Latest News

തനിച്ചു നിൽക്കാനും തറയിൽ നിൽക്കാനും പരിശീലിപ്പിച്ചത് നീ തന്നെ; അമ്മയുടെ പിറന്നാളിന് അച്ഛൻ എഴുതിയ കത്ത് പങ്കുവെച്ച് അനൂപ് മേനോൻ

Malayalilife
തനിച്ചു നിൽക്കാനും തറയിൽ നിൽക്കാനും പരിശീലിപ്പിച്ചത് നീ തന്നെ; അമ്മയുടെ പിറന്നാളിന് അച്ഛൻ എഴുതിയ കത്ത് പങ്കുവെച്ച് അനൂപ് മേനോൻ

ലയാള സിനിമ പ്രേമികളുടെ പ്രിയ താരങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയ താരമാണ് അനൂപ് മേനോൻ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അനൂപ് പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ അമ്മയുടെ  പിറന്നാളിന് അച്ഛൻ സ്നേഹത്തോടെ എഴുതിയ കത്ത് പങ്കുവെച്ച് എത്തിയിരിക്കുകയാണ്  പ്രിയതാരം. ഫേസ്ബുക്കിലൂടെയാണ് നടൻ കത്ത് ആരാധകരുമായി  പങ്കുവച്ചത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രിയപ്പെട്ടവളെ,

ജന്മദിന ആശംസകൾ നേരുന്ന തരത്തിൽ, എഴുതേണ്ട വിധത്തിൽ, അകംപൊള്ളയായ ഔപചാരികതയല്ല നമ്മുടെ ബന്ധം. എങ്കിലും, പണ്ട് കൈമാറിയ അനേകം കത്തുകളുടെ മിനുത്ത ഓർമ്മയിലും, അതിന്റെ നിറവിലും നൈർമല്യത്തിലും, ഒരു തോന്നൽ. എഴുതൂ, എഴുതൂ ആരോ പറയുന്നു. വേറെ ആരുമല്ല, എന്റെ മനസ്സ്, ഇനിയും യൗവനം വിടാത്ത ഹൃദയം. കത്തുകൾ വളർത്തി വലുതാക്കിയതും, അർഥവും, അടുപ്പവും ആഴവും നൽകിയതും കൂടിയാണ് നമ്മുടെ ബന്ധം.

ഓരോ കത്തിലൂടെയും നാം പരസ്പരം കണ്ടു. കണ്ണാടിയിൽ എന്നപോലെ, അടുത്തു, അറിഞ്ഞു. നമ്മൾ നമ്മെ വായിച്ചു പഠിച്ചു. രസിച്ചു. ഓരോ കത്തും നമ്മെ കൂടുതൽ അടുപ്പിച്ചു, അകലങ്ങളെ, അപ്രസക്തങ്ങൾ ആക്കി. പറയാൻ എഴുതാൻ പാടില്ലാത്തതായി ഒന്നും ഇല്ലാതെയായി. അങ്ങിനെയും ഒരു കാലം. അല്ലെങ്കിൽ, അത്തരമൊരു കാലത്തെ നാം പണിതൊരുക്കി.

നീയും ഞാനും സൂക്ഷിച്ചു വെച്ച കത്തുകൾ, വിവാഹശേഷം കത്തിച്ചു കളഞ്ഞത് ഞാൻ ഓർക്കുന്നു. നനുത്ത വെള്ളക്കടലാസിൽ എഴുതിയ ആ കത്തുകളിലെ, മഷി ഉണങ്ങി മങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും, തീ വിഴുങ്ങുമ്പോൾ , അക്ഷരങ്ങൾ തിളങ്ങി, അവ നക്ഷത്രങ്ങളായി, മേലോട്ട് പൊങ്ങി പോകുന്നത് നമ്മൾ നോക്കി നിന്നു. ഒരു കാലം ജ്വലിച്ചു നിൽക്കുന്നത്.

ഇന്ന് തോന്നുന്നു, വേണ്ടിയിരുന്നില്ല, അത് നശിപ്പിക്കേണ്ടിയിരുന്നില്ല. അതൊരു പ്രണയകാലത്തിന്റെ ഓർമ്മക്കുറിപ്പുകൾ ആയിരുന്നു. അക്ഷരങ്ങളിൽ ഒതുങ്ങാത്ത ചില അനന്യ വികാരങ്ങളുടെ പകർത്തെഴുത്തുകൾ ആയിരുന്നു. ഇന്ന് അതിന്റെ വായനയുടെ അനുഭവതലം എത്ര ആകർഷകം ആയിരിക്കുമായിരുന്നു.

ഓർത്തെടുക്കട്ടെ. അന്ന് താമസിച്ച പേട്ടയിലെ വാടക വീട്ടിൽ നിന്നാണ് ജീവിതം തുന്നികൂട്ടുന്ന അത്ഭുത വിദ്യ നാം പഠിച്ചത്. കത്തെഴുത്തിന്റെ അത്രയും ലാഘവമിയലുന്ന ഒരു അക്ഷീണ യുക്തിയല്ല ജീവിതമെന്നു നാം അറിഞ്ഞത്. ആ വാടകവീട് പഠിപ്പിച്ച പാഠം, മറ്റ് ഒരു പള്ളിക്കൂടത്തു നിന്നും നമുക്ക് ലഭിച്ചിട്ടില്ല.

പരിമിതികളെ പരിഭവങ്ങൾ ഏശാതെ കയ്യേൽക്കാനും, അത് പ്രകാശിപ്പിക്കാതെ ഉള്ളിലൊതുക്കുവാനും നിനക്കുള്ള വൈഭവം, പിന്നെ എപ്പോഴോ ആണ് ഞാൻ കണ്ടറിഞ്ഞത്. പ്രതിസന്ധി ഘട്ടങ്ങളിൽ, ഭീഷണമായ രോഗാതുരതയിൽ, വ്യാപാരസംബന്ധിയായ തകർച്ചയിൽ ഉൾപ്പെടെ നീ പുലർത്തിയ സ്ഥൈര്യം, നീ പ്രകർഷിച്ച ആത്മ വിശ്വാസമൊക്കെ, ഇല്ലായിരുന്നുവെങ്കിൽ, തകർന്നു പോയേനെ നാം. പിടിച്ചു നിൽക്കാൻ കഴിയാതെ.

ഇന്ന്, നിന്റെ ജന്മ നാളിൽ നിന്നുകൊണ്ട്, പിറകിൽ പോയ കാലങ്ങളെ, ഓർത്തെടുക്കുമ്പോൾ, പ്രിയപ്പെട്ടവളെ, എനിക്ക് നിന്നോട് സ്നേഹത്തേക്കാൾ ബഹുമാനമാണ് തോന്നുന്നത്. നമ്മൾ, കുട്ടികളും അവരുടെ കുട്ടികളും എന്താണോ, അതിനു കാരണവും കർമവും നീ തന്നെയാണ്. നീ തന്നെ.

മകൻ പറയുന്നത് നീ കേട്ടിട്ടില്ലേ, മാനം നോക്കി നടക്കാനും, അവിടേക്ക് പറന്നെത്താനും പറഞ്ഞത് പപ്പയാണെങ്കിലും, മണ്ണിൽ ചവുട്ടി ഉറച്ചു നിൽക്കാൻ പ്രേരിപ്പിച്ചത്, പരിചയിപ്പിച്ചത് നീയാണെന്ന്. ഒരുകാലത്തു ആകാശം കണ്ടു മോഹിച്ചു നടന്ന എന്നെയും, തനിച്ചു നിൽക്കാനും തറയിൽ നിൽക്കാനും പരിശീലിപ്പിച്ചത് നീ തന്നെ.

എനിക്കായി, എനിക്ക് മാത്രമായി ജനിച്ചവളെ നിനക്ക് മംഗളങ്ങൾ.

Read more topics: # Actor anoop menon,# fb post goes viral
Actor anoop menon fb post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക