സൈസ് സീറോ ആയി ശരീരഭാരം നിലനിര്‍ത്തുന്ന ബോളിവുഡ് സുന്ദരിമാര്‍ക്കിടയില്‍ വ്യത്യസ്തയാണ് മലയാളി കൂടിയായ ബോളവുഡ് താരസുന്ദരി വിദ്യാബാലന്‍. അതുകൊണ്ട് തന്നെ വിദ്യ അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ എന്നും വ്യത്യസ്തമായിരുന്നു. മറ്റു നടിമാര്‍ ചെയ്യാന്‍ വിസമ്മതിക്കുന്ന കഥാപാത്രങ്ങള്‍ വിദ്യ ഏറ്റെടുത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഇത് വിദ്യയ്ക്ക് ഒരുപാട് പ്രേഷക പിന്തുണ നേടിക്കൊടുത്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ മോഹൻലാലിനൊപ്പം ചക്രത്തിന്റെ സെറ്റിൽ സമയം ചെലവഴിച്ചപ്പോഴുള്ള അനുഭവം പങ്കുവയ്ക്കുകയാണ് വിദ്യ ബാലൻ. തന്റെ തുടക്കകാലത്ത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പഠിച്ചത് മോഹൻലാലിൽ നിന്നായിരുന്നു എന്ന് വിദ്യ പറയുന്നു.
ഏകദേശം ആറ്, ഏഴ് ദിവസത്തോളം മോഹൻലാലിനൊപ്പം അഭിനയിച്ചു. വാനപ്രസ്ഥം, പവിത്രം തുടങ്ങിയ സിനിമകൾ കണ്ട് അദ്ദേഹത്തിന്റെ ഒരു ആരാധികയായി വളരെ അത്ഭുതത്തോടെയാണ് എത്തിയത്. എന്നാൽ അവിടെ ആ സെറ്റിൽ നിന്നാണ് മോഹൻലാലിൽ നിന്ന് ഞാൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പഠിച്ചത്. എത്ര സമയം കാത്തിരിക്കണമെങ്കിൽ പോലും അദ്ദേഹം സെറ്റിൽ പുസ്തകങ്ങൾ ഒന്നും വായിക്കില്ല, സ്ക്രിപ്റ്റ് പോലും അങ്ങനെ ഇരുന്ന് വായിക്കില്ല. അന്ന് അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് എപ്പോഴും ഇതിൽ സജീവമായി ഇരിക്കണമെന്നാണ്. അപ്പോഴാണ് സംവിധായകൻ ആക്ഷൻ പറയുമ്പോൾ അതിനനുസരിച്ച് ആ മാജിക്ക് കാണിക്കാൻ സാധിക്കുകയുള്ളു.
എപ്പോഴും അദ്ദേഹം ടീമംഗങ്ങളെ സപ്പോർട്ട് ചെയ്തിരുന്നു. ഫോക്കസ് നോക്കാൻ ഒരാൾ ടേപ്പ് വലിക്കുന്നുണ്ടെങ്കിൽ അതിന്റെ മറ്റൊരു അറ്റം പിടിച്ചു നൽകാനും മറ്റു കാര്യങ്ങൾ ചെയ്യാനും അദ്ദേഹം സഹായിക്കും, ഒരു സൂപ്പർ താരം അത് ചെയ്യുന്നത്, തുടക്കകാലത്ത് ഞാൻ പഠിച്ച വളരെ പ്രധാനപ്പെട്ട കാര്യമാണ്.