മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് അനൂപ് മേനോൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. എന്നാൽ ഇപ്പോൾ പത്മ സിനിമയെപ്പറ്റി അനൂപ് മേനോൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ കുടുംബ ബന്ധത്തിലെ ഗണിതശാസ്ത്രവും സാമൂഹികശാസ്ത്രവും അന്വേഷിക്കുന്ന സിനിമയാണ് പത്മയെന്ന് അദ്ദേഹം പറഞ്ഞു.
ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത രണ്ടുപേർ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരുമിച്ച് ജീവിക്കുന്ന സിസ്റ്റമാണ് കുടുംബം. ഒരു ലോഡ്ജ് മുറിയിൽപ്പോലും മറ്റൊരാളുടെ കൂടെ താമസിക്കാൻ ഇഷ്ടപ്പെടാത്തവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അങ്ങനെ നോക്കുമ്പോൾ കുടുംബം എന്ന സമ്പ്രദായം തനിക്ക് വല്ലാത്ത അദ്ഭുതമാണെന്ന് അദ്ദേഹം പറഞ്ഞു.
നാഗരികമായ പശ്ചാത്തലത്തിൽ കുടുംബ ബന്ധത്തിലെ ഗണിതശാസ്ത്രവും സാമൂഹികശാസ്ത്രവും അന്വേഷിക്കുന്ന സിനിമയാണ് പത്മ. കല്യാണം കഴിച്ചവർക്കും കഴിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള സിനിമ. കല്യാണത്തോട് താത്‌പര്യമില്ലാത്തവരെ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്മ മലയാളത്തിൽ ഇപ്പോൾ അധികം കാണാത്ത കുടുംബസിനിമയുടെ ഗണത്തിൽപ്പെടുന്ന ചിത്രമാണിത്. ഭാര്യാ-ഭർത്തൃ ബന്ധത്തിന്റെ സരളവും ലളിതവുമായ ആഖ്യാനം. ഉള്ളടക്കമാണ് ഈ സിനിമയുടെ കരുത്ത്. അതുകൊണ്ട് തന്നെ സിനിമയുടെ കഥ മറ്റൊരാളെ പറഞ്ഞ് മനസ്സിലാക്കാൻ പ്രയാസമാണ്. അതുകൊണ്ടാണ് താൻ തന്നെ ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.