മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചിത്രം ഉണ്ടയുടെ റിലീസിന് മണിക്കൂറുകൾക്ക് മുൻപാണ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട. ഷൂട്ടിങ്ങിനിടെയുണ്ടായ സന്തോഷകരവും സാഹസികവുമായ രംഗങ്ങൾ കോർത്തിണക്കിയുള്ളതാണ് വീഡിയോ.
ഷൂട്ടിങ്ങിനിടെ ഒരു ഷോട്ട് ' എനിക്കുവേണ്ടി ഒന്നുകൂടി എടുക്കാമെന്നെ' എന്ന് മമ്മൂട്ടി പറയുന്ന വാക്കുകളും വീഡിയോയിലുണ്ട്. സബ് ഇൻസ്‌പെക്ടർ മണികണ്ഠൻ സി പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഛത്തീസ്‌ഗഡിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട'.
ഹർഷാദിന്റേതാണ് തിരക്കഥ. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയർ, അർജുൻ അശോകൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. ചിത്രത്തിന് ഫസ്റ്റ്‌ഡേ ഫസ്റ്റ് ഷോ തന്നെ കാണുമെന്നാണ് വീഡിയോയുടെ കമന്റ് ബോക്‌സുകളിൽ ആരാധകർ പറയുന്നത്.