നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വിവാദത്തില്‍ നയന്‍താരക്കും ഭര്‍ത്താവ് വിഗ്നേഷിനുമെതിരെ ആരോപണം കടുപ്പിച്ചു ധനുഷ്. മദ്രാസ് ഹൈക്കോടതിയില്‍ നയന്‍താരയ്ക്ക് ഏതിരെ നല്‍കിയ സിവില്‍ക്കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇരുവര്‍ക്കുമെതിരെ രൂക്ഷപരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയത്. നാനും റൌഡി താന്‍ സിനിമ പരാജയപ്പെട്ടത് ഇരുവരുടെയും പ്രണയം കാരണമാണെന്നാണ് ധനുഷിന്റെ അവകാശവാദം. ഇവരുടെ പ്രണയം കാരണം സിനിമയുടെ ബജറ്റ് അധികമായെന്നും നിര്‍മാതാവ് കൂടിയായ ധനുഷ് അവകാശപ്പെടുന്നു. 4 കോടി ബജറ്റില്‍ ആണ് സിനിമ തുടങ്ങിയത്.
നയന്‍താരയും വിഗ്‌നേഷ് തമ്മിലുള്ള പ്രണയം തുടങ്ങിയതോടെ ചിത്രീകരണം വൈകി. സെറ്റില്‍ ഇരുവരും വൈകി വരുന്നത് പതിവായെന്നുമാണ് ആരോപണം. വിഗ്‌നേഷ് ആകട്ടെ സെറ്റിലെ മറ്റെല്ലാവരെയും അവഗണിച്ച് നയന്‍താരയ്ക്ക് പിന്നാലെ കൂടി. നയന്‍ താര ഉള്‍പ്പെട്ട രംഗങ്ങള്‍ വീണ്ടും വീണ്ടും ചിത്രീകരിച്ചുവെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത പെരുമാറ്റം ആയിരുന്നു ഇരുവരുടെയും. ഇതുകാരണം നിശ്ചയിച്ച ബജറ്റില്‍ ചിത്രം പൂര്‍ത്തിയായില്ല. ഇത് നിര്‍മാതാവായ തനിക്ക് കോടികള്‍ നഷ്ടമുണ്ടാക്കിയെന്നും ധനുഷ് ആരോപിക്കുന്നു.
അതേസമയം ഇരുവരുടെയും വിവാഹ ഡോക്യുമെന്ററിക്കായി സിനിമയുടെ ദൃശ്യങ്ങള്‍ രഹസ്യമായി വിട്ടുനല്‍കണമെന്ന് വിഘ്നേഷ് ആവശ്യപ്പെട്ടുവെന്ന് ധനുഷ് ആരോപിച്ചിട്ടുണ്ട്. ധനുഷിന്റെ നിര്‍മാണക്കമ്പനി വണ്ടര്‍ബാര്‍ ഡയരക്ടറെ ഫോണില്‍ വിളിച്ചാണ് ആവശ്യം ഉന്നയിച്ചത്. ധനുഷ് അറിയാതെ ഒന്നും ചെയ്യാനാകില്ലെന്ന് കമ്പനി മറുപടി നല്‍കിയപ്പോള്‍ വിഗ്നേഷ് അസഭ്യം പറഞ്ഞെന്നും ധനുഷ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കിയ ഡോക്യുമെന്ററി നയന്‍താര: ബിയോണ്ട് ദി ഫെയറിടെയിലിനെതിരെ നടന്‍ ധനുഷ് നല്‍കിയ ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജനുവരി എട്ടിനകം നയന്‍താര, ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍, നെറ്റ്ഫ്‌ലിക്സ് എന്നിവര്‍ മറുപടി നല്‍കണമെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
നാനും റൗഡി താന്‍ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലൊത ഉപയോഗിച്ചു പകര്‍പ്പവകാശം ലംഘിച്ചെന്ന് കാണിച്ചാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നവംബര്‍ 27നാണ് ഡോക്യുമെന്ററി തര്‍ക്കത്തില്‍ ധനുഷ്, നയന്‍താരയ്‌ക്കെതിരെ ഹര്‍ജി നല്‍കിയത്. അതേസമയം ബിയോണ്ട് ദി ഫെയറിടെയ്ല്‍' ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് നയന്‍താര കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. തന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററിയുടെ റിലീസുമായി ബന്ധപ്പെട്ട് തമിഴ് നടന്‍ ധനുഷുമായി ഉണ്ടായ അസ്വാരസ്യങ്ങളെക്കുറിച്ചാണ് നയന്‍താര ആദ്യമായി തുറന്ന് പ്രതികരിച്ചത്. പ്രശസ്തിക്കോ മാധ്യമശ്രദ്ധക്കോ വേണ്ടി ആരെയും കരിവാരി പൂശേണ്ട ആവശ്യം തനിക്കില്ലെന്ന് താരം വ്യക്തമാക്കി.'ഇത് ഒരിക്കലും വിവാദമാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല.
അദ്ദേഹത്തിന്റെ ആരാധകര്‍ ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് കരുതി. പക്ഷ ഞങ്ങളുടെ മനസ്സില്‍ അങ്ങനെ ഒന്ന് ഉണ്ടായിരുന്നില്ല. ഇതൊരു സിനിമയല്ലല്ലോ, ഡോക്യുമെന്ററിയല്ലേ. ഹിറ്റോ ഫ്‌ലോപ്പോ ആവുന്ന ഒന്ന് അല്ലല്ലോ അത്. റിലീസിന് തൊട്ട് മുന്‍പ് ലീഗല്‍ നോട്ടീസ് വന്നത് കൊണ്ടാണ് ഞങ്ങള്‍ പ്രതികരിച്ചത്. ഞാന്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. മാനേജറെയും മറ്റ് പൊതുസുഹൃത്തുക്കളെയും ബന്ധപ്പെടാന്‍ ശ്രമിച്ചു. അദ്ദേഹം എന്നോട് സംസാരിക്കാന്‍ തയ്യാറായില്ല.
എന്‍ഒസി തരാതിരിക്കാന്‍ അദ്ദേഹത്തിന് അവകാശം ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ എന്താണ് അദ്ദേഹത്തിന് ദേഷ്യം ഉണ്ടാകാന്‍ കാരണം എന്ന് കണ്ടെത്താനാണ് ഞാന്‍ ശ്രമിച്ചത്. ഭാവിയില്‍ മികച്ച സുഹൃത്തുക്കള്‍ ആകണമെന്നല്ല, എവിടെ നിന്നെങ്കിലും കണ്ടാല്‍ ഹായ് പറയാന്‍ ഉള്ള ബന്ധം വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ ധനുഷ് ഒന്നും മിണ്ടിയില്ല,' ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നയന്‍താര പ്രതികരിച്ചു. 'ഞങ്ങളുടെ ഡോക്യുമെന്ററി ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് അത്തരമൊരു കുറിപ്പ് ഇറക്കണമെന്നും ഉദ്ദേശിച്ചിരുന്നതല്ല. വക്കീല്‍ നോട്ടീസ് ലഭിച്ച് രണ്ട് മൂന്ന് ദിവസം അത് മനസിലാക്കാന്‍ ഞങ്ങള്‍ക്ക് വേണ്ടിവന്നു. പ്രതികരണം വേണമോ വേണ്ടയോ എന്ന് ആലോചിച്ചു. ശരിയെന്ന് എനിക്ക് തോന്നുന്ന ഒരു കാര്യത്തില്‍ പ്രതികരിക്കാന്‍ എന്തിനാണ് ഞാന്‍ ഭയക്കുന്നത് എന്ന് ചിന്തിച്ചു. എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിലല്ലേ ഞാന്‍ ഭയക്കേണ്ടതുള്ളൂ', നയന്‍താര പറയുന്നു