മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനും മിമിക്രി കലാകാരനുമാണ് ടിനി ടോം. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. പാപ്പാൻ ആണ് താരത്തിന്റെ ഏറ്റവും ഒടുവിലായി പുറത്ത് ഇറങ്ങിയ ചിത്രം. എന്നാൽ ഇപ്പോൾ ‘പാപ്പന്‍’ സിനിമയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ടിനി ടോം രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ ടിനി ടോമായിരുന്നു സിഐ സോമന്‍ നായര്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. നന്ദി പറയേണ്ട കടമ തനിക്കുണ്ടെന്ന് പറഞ്ഞാണ് ടിനി ടോം ഫെയ്‌സ്ബുക്ക് ലൈവിലൂടെ നന്ദി പറഞ്ഞത്. ഒരു സിനിമ വിജയിക്കണമെങ്കില്‍ അതില്‍ എന്തെങ്കിലും നന്മയുണ്ടാകുമെന്നും ചിത്രത്തിലെ നായകനായ സുരേഷ് ഗോപിയുടെ നന്മയാകും ചിത്രം വിജയിക്കാന്‍ കാരണമെന്നും ടിനി ടോം ലൈവില്‍ പറഞ്ഞു. ടിനിയുടെ വാക്കുകള്‍ ഇങ്ങനെ.
‘ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് മുന്നിലെത്തിയത് പ്രത്യേകം നന്ദി പറയാനാണ്. പാപ്പന്‍ എന്ന സിനിമയ്ക്ക് നിങ്ങള്‍ നല്‍കിയ സ്വീകാര്യതയ്ക്ക് ഒരായിരം നന്ദി അര്‍പ്പിക്കുകയാണ്. അതില്‍ എന്റെ കഥാപാത്രത്തിന്റെ പേര് സിഐ സോമന്‍ നായര്‍ എന്നാണ്. തിയറ്ററുകളിലൊക്കെ ചിരിയും കയ്യടിയും ഉണ്ടെങ്കില്‍, അതിനെനിക്ക് ഓരോരുത്തരോടും നേരിട്ട് വന്ന് നന്ദി പറയാന്‍ സാധിക്കില്ല.
സാധാരണക്കാരില്‍ നിന്നും വന്നിട്ടുള്ളൊരു കലാകാരനാണ് ഞാന്‍. ഒരു സിനിമ, താര കുടുംബത്തില്‍ നിന്നും വന്ന ആളല്ല. അമ്പല പറമ്പുകള്‍, പള്ളി പറമ്പുകള്‍ പ്രോഗ്രാം ചെയ്ത് സാധാരണ ജനങ്ങളുടെ ഇടയില്‍ നിന്നും വന്നതാണ്. അവരെന്നെ സ്വീകരിക്കുമ്പോള്‍ തിരികെ നന്ദി പറയുക എന്നൊരു കടമ എനിക്കുണ്ട്.’
‘റെഡ് അലര്‍ട്ട് ഒക്കെ ആണെങ്കിലും നിറഞ്ഞ സദസ്സുകളില്‍ പാപ്പന്‍ പ്രദര്‍ശനം തുടരുകയാണ്. ഒരു സിനിമ വിജയിക്കണമെങ്കില്‍ അതില്‍ എന്തെങ്കിലും ഒരു നന്മ ഉണ്ടാകും. അതില്‍ പങ്കെടുത്ത ആളുകളുടെ പ്രവര്‍ത്തികള്‍ ആയിരിക്കാം. സുരേഷേട്ടന്‍ ആണ് ചിത്രത്തിലെ നായകന്‍. അദ്ദേഹത്തിന്റെ നന്മ ആയിരിക്കാം ഈ സിനിമ ഒരു നെഗറ്റീവ് റിവ്യൂസ് പോലും ഇല്ലാതെ ഇത്രയും വിജയിക്കാന്‍ കാരണം. നല്ല കാര്യങ്ങള്‍ ചെയ്തത് കൊണ്ടാകും ചിത്രത്തില്‍ അഭിനയിക്കാന്‍ മറ്റുള്ളവര്‍ക്കും സാധിച്ചത്.’
ജോഷി സാര്‍ എന്ന ഡയറക്ടറില്‍ ഒരു സത്യം ഉണ്ടായത് കൊണ്ടായിരിക്കും ആ പടം ഹിറ്റാകാന്‍ കാരണം. ഇതിന്റെ നിര്‍മാതാക്കളുടെ വിയര്‍പ്പില്‍ സത്യസന്ധതയുള്ളത് കൊണ്ടാകാം വിജയിക്കുന്നത്. കുറേ നന്മയുള്ള ആളുകള്‍ ഒത്തുചേരുമ്പോഴാണ് വിജയമുണ്ടാകുന്നത്. ടിനി ടോം പറഞ്ഞു.