മലയാളി പ്രേക്ഷകർ തലമുറ വ്യത്യാസമില്ലാതെ നെഞ്ചിലേറ്റുന്ന താരമാണ് ഹരിശ്രീ അശോകൻ. വ്യത്യസ്തമായ ഭാവ പകർച്ചയിലൂടെ കോമഡി വേഷത്തിലൂടെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ താരം ഇപ്പോൾ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. മിന്നൽ മുരളിയിലൂടെ ചിരിപ്പിക്കാൻ മാത്രമല്ല പ്രേക്ഷകരുടെ ചങ്ക് പിടപ്പിക്കാനും തനിക്ക് അറിയാമെന്ന് നടൻ തെളിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ മകന്റെ സിനിമ ജീവിതത്തെ കുറിച്ചും സിനിമയിലെ മാറ്റങ്ങളെ കുറിച്ചും എല്ലാം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
''മകൻ സിനിമയിൽ വരുമെന്ന് ഞങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. ഡിഗ്രി കഴിഞ്ഞ് അവനെ ഇംഗ്ലണ്ടിൽ പഠിക്കാൻ വിടാൻ ആയിരുന്നു എന്റെ പ്ലാൻ. പോകാൻ റെഡിയായി ഒരു മാസം ബാക്കിയുള്ളപ്പോൾ അവൻ അമ്മയോടു പറഞ്ഞു: ''അമ്മേ എനിക്ക് പോകാൻ മനസ്സുവരുന്നില്ല. നിങ്ങളെ രണ്ടുപേരെയും പിരിഞ്ഞുപോകാൻ എനിക്ക് പറ്റില്ല.'' അതുകേട്ടപ്പോൾ പിന്നെ ഞങ്ങൾക്കും വിഷമമായി. ''ഇംഗ്ലണ്ടിൽ വിട്ടു പഠിപ്പിക്കാൻ കരുതിയ പണം എനിക്ക് തന്നാൽ ഞാൻ ഇവിടെ എന്തെങ്കിലും ബിസിനസ് ചെയ്യാം.'' അവൻ പറഞ്ഞു. എന്നാൽ അങ്ങനെയാകട്ടെയെന്നു ഞങ്ങൾ കരുതി. അവനും സുഹൃത്തുക്കളും ചേർന്ന് ഒരു കാർ സർവീസ് സെന്ററും പൊറോട്ട, ചപ്പാത്തി ഉണ്ടാക്കുന്ന കമ്പനിയും തുടങ്ങി. അതൊക്കെ നല്ല രീതിയിൽ പോകുന്നുണ്ട്. അവൻ എടുത്തത് ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്ന് എനിക്കിപ്പോൾ തോന്നുന്നു.
സൗബിനാണ് പറവ എന്ന ചിത്രത്തിലേയ്ക്ക് അവനെ ആദ്യമായി വിളിക്കുന്നത്. എട്ടു മാസത്തോളം അവരോടൊപ്പമായിരുന്നു. സിനിമ എങ്ങനെ തുടങ്ങണമെന്ന് അവനൊരു ഐഡിയ കിട്ടിയത് സൗബിന്റെ ഗ്യാങ്ങിൽ നിന്നാണ്. ആസിഫ് അലി, സൗബിൻ, ഗണപതി അങ്ങനെ അവരുടെ ഒരു നല്ല ടീം ഉണ്ട്. അവന്റെ മനസ്സ് മുഴുവൻ സിനിമയാണ് ഇപ്പോൾ. ഒരുപാട് അന്യഭാഷാ ചിത്രങ്ങൾ അവൻ കാണാറുണ്ട്. അന്യഭാഷാ ചിത്രങ്ങളിൽനിന്ന് ഒരുപാട് പഠിക്കാനും റഫറൻസ് എടുക്കാനും ഉണ്ടെന്ന് അവൻ പറയും. കൂടാതെ മമ്മൂക്കയുടെയും ലാലേട്ടന്റെയും തുടങ്ങി പലരുടെയും സിനിമകൾ എടുത്തുകണ്ട് അവൻ പഠിക്കാറുണ്ടെന്നും ഹരിശ്രീ അശോകൻ പറയുന്നു.
സിനിമയിൽ എത്തിയപ്പോൾ മകനോട് പറഞ്ഞ കാര്യത്തെ കുറിച്ചും ഹരിശ്രീ അശോകൻ അഭിമുഖത്തിൽ പറയുന്നണ്ട്. അവനോട് ഞാൻ പറഞ്ഞത് ഇതാണ് ''നിനക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ മാത്രമേ ഏറ്റെടുക്കാൻ പാടുള്ളൂ. നീ ഏറ്റെടുത്ത സിനിമകൾ ഉറപ്പായും തീർത്തു കൊടുക്കുക എന്നുള്ളത് നിന്റെ കടമയാണ്.'' അവൻ അത് എപ്പോഴും അനുസരിക്കുന്നുണ്ട്. ചെറുപ്പത്തിലൊക്കെ എന്റെയൊപ്പം ചില സെറ്റുകളിൽ അവൻ വന്നിട്ടുണ്ട്. പി. സുകുമാർ ആണ് ആദ്യമായി മൂവി ക്യാമറയിലൂടെ നോക്കാൻ അവന് അവസരം കൊടുക്കുന്നത്. ആ ഫോട്ടോ ഇപ്പോഴും അവൻ എടുത്തു സൂക്ഷിച്ചിട്ടുണ്ട്
കൂടാതെ മകനെ കുറിച്ച് എല്ലാവരും നല്ലത് പറയുന്നത് കേൾക്കുമ്പോൾ ഏറെ സന്തോഷമാണെന്നും ഹരിശ്രീ കൂട്ടിച്ചേർത്തു. ജാൻ.എ.മൻ, അജഗജാന്തരം, മധുരം തുടങ്ങിയ ചിത്രങ്ങൾ കണ്ടിട്ട്, അർജുൻ ഗംഭീരമായി ചെയ്തിട്ടുണ്ട് എന്ന് പലരും വിളിച്ചു പറഞ്ഞു. അതു കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. . ഒരു ദിവസം ആൽവിൻ ആന്റണി എന്നെ വിളിച്ചിട്ട് പറഞ്ഞു: ''അർജുന്റെ പടങ്ങൾ കണ്ടു. അവൻ നന്നായി അഭിനയിക്കുന്നുണ്ട്. അവന്റെ ഡേറ്റ് നീ എനിക്ക് മേടിച്ചു തരണം'' എന്ന്. ഞാൻ ആൽവിനോട് പറഞ്ഞു ''ഇതെന്താ ഇങ്ങനെ പറയുന്നത്. നിനക്ക് അവനോട് നേരിട്ട് ചോദിക്കാൻ ഉള്ള ഫ്രീഡം ഉണ്ടല്ലോ. നിങ്ങൾ ചേട്ടാനിയന്മാരെ പോലെയല്ലേ.'' അവന്റെ പടങ്ങൾ ഞാനും കാണാറുണ്ട് അവൻ വളരെ നന്നായി ചെയ്യുന്നുണ്ട്. ഓരോ പടം കഴിയും തോറും കൂടുതൽ മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് സുഹൃത്തുക്കൾ പറയുന്നത് കേൾക്കുമ്പോൾ സന്തോഷമാണെന്നു നടൻ പറയുന്നു.
സിനിമയുടെ ട്രെൻഡ് തന്നെ മാറിയിട്ടുണ്ടെന്നും ഹരിശ്രീ അശോകൻ പറയുന്നു. ഒരുപാട് വ്യത്യാസങ്ങൾ സിനിമയ്ക്ക് വന്നിട്ടുണ്ട്. പണ്ട് ഡയലോഗ് ഒക്കെ കാണാതെ പഠിച്ച് അണുവിട തെറ്റാതെ പറയണം. ഇപ്പോൾ ഡയലോഗിന്റെ അക്ഷരങ്ങളോ വാക്കുകളോ അങ്ങോട്ടുമിങ്ങോട്ടും മാറുന്നതിൽ കുഴപ്പമില്ല ആശയം കിട്ടിയാൽ മതി. അതുകൊണ്ടുതന്നെ നമുക്ക് വളരെ ഫ്രീ ആയി അഭിനയിക്കാൻ കഴിയും. ചില സിനിമകൾ റിലീസ് ചെയ്തു കഴിയുമ്പോഴാണ് ഇത് കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നത്. എന്നാലും ചെയ്യുമ്പോൾ നമ്മൾ ഏറ്റവും നല്ല രീതിയിൽ ചെയ്യാൻ ശ്രമിക്കും. പക്ഷേ ഡയലോഗ് തെറ്റും എന്ന പേടി വന്നാൽ അഭിനയത്തിൽ കോൺസൻട്രേറ്റ് ചെയ്യാൻ കഴിയില്ല.