നെഞ്ചുവിച്ച് ...ലാലേട്ടൻ, മീശ പിരിച്ച് ....ലാലേട്ടൻ, തോളുചെരിച്ച്.... ലാലട്ടേൻ'! കളിയിക്കാവിളതൊട്ട് കുമ്പളവരെയുള്ള കേരളത്തിലെ തീയേറ്ററുകളിൽ പുലർച്ചെമുതൽ മുഴങ്ങിക്കേട്ട ആസ്ഥാന ഗാനം ഇതാണ്. അതെ ലൂസിഫർ വീണ്ടും മലയാള സിനിമയിൽ മോഹൻലാൽ തരംഗം തിരിച്ചുകൊണ്ടുവന്നിരിക്കയാണ്. തന്റെ കന്നി സംവിധാന സംരംഭമായിട്ടും, ചിത്രത്തിന്റെ ക്ലാസിന് വലിയ പരിഗണയൊന്നും കൊടുക്കാതെ, മോഹൻലാൽ എന്ന താരരാജാവിന്റെ ആരാധകരെ തൃപ്തിപ്പെടുത്തവാനായിട്ടുള്ള, ടിപ്പിക്കൽ ടെയിലർ മെയിഡ് ലാൽ ഫിലിം തന്നെയാണ് ലൂസിഫർ. ഇടക്ക് മീശപിരിച്ചും, മുണ്ട് മടക്കിക്കുത്തിയും, തോക്കെടുത്തും, കുറിക്കുകൊള്ളുന്ന കൗണ്ടറിടിച്ചും ലാൽ കളം നിറഞ്ഞാടുകയാണ്.
ഒടിയൻ കണ്ട് തലയിൽ മുണ്ടിട്ടെന്നോണം ഇറങ്ങിപ്പോയ ലാൽ ഫാൻസുകാർ ആഹ്ലാദ നൃത്തം ചവുട്ടി ആർത്തുവിളിച്ചാണ് തീയേറ്ററിൽ നിന്ന് മടങ്ങുന്നത്. അതുകൊണ്ടുതന്നെ ഒരു കാര്യം വ്യക്തമാണ്.ചിത്രം വമ്പൻ ഹിറ്റാവും. ഇനി അറിയേണ്ടത് പുലിമുരുകന്റെ റെക്കോർഡ് തകരുമോ എന്നു മാത്രമാണ്. അടുത്തകാലത്തായി ആളില്ലാതെ, ഈച്ചയാട്ടിയിരുന്ന കേരളത്തിലെ തീയേറ്ററുകാർക്ക് ഒരു ചാകരക്കോള് കൊടുത്തതിലും, ചത്തതുപോലെ കിടക്കുന്ന ചലച്ചിത്ര വ്യവസായത്തെ ഒന്ന് ഉഷാറാക്കിയതിലും സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് പ്രഥ്വീരാജിനോട് പെരുത്ത് നന്ദിയുണ്ടാവും.
പക്ഷേ കലാപരമായി നോക്കുമ്പോൾ ഒട്ടും ഔന്നിത്യത്തിലുള്ള ചിത്രമല്ല ഇത്. സംവിധായകൻ പൃഥ്വി രാജായതുകൊണ്ട് കിംകിഡുക്ക് സ്റ്റെലിലുള്ള ഒരു ചിത്രം പ്രതീക്ഷിച്ചുപോയാൽ നിങ്ങൾക്ക് എട്ടിന്റെ പണി കിട്ടും. ഒട്ടും ബോറടിയില്ലാതെ കണ്ടിരിക്കാൻ കഴിയുന്ന ഒരു കോമേർഷ്യൽ മൂവി എന്ന നിലയിലേ എടുക്കാവൂ. അതുപോലും മലയാളത്തിലെ പ്രമുഖ സംവിധായകർക്ക് കഴിയുന്നില്ല എന്നതിന്റെ സൂചനകളാണെല്ലോ അടിക്കടിയുണ്ടാവുന്ന ഫ്ളോപ്പുകൾ തെളിയിക്കുന്നത്. മൂന്നുമണിക്കുറോളം നേരമുള്ള ഈ ചിത്രം പക്ഷേ മോഹൻലാലിന്റെ വൺമാൻ ഷോയുമല്ല. 27 ഓളം കഥാപാത്രങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ അന്തർധാര പക്ഷേ മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിയെന്ന ലൂസിഫറിനോടാണെന്ന് മാത്രം.
ലൂസിഫറുകളുടെ സ്വന്തം നാട്
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കേരളത്തിൽപോലും തെരഞ്ഞെടുപ്പിൽ ഒഴുകിയെത്തുന്ന കോടികൾ എവിടെ നിന്നാണ്. ആരാണ് ശരിക്കും നമ്മെ പിൻ സീറ്റിലിരുന്ന് ഡ്രൈവ് ചെയ്യുന്നത്. യഥാർഥ അധികാരികളെ നോക്കുകുത്തികളാക്കി കർട്ടനു പിന്നിൽനിൽക്കുന്ന ലൂസിഫറുകളെ കുറിച്ചാണ് ചിത്രം പറയുന്നത്.
മുഖ്യമന്ത്രിയും ഭരണകക്ഷിയുടെ അനിഷേധ്യ നേതാവുമായ പി കെ രാംദാസ് എന്ന പികെആറിന്റെ മരണത്തോടെയാണ് ചിത്രത്തിന്റെ തുടക്കം. രാംദാസിന്റെ പിന്തുടർച്ചാവകാശി ആരെന്നതാണ് പിന്നീടുള്ള തർക്കം. അത് നീളുന്നത് അഞ്ചുപേരിലേക്കും. മൂത്തമകൾ പ്രിയദർശിനി, ( മഞ്ജു വാര്യർ) മരുമകൻ ബോബി ( വിവേക് ഒബ്റോയ്), ഇളയ മകൻ ജതിൻ ( ടൊവീനോ തോമസ്), രാംദാസിന്റെ വിശ്വസ്തനായ മഹേന്ദ്ര വർമ ( സായികുമാർ)പിന്നെ പികെആർ സ്വന്തം മകനെപ്പോലെ കൂടെ കൊണ്ടു നടന്ന സ്റ്റീഫൻ നെടുമ്പള്ളി ( മോഹൻലാൽ). അതികായന്മാരായ നേതാക്കളുടെ മരണത്തോടെ സാധാരണ സംഭവിക്കാറുള്ളപോലെ, മൃതദേഹം ചിതയിൽവെച്ചതും കൊട്ടാര വിപ്ലവം തുടങ്ങുകയാണ്. മരുമകൻ ബോബി അധികാര കേന്ദ്രമായി ഉയരുന്നു. കോടിക്കണക്കിന് രൂപയുടെ ഫണ്ട്, മുബൈയിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽനിന്ന് വാങ്ങിച്ചുതരാമെന്ന വ്യവസ്ഥയിലാണ് ബോബി പാർട്ടി പിടിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അയാൾ ഉയർത്തിക്കാട്ടുന്നത് പികെആറിന്റെ ഇളയമകൻ ജിതിനെയാണ്.
നിലവിൽ എംഎൽഎയും രാഷ്ട്രീയത്തിൽ പികെആർ അല്ലാതെ മറ്റ് ഗോഡ്ഫാദർമാർ ഇല്ലാതിരിക്കുകയും ചെയ്യുന്ന തീർത്തും ഒറ്റയാനാണ് സ്റ്റീഫൻ. അയാൾ ആരാണ്, എന്താണ്, എന്താണ് പൂർവ ചരിത്രം എന്നൊന്നും ആർക്കും അറിയില്ല. മയക്കുമരുന്ന് മാഫിയയാണ് പാർട്ടിയുടെ പുതിയ ഫണ്ടിങ്ങ് ഏജൻസിയെന്ന് അറിയുന്ന സ്റ്റീഫൻ ഈ നീക്കത്തെ ശക്തി യുക്തം എതിർക്കുന്നു. അങ്ങനെ ഒരു പൊൽറ്റിക്കൽ ഡ്രാമയയായി ചിത്രം നീങ്ങുമ്പോഴാണ്, ആരാണ് സ്റ്റീഫൻ എന്താണ് അയാൾക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളിലേക്ക് കഥ നീങ്ങുന്നത്. ഒരേ സമയം പൊളറ്റിക്കൽ ഡ്രാമയും ആക്ഷൻ ത്രില്ലറുമായി ചിത്രം അൽപ്പംപോലും ബോറടിപ്പിക്കാതെ മുന്നോട്ടുപോവുകയാണ്.
വില്ലാനായി വിളങ്ങി വിവേക് ഒബറോയ്
ദക്ഷിണേന്ത്യൻ നടന്മാരോട് മുട്ടുമ്പോൾ ചങ്കിടച്ചുപോവുന്നവരാണ് പൊതുവേ ഉത്തരേന്ത്യൻ നടന്മാർ. തമിഴിൽ വിക്രവും, ഹിന്ദിയിൽ അഭിഷേക് ബച്ചനും ചെയ്ത മണിരത്നത്തിന്റെ 'രാവണൻ' കണ്ടാലറിയാം ആ മാറ്റം. പക്ഷേ വിവേക് ഒബ്റോയ് എന്ന, താഴെക്കിടയിൽനിന്ന് ഉയർന്നുവന്ന ഈ ബോളിവുഡ്ഡ് നടൻ ഈ ബോധ്യങ്ങളെയെല്ലാം തെറ്റിക്കും. ലൂസിഫറിലും മുഖ്യ വില്ലനായ വിവേകിന്റെ ചിരിയും സ്റ്റെലും നോട്ടവും ഒക്കെ ഒന്ന് കാണേണ്ടതാണ്. ലാലിന് കട്ടക്ക് നിൽക്കാൻ ഇതിലും നല്ല നടൻ വേറെയില്ല. പക്ഷേ ആ നടനെ പരമാവധി ഉപയോഗപ്പെടുത്തിയില്ല എന്ന പരാതിയേ ചിത്രം കണ്ടുകഴിഞ്ഞാൽ ഉണ്ടാവാൻ വഴിയൂള്ളൂ.
ഒരു നടൻ എന്ന നിലയിൽ മോഹൻലാലിന് യാതൊരു വെല്ലുവിളിയുമല്ല ഈ കഥാപാത്രം. ഇതിലും ആഴമുള്ള നൂറായിരം കഥാപാത്രങ്ങൾ ചാടിക്കടന്നവനാണേല്ലൊ ഈ കെ കെ ജോസഫ്! പക്ഷേ പ്രേക്ഷകർക്ക് ത്രില്ലുയർത്തുന്ന രീതിയിൽ തന്റെ കഥാപാത്രത്തെ ബിൽഡുചെയ്യാൻ പതിവുപോലെ ലാലേട്ടനായിട്ടുണ്ട്. പ്രത്യേകിച്ച് ആക്ഷൻ രംഗങ്ങളിൽ. ആഞ്ഞ് തറക്കുന്ന പതിവ് ശൈലിവിട്ട് അൽപ്പം മന്ദഗതിയിലുള്ള ഡയലോഗ് ഡെലിവറിയും സൂപ്പറായിട്ടുണ്ട്.
'ഫാൻസുകാരെ ആവേശക്കടലിയാഴ്്ത്തി പ്രഥ്വീരാജും ചിത്രത്തിൽ ഗസ്റ്റ് റോളിൽ എത്തുന്നുണ്ട്. മോഹൻലാലിന്റെ മുഖ്യ കിങ്കരാനായ ഈ കഥാപാത്രം ആളുകളെ വെടിവെച്ചിടുകയും ആ വിവരം ബോസിനെ ഫോൺ ചെയ്ത് പറയുകയും അല്ലാതെ ഒറ്റ ഇംഗ്ലീഷ് ഡയലോഗും പോലും പറയുന്നില്ല. നായികയായി മഞ്ജുവാര്യരും മോശമായില്ല എന്നുമാത്രം. രണ്ടാം വരവിൽ മഞ്ജുചെയ്യുന്ന എല്ലാ കഥാപാത്രങ്ങൾക്കും എന്താണെന്ന് അറിയില്ല, ഒരേ ഭാവമാണ്. പഴയ കരിസ്മ കാണാനില്ല. ലാലും- മഞ്ജുവും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ അൽപ്പം ബോടറിപ്പിക്കുന്നുണ്ട്. ഈ രംഗങ്ങൾ വരുമ്പോൾ ഫാൻസുകാർ പോലും 'ഇത്തിരി കഞ്ഞി എടുക്കട്ടെ' എന്ന് ഉറക്കെ വിളിച്ച് ചോദിക്കുന്നത്, ഒടിയന്റെ ഹാങ്ങോവർ കൊണ്ട് കൂടിയാവണം.ഇന്ദ്രജിത്തും ടൊവീനോ തോമസും സായികുമാറും കലാഭവൻ ഷാജോണും, ബൈജുവും അടങ്ങുന്ന മിക്ക കഥാപാത്രങ്ങളും നന്നായിട്ടുണ്ട്. ഗാനങ്ങൾക്ക് വലിയ പ്രസക്തിയില്ലാത്ത ചിത്രത്തിൽ പാശ്ചാത്തല സംഗീതം പക്ഷേ സൂപ്പറായിട്ടുണ്ട്. ക്യാമറയെക്കുറിച്ചും പ്രത്യേകം പറയാനില്ല.
പൃഥ്വിരാജിൽനിന്ന് നാം പ്രതീക്ഷിച്ചത് ഇതാണോ?
ഈ പടം ഒരു സൂപ്പർ കൊമേർഷ്യൽ ഹിറ്റായിരിക്കും. പക്ഷേ പ്രഥ്വീരാജിനെപ്പോലുള്ള ഒരു നടൻ സംവിധായകനാവുമ്പോഴുള്ള കലാപരമായ മൂല്യം ഈ ചിത്രത്തിനുണ്ടോ എന്ന് ചോദിച്ചാൽ, സുരേഷ്ഗോപി സ്റ്റെലിലുള്ള ഒരു 'ബിഗ് നോ' ആയിരിക്കും മറുപടി. ജോഷിക്കും, രഞ്ജിപണിക്കർക്കും എന്നുവേണ്ട മേജർ രവിക്കുവരെ ഇതുപോലൊരു ചിത്രം എടുക്കാൻ കഴിയും. അവർ എടുത്തിട്ടുമുണ്ട്.
ഇത്രയും തിരക്കുപിടച്ച അഭിനയ ജീവിതത്തിന് ഇടവേള കൊടുത്ത്, ഇനി അൽപ്പം സംവിധാനിച്ച് കളയാം എന്ന് പൃഥ്വിരാജിനെക്കൊണ്ട് തീരുമാനിപ്പിച്ച, ആ സർഗാത്മ പ്രചോദനം എന്താണെന്നാണ് പിടികിട്ടാത്തത്. നാലോ അഞ്ചോ ഷോട്ടുകൾ മാറ്റി നിർത്തിയാൽ പ്രതിഭാധനായ ഒരു സംവിധായകന്റെ കരസ്പർശം ഫീൽ ചെയ്യുന്നില്ല. മാസിനെ തൃപ്തിപ്പെടുത്തുന്നതിനൊപ്പമുള്ള, ഒരു ക്ലാസ് മൂവിയായിരുന്നു, ഈ ലേഖകനൊക്കെ പൃഥ്വിരാജ് സംവിധായകൻ ആവുന്നു എന്ന് കേട്ടപ്പോൾ പ്രതീക്ഷിച്ചത്. ( ഇംഗ്ലീഷ് ഡിക്ഷ്നറിയെടുത്ത് നോക്കി ഈ സിനിമ കാണേണ്ടി വരുമെന്ന് ട്രോളിയവരും ശരിക്ക് ചമ്മി) പക്ഷേ കലയ്ക്ക് അവധി കൊടുത്ത് ഐറ്റം ഡാൻസും, ലാലിന്റെ മീശപിരിയും മുണ്ടുമടക്കിക്കുത്തിയുള്ള സ്റ്റണ്ടും, പഞ്ച് ഡയലോഗുകളുമുള്ള ഫാൻ ഫിലിമായിപ്പോയി പുറത്തുവന്നത്. മുരളി ഗോപിയുടെ ചില ഷാർപ്പ് ഡയലോഗുകൾ ഇല്ലായിരുന്നെങ്കിൽ, ഉദയകൃഷ്ണ സിബി കെ തോമസ് ടീമാണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എന്ന് തോന്നിപ്പോവുമായിരുന്നു.
പക്ഷേ ഒരു കാര്യത്തിൽ പൃഥ്വിരാജിനെ സമ്മതിക്കണം. അനാവശ്യ വിടൽസും, തള്ളലും ഒന്നും അദ്ദേഹം ഈ പടത്തെക്കുറിച്ച് എവിടെയും നടത്തിയിട്ടില്ല. തന്റെത് ഒരു മാസ് മൂവിയാണെന്നല്ലാതെ, മലയാളത്തിലെ അസാധ്യ സംഭവമാണെന്നോ, ഇറങ്ങുന്നതിന് മുമ്പ് കോടികൾ കൊയ്തെന്നോ ഒന്നും വീരവാദം മുഴക്കിയിട്ടില്ല. അടിക്കടി പടങ്ങൾ പൊട്ടി നിർമ്മാതാക്കൾ വെടി തീർന്നു നിൽക്കുന്ന മലയാള സിനിമാ വ്യവസായത്തിന്, ഒരു മാസ് മൂവി എടുത്ത് ഉണർവ് നൽകിയെന്നും അദ്ദേഹത്തിന് ആശ്വസിക്കാം.
പക്ഷേ കലയും കച്ചവടവും സമ്മേളിപ്പിച്ചുകൊണ്ടുള്ള ഒരു നല്ല സിനിമ എടുക്കാനുള്ള എല്ലാ കോപ്പുകളുും മുരളി ഗോപിയുടെ മാസ്റ്റർ ബ്രയിനിൽ പറഞ്ഞ ഈ കഥയിൽ ഉണ്ടായിരുന്നു. സമകാലീനമായിരുന്നു ഇലക്ഷൻ ഫണ്ടിങ്ങിന്റെ സാഹചര്യം. മാധ്യമങ്ങളെയും പാർട്ടികളെയും വിലക്കെടുക്കുന്ന കോർപ്പറേറ്റുകളുടെത് സിനിമാക്കഥയല്ല, നാം കണ്ടുകൊണ്ടിരിക്കുന്ന ഉത്തരേന്ത്യൻ സാഹചര്യമാണ്. കൽക്കരി ഖനികളും എണ്ണപ്പാടങ്ങളും വിമാന കരാറുകളുമൊക്കെ അംബാനിമാരും അദാനിമാരും പങ്കിട്ടെടുക്കുന്ന കാലത്ത് പ്രസക്തമായ ഒരു കഥയായിരുന്നു ഇത്. പഴയതുപോലെ ജനകീയ ഫണ്ടുകൾ ഒന്നു കിട്ടാതെ വരുമ്പോൾ, മയക്കുമരുന്ന് മാഫിയകൾ ഒക്കെ പാർട്ടികളുടെ ഫണ്ടിങ്ങ് സോഴ്സുകൾ ആവുന്ന കാലം വിദൂരമല്ല. മറ്റ് പല രാജ്യങ്ങളിലും അത് സംഭവിച്ചു കഴിഞ്ഞു. അപ്പോൾ കേരളത്തിലും അത്തരം സാധ്യതകകളുടെ സിനിമാറ്റിക്ക് ലോജിക്കുകൾ തള്ളിക്കളയാൻ കഴിയില്ല. ( ഈ ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്താൽ കുറേക്കൂടി റിയലിസ്റ്റിക്കാവുമെന്ന് ഉറപ്പാണ്്)
നേരത്തെ മുരളി ഗോപി തിരക്കഥയെഴുതിയ ദിലീപിന്റെ 'കമ്മാര സംഭവത്തിൽ' കേരളത്തിലെ ബാർ ലോബി ഒരു രാഷ്ട്രീയപാർട്ടിയെ വിലയ്ക്കെടുത്ത് പുനരുജ്ജീവിപ്പിക്കുന്നതായിരുന്നു. ഇവിടെ അത്് മയക്കുമരുന്ന് മാഫിയയാണെന്ന് മാത്രം. പണം- അധികാരം- രാഷ്ട്രീയം തുടങ്ങിയ അതി ഗൗരവുമുള്ള വിഷയങ്ങളിലൂടെ ഡെവലപ്പ് ചെയ്യാവുന്ന കഥയായിരുന്നു ഇത്. അതുപോലെ ഇല്യൂമിനാറ്റി പോലുള്ള സാങ്കൽപ്പിക ഗൂഢ സംഘങ്ങളിലെ നായകനെപ്പോലെ തോനുന്ന കഥാഗതിയും വികസനം അർഹിച്ചിരുന്നു. പക്ഷേ മുരളി ഗോപി ആ വേറിട്ട പാതയൊക്കെ കൈവിട്ട്, മോഹൻലാലിന്റെ സ്റ്റാർഡം പരമാവധി ചൂഷണം ചെയ്യാവുന്ന രീതിയിൽ സുരക്ഷിതമായി കഥ ലാൻഡ് ചെയ്യിക്കയാണ് ഉണ്ടായത്. നേരത്തെ ഒന്നു രണ്ട് ചിത്രങ്ങളിൽ തീർത്തും വ്യത്യസ്തമായ കഥാനുഭവം നൽകിയിട്ടും പ്രേക്ഷകർ സ്വീകരിക്കാതിരുന്നതുകൊണ്ടുമായിരക്കും മുരളിയുടെ ഈ സേഫ് ഗെയിം.
പക്ഷേ സോഷ്യൽ ആംഗിളിൽ നോക്കുമ്പോൾ, അരാഷ്ട്രീയത കൃത്യമായി ഒളിച്ചുകടത്തുന്ന പടമായും ഇത് വിമർശിക്കപ്പെടാൻ ഇടയുണ്ട്. കൊള്ളയും കൊലയുമൊക്കെയായി നിയമവാഴ്ചയില്ലാത്ത ഒരു വെള്ളരിക്കാപ്പട്ടണമാണ് കേരളം എന്ന് ചിത്രം കണ്ടാൽ തോന്നിപ്പോകും. പക്ഷേ കഥയല്ലേ. അതിൽ ചോദ്യമില്ലല്ലോ
വാൽക്കഷ്ണം:
വിൻസന്റ് ഗോമസ്, സാഗർ എലിയാസ് ജാക്കി, ജഗന്നാഥൻ, ഇന്ദുചൂഡൻ, പുലിമുരുകൻ, ഇപ്പോൾ ലൂസിഫറും. വില്ലനായി തുടങ്ങി പിന്നെ നർമ്മവും നൊമ്പരുവുമുള്ള മധ്യവർഗ നായകനായി പിന്നെ അതിമാനുഷനായ സൂപ്പർ സ്റ്റാറായി വളർന്ന മോഹൻലാലിന്റെ പോക്ക് കാണുമ്പോൾ, ഹോളിവുഡ്ഡ് റാംബോ സിനിമകളുടെ പരിണാമമാണ് ഓർമ്മ വരുന്നത്. ശീതയുദ്ധാനന്തര കാലഘട്ടത്തിൽ സോവിയറ്റ് യൂണിയനായിരുന്നു റാംബോ കൗബോയ് സിനിമകളുടെ മുഖ്യ ശത്രു. സോവിയറ്റ് യൂണിയൻ തകരുകയും ശീതയുദ്ധം അവസാനിക്കുകയും ചെയ്തതോടെ പതുക്കെ പ്രതിനായക സ്ഥാനത്ത് ചൈനയും ഇസ്ലാമിക ഭീകരതയുമായി. ഒടുവിലത് എത്തിനിൽക്കുന്നത് അന്യഗ്രഹ ജീവികളിലാണ്. ഭൂമിയിൽ അമേരിക്കയ്ക്ക് എതിരാളികൾ ഇല്ലെന്നാണോ സ്റ്റാർ വാർസ് പോലുള്ള ചിത്രങ്ങൾ വീണ്ടും വീണ്ടും റീലോഡ് ചെയ്യുന്നതിലൂടെ അമേരിക്ക സൂചിപ്പിക്കുന്നത്.
അതുപോലെ നമ്മുടെ ലാലേട്ടന്റെ പരിണാവും ഓർത്തുനോക്കുക. മലയാളിയുടെ സമകാലീന ജീവിതാനുഭവങ്ങൾ പ്രതിഫലിപ്പിച്ചുകൊണ്ട് ഇത്രമേൽ വേഷങ്ങൾ ചെയ്ത നടൻ വേറെയുണ്ടാവില്ല.പ്രരാബ്ധക്കാരനായ മധ്യവർഗമലയാളിൽ തുടങ്ങുന്ന അയാളുടെ നായകവേഷങ്ങൾ. ( ടി പി ബാലഗോപൽ എംഎ പോലുള്ള എത്രയോ ചിത്രങ്ങൾ). അയാൾ ജീവിക്കാനായി ദുബൈ എന്ന എന്ന് ധരിച്ച് ചെന്നൈയിൽ എത്തി തൊഴിലെടുക്കുന്നു (നാടോടിക്കാറ്റ്). പിന്നീടയാൾ മുംബൈയിലെത്തി ദാദയാവുന്നു.(ആര്യൻ). മലയാളി ആദ്യമായി മെഷീൻഗണ്ണ് സ്വന്തം ഭാഷയിലുള്ള സിനിമയിൽ കാണുന്നതും അയാൾ രാജാവിന്റെ മകനായപ്പോൾ.
ഇടക്ക്, സ്നേഹിച്ച പെണ്ണിനെ മറ്റൊരാൾ കെട്ടിക്കൊണ്ടുപോകുമ്പോൾ അയാൾ മരക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞ് നോക്കിനിൽക്കുന്നു ( കിരീടം). അതേ അയാൾ പിന്നെ നരസിംഹവും ആറാം തമ്പുരാനുമായി അവതരിച്ച് ശരിക്കും അതിമാനുഷനാവുകയാണ്. പത്തുകാശ് സമ്പാദിച്ച് അയാൾ നാട്ടിൽ വന്ന് ഉൽസവവും വേലയും നടത്തുന്നു. പിച്ചാത്തിപ്പിടിയിൽനിന്ന് മെഷീൻഗണ്ണിലേക്കും പ്ിന്നീടങ്ങോട്ട് റോക്കറ്റ് ലോഞ്ചറിലേക്കുമൊക്കെയാണ് ലാലിന്റെ വളർച്ച.ചെറിയ സ്മ്ഗളറിൽ നിന്ന് വളർന്നു വളർന്ന് ഇനി ഒരു അന്താരാഷ്ട്ര ആയുധ വ്യാപരിയോ, ഒരു രാഷ്ട്രാന്തര ഡോണോ അല്ലാതെയുള്ള ചെറിയ കളികളൊന്നും അദ്ദേഹത്തിന്റെ ആരാധകർക്ക് ഏക്കില്ലെന്ന് പ്രഥ്വീരാജിനും നന്നായി അറിയാം. അതാണ് ലൂസിഫർ.
അപ്പോൾ ഒരു ചോദ്യം ബാക്കി. ഇനി ഇതുക്കും മേലെ എന്തു കൊടുക്കും. റാംബോ സിനിമകളെപ്പോലെ ഇനി നമ്മുടെ ലാലേട്ടനും യുദ്ധം ചെയ്യാനുള്ളത് ഒരുപക്ഷേ അന്യഗ്രഹ ജീവികളോട് മാത്രമായിരിക്കുമോ? വൈകാതെ ആശീർവാദിന്റെ ബാനറിൽ അതുപോലൊരു ചിത്രവും നിങ്ങൾക്കു കാണാം. ഫാൻസുകാരെ ആഹ്ലാദിപ്പിൻ, അർമാദിപ്പിൻ!