയോധനകലയിൽ പരിശീലിപ്പിക്കാൻ ഞാൻ എപ്പോഴും അഭ്യർത്ഥിക്കാറുണ്ട്. കാരണം ആയോധന കല ശാരീരികമായി മാത്രമല്ല മാനസീകമായും കുട്ടികൾക്ക് കരുത്ത് പകരും. ലോകത്തിന് മുന്നിൽ തങ്ങളെത്തന്നെ അവതരിപ്പിക്കാൻ അവർ വളരെ ശക്തരായിരിക്കും. അതാണ് എന്റെ അമ്മ എനിക്ക് ചെയ്ത് തന്നതും. ഞാൻ ഒരു സ്‌പോർട്‌സ് പശ്ചാത്തലത്തിൽ നിന്ന് വന്നതിനാൽ ഈ ലോകത്ത് ഒന്നും അസാധ്യമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ബോളിവുഡ് സിനിമകൾ ചെയ്ത ശേഷമാണ് തെന്നിന്ത്യൻ സിനിമകളിൽ അവസരം ലഭിക്കുന്നത്. സൂര്യയ്ക്കൊപ്പം സിങ്കം 3യിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ വിശാൽ, ജയംരവി തുടങ്ങിയവർക്കൊപ്പവും അഭിനയിക്കാൻ സാധിച്ചു. എന്റെ ഇത്രയും കാലത്തെ യാത്ര വളരെ അവിശ്വസനീയമായിരുന്നു. ഓരോന്നും എന്നെ ഓരോ പാഠങ്ങൾ പഠിപ്പിച്ചു. അതിനുശേഷമാണ് ഇന്ന് നിൽക്കുന്നിടത്ത് ഞാൻ എത്തിയത്.'
'വളരെ സത്യസന്ധമായി പറഞ്ഞാൽ സാമ്പത്തികമായി അതിജീവിക്കാൻ എന്ന സഹായിച്ചത് ഐറ്റം ഗാനങ്ങളായിരുന്നു. അക്കാലത്ത് എനിക്ക് പണം ആവശ്യമായിരുന്നു. ഇത് റോക്കറ്റ് സയൻസ് അല്ലല്ലോ... എല്ലാവർക്കും നിലനിൽപ്പിന് സാമ്പത്തിക പശ്ചാത്തലം വേണം. പത്താം ക്ലാസിന് ശേഷം ഞാൻ എന്റെ മാതാപിതാക്കളിൽ നിന്ന് ഒരു പൈസ പോലും വാങ്ങിയിട്ടില്ല. അതിനാൽ നിലനിൽപ്പ് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പക്ഷേ അവിടേയും എന്നെ പിന്തുണച്ചവരും എന്നോടൊപ്പം നിൽക്കുന്നവരുമുണ്ടായി. ഒരിടക്ക് സിനിമകൾ ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു. ഉദ്ഘാടനങ്ങൾ പോലും കിട്ടുന്നുണ്ടായിരുന്നില്ല. എനിക്ക് മാർക്കറ്റ് കുറവാണെന്ന് ഞാൻ മനസിലാക്കി. അങ്ങനെ ഞാൻ ഐറ്റം സോങ്സ് ചെയ്യാൻ തുടങ്ങി....' നിതു ചന്ദ്ര പറയുന്നു.