ആരുമറിയാതെ കഴിഞ്ഞു പോയ പിറന്നാള്‍ ഞാന്‍ അറിയുന്നത് അപ്പോള്‍ മാത്രമാണ്; ജീവിതം കൊണ്ടും എന്നെ വിസ്മയിപ്പിച്ച മഹാനടിയാണ് ലളിതാമ്മയെ കുറിച്ച് ലക്ഷ്മിപ്രിയ

Malayalilife
 ആരുമറിയാതെ കഴിഞ്ഞു പോയ പിറന്നാള്‍ ഞാന്‍ അറിയുന്നത് അപ്പോള്‍ മാത്രമാണ്;  ജീവിതം കൊണ്ടും എന്നെ വിസ്മയിപ്പിച്ച മഹാനടിയാണ്  ലളിതാമ്മയെ കുറിച്ച് ലക്ഷ്മിപ്രിയ

ലയാളത്തിന്റെ മഹാനടി കെപിഎസി ലളിതയുടെ ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു.  നടി ഏവരെയും  വിട്ടു പിരിയുന്നത് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു.  ആ അതുല്യ പ്രതിഭയെ കുറിച്ച് മരണത്തിന് പിന്നാലെ എത്തിയ കെപിഎസി ലളിതയുടെ ജന്മദിനത്തില്‍  നടി ലക്ഷ്മിപ്രിയ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റേയും ലളിതാമ്മയുടെയും ജന്മദിനങ്ങള്‍ അടുത്തടുത്ത ദിവസം ആണെന്ന് ലക്ഷ്മിപ്രിയ കുറിപ്പില്‍ പറയുന്നു. 

ലക്ഷ്മിപ്രിയയുടെ വാക്കുകള്‍ ഇങ്ങനെ, 

ഇന്ന് ലളിതാമ്മയുടെ,കെ പി എ സി ലളിതയുടെ പിറന്നാള്‍ ആണ്.ഞങ്ങളുടെ പിറന്നാളുകള്‍ തമ്മില്‍ ഒരു ദിവസത്തെ അകലമേ ഉളളൂ. മാര്‍ച്ച് 11 ന് സത്യന്‍ അങ്കിളിന്റെ സിനിമയുടെ സെറ്റില്‍ എന്റെ രണ്ട് പിറന്നാളുകള്‍ക്ക് കേക്ക് കട്ട് ചെയ്തിട്ടുണ്ട്. കഥ തുടരുന്നു എന്ന സിനിമ കോഴിക്കോട് നടക്കുമ്‌ബോള്‍ വെളുപ്പിന് ലളിതാമ്മ എന്റെ വാതിലില്‍ മുട്ടുന്നു. ഹാപ്പി ബര്‍ത്ത് ഡേ ഡാ. ഇത് ഒരു മുണ്ടും നേര്യതുമാണ് , ഞാന്‍ ഒറ്റത്തവണ ഉടുത്തത്.അതെങ്ങനാ ഇന്നലെ രാത്രീലല്യോ നീ പറഞ്ഞത് നിന്റെ പൊറന്നാള്‍ ആണെന്ന്. ഞാമ്ബിന്നെ എന്തോ ചെയ്യും? പിറന്നാള്‍ നേരത്തേ അറിയിക്കാഞ്ഞതിനാലും സമ്മാനം പുതിയതല്ലാത്തതിനാലുമുള്ള പരിഭവം.

ഓറഞ്ചു കരയും കസവുമുള്ള മുണ്ടും നേര്യതും കയ്യില്‍ വാങ്ങി കാല്‍തൊട്ട് നമസ്‌ക്കരിച്ചു ഞാന്‍. നെറുകയില്‍ ചുംബിച്ച് എണീപ്പിച്ചനുഗ്രഹിച്ചു. നീ വേഗം കുളിച്ച് ഇതുടുത്തു വാ നമുക്ക് തളീലമ്പലത്തില്‍ പോകാം. അനുസരിച്ചു മാത്രേ ശീലമുള്ളു. പോയി. ആ വയ്യാത്ത കാലും വച്ച് എന്റെ പേരില്‍ വഴിപാട് കഴിച്ച് പ്രദക്ഷിണം വച്ചിറങ്ങുമ്‌ബോഴാണ് പറയുന്നത് നീ മാര്‍ച്ചു 11. ഞാന്‍ 10. ഇന്നലെ ആയിരുന്നു എന്റെ അപ്പൊ മാത്രമാണ് ഞാന്‍ ആരുമറിയാതെ കഴിഞ്ഞു പോയ പിറന്നാള്‍ അറിയുന്നത്. ഒരു അര്‍ച്ചന പോലും നടത്തിയില്ല. വൈകിട്ട് കേക്ക് രണ്ടാളും ചേര്‍ന്നു മുറിച്ചു..

പേരോര്‍മ്മ ഇല്ലാത്ത ഒരു സീരിയലിന്റെ സെറ്റില്‍ മറ്റൊരു കസേരയില്‍ കാല്‍ നീട്ടിയിരുന്നു സാറാ ജോസഫിന്റെ പുസ്തകം വായിക്കുന്നതാണ് എന്റെ ആദ്യ ലളിതാമ്മ കാഴ്ച. ജീവിച്ച് മതിയാവാത്ത തറവാട്ടിലേക്ക് തിരിച്ചു വരുന്നതുപോലെയാണ് സത്യന്‍ അങ്കിളിന്റെ സെറ്റ്. ആ ഇട നെഞ്ചിലേക്ക് എന്നെ ചേര്‍ത്തു മുറുക്കിയ മാതൃഭാവം!അവിടെ തുടങ്ങി, പിന്നെ എത്ര എത്ര ഓര്‍മ്മകള്‍?

ലളിതാമ്മ കാരണം ആണ് ഞാന്‍ തിരുവനന്തപുരത്ത് നിന്നും തൃശൂര്‍ക്ക് ഷിഫ്റ്റ് ചെയ്യുന്നത്. തിരുവമ്പാടി അമ്പലത്തിനു മുന്നിലെ അപ്പാര്‍ട്‌മെന്റ്‌നു അഡ്വാന്‍സ് കൊടുത്തത് ആ കൈകള്‍ക്കൊണ്ടാണ്. ആ അനുഗ്രഹം ആവണം നാല് മാസം കൊണ്ട് പുത്തന്‍ വീട്ടിലേക്ക് ഞങ്ങള്‍ മാറി. പൂജ മുറിയില്‍ ഭഗവതി ഇരിക്കുന്ന മന്ദിരം അമ്മയുടെ സമ്മാനം. അവിടുത്തെ പൂജാമുറിയില്‍ വയ്ക്കാന്‍ ഞാന്‍ അനന്ത പദ്മനാഭനെക്കൊണ്ട് കൊടുത്തു.

ഒരുമിച്ച് സിനിമയ്ക്ക് പോകുന്നത്, ഷോപ്പിംഗിന് പോകുന്നത് അമ്മയ്ക്ക് ഹോസ്പിറ്റലില്‍ കൂട്ട് പോകുന്നത്, വടക്കാഞ്ചേരി വീട്ടില്‍ ഇരുന്ന് തേങ്ങ അരച്ച അയലയും മാങ്ങയും വിളമ്ബുന്നത് എന്റെ മൂക്ക് കുത്തിച്ചത് അങ്ങനെ എത്ര എത്ര ഓര്‍മ്മകള്‍. കുറച്ചു നാള്‍ മുന്‍പ് അകാരണമായി ദിവസങ്ങളോളം എന്നെ ചീത്ത പറഞ്ഞതിന്റെ പേരില്‍ ഞങ്ങള്‍ പിണങ്ങി. മോളി ആന്റി റോക്ക്സ് ഒക്കെ അഭിനയിക്കുമ്‌ബോ ഞങ്ങള്‍ തമ്മില്‍ മിണ്ടുകയില്ല. ഷോട്ട് ആവുമ്പോ മുഖത്ത് നോക്കി ചിരിച്ചഭിനയിക്കും. ഷോട്ട് കഴിഞ്ഞാല്‍ മുഖം വീര്‍പ്പിക്കും. പിന്നെ പിണക്കം മറന്നു ചിരിച്ചു.

കെ പി എ സി ലളിത എന്ന വ്യക്തി അവരുടെ ജീവിതം കൊണ്ടും എന്നെ വിസ്മയിപ്പിച്ച മഹാനടിയാണ്. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ഭര്‍ത്താവ് വരുത്തി വച്ച 85 ലക്ഷം രൂപയുടെ കട ബാധ്യതയും പേറി ഇരുട്ടിലേക്ക് നോക്കി നിന്ന ഇടത്തില്‍ നിന്നും തിരിച്ചു നടന്ന് ഇതുവരെ എത്തി അടയാളം പതിപ്പിച്ചരങ്ങൊഴിഞ്ഞതില്‍! ഒരു മനുഷ്യായുസ്സിന് താങ്ങാവുന്നതിലധികം ഭാരം വീട്ടി തൊടിയില്‍ അങ്ങേ അറ്റത്ത് മതിലിനോട് ചേര്‍ന്ന് ഇത്തിരി മണ്ണിലെ ചിതയില്‍ എരിഞ്ഞടങ്ങിയതില്‍. പിറന്നാള്‍ ആശംസകള്‍ ലളിതാമ്മേ.

Actress lekshmi priya words about kpac lalitha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES