മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ജയകൃഷ്ണൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സിനിമയ്ക്ക് പുറമെ താരം സീരിയലിലും ഏറെ സജീവമാണ്. ദൂരദര്‍ശനിലെ ഡോക്യുമെന്ററികള്‍ക്ക് ശബ്ദം കൊടുത്താണ് ടെലിവിഷനിലേക്ക് എത്തുന്നത്. പിന്നീട് സീരിയലുകളില്‍ നായകനായും വില്ലനായിട്ടുമൊക്കെ അഭിനയിച്ച് തുടങ്ങി.എന്നാൽ ഇപ്പോൾ മലയാള സിനിമയിലെ മുന്‍നിരയിലേക്ക് ഉയര്‍ന്ന് വന്ന താരം തന്റെ സിനിമാ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ്.
‘‘ഞാൻ എന്തെങ്കിലും ജീവിതത്തിൽ നേടിയിട്ടുണ്ടെങ്കിൽ അത് നാടകത്തിലൂടെയും സിനിമയിലൂടെയും സീരിയലിലൂടെയും ഉണ്ടായിട്ടുള്ളതാണ്. 25 വർഷത്തിനിെട ഒരുപാട് തിക്താനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ട്. ആർക്കും അറിയാൻ വയ്യാത്ത പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ എനിക്ക് ലഭിച്ചൊരു ഊർജമുണ്ട്. ഇതുവരെ നഷ്ടപ്പെട്ടുപോയിട്ടില്ലാത്ത ആത്മവിശ്വാസമാണ് ആ ഊർജം.
കോട്ടയത്തെ കുഴിമറ്റമാണ് എന്റെ സ്ഥലം. ഒരുപാട് കലാകാരന്മാർ ഉള്ള നാടാണ്. ചെറുപ്പം മുതലേ ബാലജനസഖ്യത്തിൽ അംഗമായിരുന്നു. നാടകത്തിന്റെ തുടക്കം അവിടെ നിന്നാണ്. ഡിഗ്രി കഴിഞ്ഞ ഉടനെ ഞാൻ തിരുവനന്തപുരത്തേയ്ക്ക് വണ്ടി കയറി. സിനിമ സ്വപ്നം കണ്ടായിരുന്നു ആ യാത്ര. ആ സമയത്താണ് ഡോക്യുമെന്ററികൾക്കു ശബ്ദം കൊടുക്കാൻ തുടങ്ങുന്നത്. പിന്നീട് മെഗാ സീരിയലുകൾ തുടങ്ങുന്ന സമയത്താണ് ഞാൻ ശ്രദ്ധനേടുന്നത്. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ ഞാൻ ഒരേസമയം സീരിയൽ ചെയ്തിരുന്നു.
ആ സമയങ്ങളിൽ സിനിമയ്ക്കു വിളിച്ചിരുന്നുവെങ്കിലും സീരിയലുകൾ കാരണം പോകാൻ പറ്റിയില്ല. 2006–2007ൽ സീരിയൽ പൂർണമായി വിട്ടു. അതിനുശേഷം കോവിഡിനു തൊട്ടുമുമ്പാണ് സിനിമയില്‍ ഒന്നു സജീവമാകുന്നത്. സിനിമയിൽ നിന്നും മാറിനില്‍ക്കാൻ വ്യക്തിപരമായ ചില കാരണങ്ങളുണ്ട്. എന്റെ ഉപേക്ഷ കൊണ്ട് മാത്രമാണ് സിനിമയിൽ ഞാൻ വരാതിരുന്നത്.
മമ്മൂക്കയോടും ലാലേട്ടനോടും ഒപ്പം സിനിമ ചെയ്യുന്നത് ഊർജമാണ്. മാത്രമല്ല മമ്മൂക്ക തരുന്ന മാനസിക പിന്തുണ എടുത്തുപറയേണ്ട കാര്യമാണ്. അതിനൊരു ഉദാഹരണം പറയാം. വൺ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയം, അതിലെ കഥാപാത്രത്തിനുവേണ്ടി മുമ്പിലെ മുടി മുഴുവൻ വടിച്ചിരുന്നു. മമ്മൂക്ക ഇത് കണ്ടു, ‘എന്താ മുടിയൊക്കെ വടിച്ചതെന്ന്’ ചോദിച്ചു. ഗെറ്റപ്പ് ചെയ്ഞ്ച് ആകട്ടെ മമ്മൂക്ക എന്ന് മറുപടിയായി ഞാനും പറഞ്ഞു.
അതുകഴിഞ്ഞ് സിനിമയുടെ ചിത്രീകരണത്തിന്റെ അവസാനത്തോട് അടുത്തപ്പോള്‍ എന്റെ കഥാപാത്രത്തിന്റെ നീളം കുറഞ്ഞു. അവസാനദിവസം മമ്മൂക്കയ്ക്ക് ഇക്കാര്യം മനസിലായി. എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, ‘മുടി വടിച്ചെന്ന് ഓർത്ത് ടെൻഷനൊന്നും അടിക്കേണ്ടാട്ടോ, നമുക്ക് വേറെ നല്ല സാധനങ്ങൾ ചെയ്യാം. ആ വാക്കുകൾ നമുക്ക് തരുന്നൊരു ആത്മവിശ്വാസമുണ്ട്. തകർന്നിരിക്കുമ്പോൾ എവിടെ നിന്നോ വരുന്നൊരു ശക്തി. അതൊക്കെയാണ് നമ്മെ നിലനിർത്തുന്നത്.
രാഷ്ട്രീയത്തെ രാഷ്ട്രീയമായും സിനിമയെ സിനിമയായും കാണുന്നു. രാഷ്ട്രീയം വ്യക്തിപരമാണ്. സിനിമ പ്രൊഫഷനും. അതുപോലെ തന്നെയാണ് വ്യക്തിബന്ധങ്ങളും. ഇടതുപക്ഷസഹയാത്രികനാണെങ്കിൽപോലും എല്ലാ രാഷ്ട്രീയകക്ഷികളുടെ ആളുകളുമായും എനിക്ക് ബന്ധമുണ്ട്.’’–ജയകൃഷ്ണൻ പറഞ്ഞു.