മാമന്നന് എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന ചിത്രമാണ് മാരീശന്‍. വലിയ പ്രതീക്ഷയില്‍ ഒരുങ്ങുന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍. തമാശകളും ത്രില്ലിംഗ് നിമിഷങ്ങളുമെല്ലാം നിറഞ്ഞ ഒരു ഗംഭീര ചിത്രമാകും മാരീശന്‍ എന്ന് ഉറപ്പ് നല്‍കുന്നതാണ് ടീസര്‍.
ഫീല്‍ ഗുഡ് രീതിയിലാണ് ഒരു മിനിറ്റ് 23 സെക്കന്റുകളുള്ള ടീസര്‍ ആരംഭിക്കുന്നത്. പിന്നീട് അത് ഗൗരവമേറിയ തരത്തിലേക്ക് മാറുന്നുണ്ട്. ഫഹദ്, വടിവേലു എന്നിവരുടെ അത്യുഗ്രന്‍ പ്രകടനങ്ങള്‍ തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. ചിത്രം 20205 ജൂലൈയില്‍ റിലീസ് ചെയ്യും.
സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന മാരീശന്‍ റോഡ്-കോമഡി വിഭാഗത്തില്‍ കഥ പറയുന്ന സിനിമയായിരിക്കും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ് ചിത്രം ആറുമനമേ, ദിലീപ് നായകനായ മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കര്‍. മാമന്നന് പിന്നാലെ ഫഹദ് ഫാസില്‍ - വടിവേലു ടീം വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് സിനിമയ്ക്ക് ഹൈപ്പ് നല്‍കുന്ന പ്രധാന കാരണം.
സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന 98-ാമത് സിനിമയാണ് മാരീശന്‍. യുവന്‍ ശങ്കര്‍ രാജയാണ് മാരീശന് സംഗീതം ഒരുക്കുന്നത്. കലൈശെല്‍വന്‍ ശിവാജി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.