Latest News

അങ്ങേയ്ക്ക് വേണ്ടി ഞാനടക്കം ആരും ശബ്ദമുയര്‍ത്തിയില്ല; നിറഞ്ഞൊഴുകിയ കണ്ണുകള്‍ക്കൊപ്പം കുറ്റ ബോധത്താല്‍ എന്റെ തല കുനിഞ്ഞു പോയി; കെട്ട ഹൃദയവുമായി പ്രതികരിക്കാതെ ഇരുന്നതിന് മാപ്പ്; ലക്ഷ്മിപ്രിയയുടെ കുറിപ്പ്

Malayalilife
 അങ്ങേയ്ക്ക് വേണ്ടി ഞാനടക്കം ആരും ശബ്ദമുയര്‍ത്തിയില്ല; നിറഞ്ഞൊഴുകിയ കണ്ണുകള്‍ക്കൊപ്പം കുറ്റ ബോധത്താല്‍ എന്റെ തല കുനിഞ്ഞു പോയി; കെട്ട ഹൃദയവുമായി പ്രതികരിക്കാതെ ഇരുന്നതിന് മാപ്പ്; ലക്ഷ്മിപ്രിയയുടെ കുറിപ്പ്

മ്മയുടെ ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് ഒഴിഞ്ഞ ഇടവേള ബാബുവിനെ കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി നടി ലക്ഷ്മി പ്രിയ. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ അമ്മ സംഘടനയില്‍ നിന്ന് ആരും പ്രതികരിക്കാത്തതില്‍ ബാബു ദുഖം രേഖപ്പെടുത്തിയിരുന്നു. അതില്‍ കുറ്റബോധമുണ്ടെന്നും, മാപ്പ് ചോദിക്കുന്നതായും ഫേസ്ബുക്ക് കുറിപ്പില്‍ ലക്ഷ്മി പ്രിയ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം-

ഇന്നലെ ഞങ്ങളുടെ അമ്മയുടെ മുപ്പതാമത്തെ ആനുവല്‍ ജനറല്‍ ബോഡി മീറ്റിംഗ് ആയിരുന്നു.. പല കാരണങ്ങള്‍ കൊണ്ടും അതി വൈകാരികത നിറഞ്ഞത്. 1994 ല്‍ മലയാളം ആര്‍ട്ടിസ്റ്റ് കള്‍ക്ക് ഒരു കൂട്ടായ്മ വേണം എന്ന ശ്രീ സുരേഷ് ഗോപിയുടെയും ശ്രീ ഗണേഷ് കുമാറിന്റെയും ശ്രീ മണിയന്‍ പിള്ള രാജുവിന്റെയും ആഗ്രഹ പ്രകാരം 45000 രൂപ അവര്‍ പിരിവിട്ട് ഉണ്ടാക്കിയ സംഘടന മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കിന്നു.. മുപ്പതാണ്ടുകള്‍ താണ്ടിയ സംഘടനയില്‍ ഒരേ പദവിയില്‍ ഇരുപത്തി അഞ്ച് ആണ്ടുകള്‍ പൂര്‍ത്തിയാക്കി ആ വളയം മറ്റൊരാളെ ഏല്‍പ്പിച്ചു കൊണ്ട് ഡ്രൈവിംഗ് സീറ്റില്‍ നിന്നും ഏറ്റവും പ്രിയപ്പെട്ട ബാബുവേട്ടന്‍ ഉത്തരവാദിത്വം ഒഴിഞ്ഞിരിക്കുന്നു.....വികാര ഭരിതമായ ഇടവേള ബാബുവിന്റെ ബാബുവേട്ടന്റെ വിടവാങ്ങല്‍ പ്രസംഗത്തിനൊടുവില്‍ പറഞ്ഞ വാചകം 'അതേ സ്വകാര്യത എന്ന ഓമനപ്പേരില്‍ ഒതുക്കത്തില്‍ കിട്ടിയ മൊബൈല്‍ ഫോണ്‍ വച്ച് ഈ സോഷ്യല്‍ മീഡിയ മുഴുവന്‍ എന്നെ തെറി പറഞ്ഞാഘോഷിച്ചപ്പോള്‍ ഒരു വാക്കു പോലും നിങ്ങളാരും പറഞ്ഞില്ലല്ലോ ' എന്ന്. ശരിയാണ്... അങ്ങേയ്ക്ക് വേണ്ടി ഞാനടക്കം ആരും ശബ്ദമുയര്‍ത്തിയില്ല.. നിറഞ്ഞൊഴുകിയ കണ്ണുകള്‍ക്കൊപ്പം കുറ്റ ബോധത്താല്‍ എന്റെ തല കുനിഞ്ഞു പോയി.....

             മദ്രാസില്‍ ഒരു മലയാളി ആര്‍ട്ടിസ്റ്റ് മരണമടഞ്ഞാല്‍ ആ ബോഡി ഇവിടെ എത്തിക്കാന്‍ അന്നത്തെ മുതിര്‍ന്ന നടന്മാരുടെ കാല് പിടിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ തുടങ്ങിയ സംഘടന ഇന്ന് ഈ നിലയില്‍ എത്തി നില്‍ക്കുന്നതിന്റെ പ്രാധാന കാരണം ബാബുവേട്ടനാണ്... ഇപ്പൊ എത്രയോ പേര് മാസം പെന്‍ഷന്‍ വാങ്ങുന്നു.. ആ പെന്‍ഷന്‍ തുക കൊണ്ട് മരുന്നും വീട്ടു വാടകയും കൊടുക്കുന്ന എത്രയോ പേരെ നേരിട്ടെനിക്കറിയാം. ഞങ്ങള്‍ക്കെല്ലാ പേര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.. ഞങ്ങളില്‍ നിന്നും വിട്ടുപോയ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള തുക വര്‍ഷം തോറും അമ്മ ആ കുട്ടികളുടെ പേരില്‍ ഡെപ്പോസിറ്റ് ചെയ്യുന്നു... എത്രയോ പേര്‍ക്ക് വീട് വച്ചു നല്‍കി.. തെരുവോരം മുരുകനെപ്പോലെ ഉള്ളവര്‍ക്ക് അമ്മ ആംബലന്‍സ് വാങ്ങി നല്‍കി.. തെരുവില്‍ നിന്നും ഏറ്റെടുക്കുന്നവരെ കുളിപ്പിക്കുവാനടക്കം സൗകര്യമുള്ള ആംബുലന്‍സ്. ഓരോ പ്രകൃതി ക്ഷോഭത്തിനും സര്‍ക്കാരിന് അമ്മയുടെ കൈത്താങ്ങു നല്‍കിയിട്ടുണ്ട്. പ്രളയ കാലത്തെ അതി ജീവനത്തിന് ഞങ്ങള്‍ അമ്മയുടെ മക്കള്‍ ഓരോരുത്തരും ക്യാമ്പുകള്‍ തോറും നടന്ന് തലച്ചുമ്മടായി സാധനങ്ങള്‍ എത്തിച്ചു......  അമ്മ എന്തു ചെയ്തു? അമ്മ എന്തു ചെയ്തു എന്നു ചോദിക്കുന്നവര്‍ തീര്‍ച്ചയായും അമ്മ ചെയ്തത്, ചെയ്യുന്നത് അറിയണം.അമ്മ തികച്ചും ആര്ടിസ്റ്റ് വെല്‍ഫയര്‍ അസോസിയേഷന്‍ ആണ്... ഞങ്ങളില്‍ ഓരോരുത്തരും സ്വതന്ത്രമായി ജോലി ചെയ്യുന്നു. ഞങ്ങള്‍ ആരും സംഘടനയിലേക്ക് മാസവരിയോ സംഭവനയോ കൊടുക്കുന്നില്ല.. ( ചില പ്രത്യേക അവസരങ്ങളില്‍ സ്വയം ചിലര്‍ നല്‍കാറുണ്ട്.)  അമ്മയ്ക്ക് സര്‍ക്കാര്‍ ഗ്രാന്‍ഡുകളോ മറ്റ് സംഭാവനകളോ ഇല്ല..ആകെ ഉള്ളത് ഷോ നടത്തി കിട്ടുന്ന വരുമാനം മാത്രമാണ്. കൃത്യമായി ഇന്‍കം ടാക്‌സ് അടച്ച ശേഷം മാത്രം ഉള്ള തുക.

                      മേല്‍പ്പറഞ്ഞ സര്‍വ്വ കാര്യങ്ങളും മുടക്കമില്ലാതെ ഇക്കാലമത്രയും നടന്നു പോയത് ദേ ഈ കാണുന്ന മുത്തിന്റെ അധ്വാനവും ബുദ്ധിയും ക്ഷമയും ദീര്‍ഘ വീക്ഷണവും കൊണ്ടാണ്.. അമ്മനത്ത് ബാബു ചന്ദ്രന്‍ എന്ന ഇടവേള ബാബുവിന്റെ! 
                            ഒരിയ്ക്കല്‍ തൃശൂര്‍ ഒരു പ്രമുഖ ഹോട്ടലില്‍ മറ്റെന്തോ ആവശ്യത്തിന് ചെന്ന ഇടവേള ബാബു റിസപ്ഷനില്‍ നിന്നും അറിഞ്ഞതനുസരിച്ചു അമ്മയുടെ എക്‌സിക്യൂട്ടിവ് കമ്മറ്റി മീറ്റിംഗ് ഹാളിലേക്ക് കടന്നു ചെല്ലുന്നു.. അന്നത്തെ പ്രസിഡന്റ് ടി പി മാധവന്‍ അദ്ദേഹത്തിന് ബാബു ചെന്നത് ഇഷ്ടപ്പെട്ടില്ല.  കമ്മറ്റി മെമ്പര്‍മാര്‍ അല്ലാത്തവര്‍ പുറത്ത് പോകണം എന്ന ആക്രോശത്തിന് ക്ഷമ പറഞ്ഞു കൊണ്ട് നിറഞ്ഞ കണ്ണുകള്‍ ആരും കാണാതെ പെട്ടെന്ന് തിരിഞ്ഞു നടന്ന ഇടവേള ബാബു. പിന്നീട് നടന്ന ജനറല്‍ ബോഡി മീറ്റിംഗ് ല്‍ കമ്പ്യൂട്ടര്‍ ഇല്ലാക്കാലത്തെ ഓഫിസ് ജോലികള്‍ ഒറ്റയ്ക്ക് വഹിക്കുന്നതിലുള്ള അസ്വസ്ഥത കൊണ്ടോ ജോലി ഭാരം കൂടുതല്‍ എന്നത് കൊണ്ടോ  പെട്ടെന്നുണ്ടായ വികാര വിക്ഷേപത്താലോ ' എന്നെക്കൊണ്ടൊന്നും വയ്യ ആരാന്നു വച്ചാല്‍ നോക്കു ' എന്നും  പറഞ്ഞു ടി പി മാധവന്‍ സര്‍ വലിച്ചെറിഞ്ഞ ഫയലിന്‍ കൂട്ടം ചെന്നു വീണത് കെ ബി ഗണേഷ് കുമാര്‍ എന്ന ഗണേഷേട്ടന്റെ ദേഹത്തേക്ക്. അതെല്ലാം കൂടി വാരിപ്പെറുക്കി ഇടവേള ബാബുവിനെ ഏല്‍പ്പിച്ചു കൊണ്ട് ഗണേഷേട്ടന്‍ പ്രഖ്യാപിക്കുന്നു ' ഇനി ഒന്നും മാധവന്‍ ചേട്ടന്‍ ചെയ്യണ്ട., എല്ലാം ബാബു നോക്കി കൊള്ളും! ദേഷ്യമടങ്ങിയ ടി പി സര്‍ ഏറ്റെടുക്കാന്‍ തയ്യാറായി എങ്കിലും ഗണേഷേട്ടന്‍ ഉറച്ചു തന്നെ നിന്നു. ' വേണ്ട, ഇനി എല്ലാം ബാബു നോക്കിക്കൊള്ളും. '

                          ആ വാക്കുകള്‍ അന്വര്‍ത്ഥമാക്കി നോക്കി... ഈ ഇരുപത്തി അഞ്ചു വര്‍ഷക്കാലവും രാവും പകലും വീടും സ്വന്തം കുടുംബം എന്നതും ഒക്കെ മറന്ന് എന്തിന് ഒരു വിവാഹം എന്നത് പോലും മറന്നു കൊണ്ട് ഞങ്ങളുടെ മുന്‍ഗാമികളെയും ഞങ്ങളെയും ഒക്കെ നോക്കി.... ഈ ലോകത്തിന്റെ ഏതു കോണില്‍ പോയാലും രണ്ട് ബെല്ലടിച്ചു തീരും മുന്‍പേ ഫോണ്‍ എടുത്തു. വിവരങ്ങള്‍ കേട്ടൂ. പരിഹാരവും എത്തി.. ഞങ്ങള്‍ 530 പേരുടെയും മുഴുവന്‍ പ്രശ്‌നങ്ങളും കുടുംബ പ്രശ്‌നം മുതല്‍ ആരോഗ്യ കാര്യങ്ങള്‍ വരെ മന : പാഠം. എന്തും തുറന്നു പറയാവുന്ന സുഹൃത്ത്... ആത്മ ബന്ധു, അതൊക്കെയാണ് എനിക്ക് ബാബുവേട്ടന്‍. എനിക്ക് മാത്രമല്ല, മുഴുവന്‍ പേര്‍ക്കും..

                     എന്റെ മനസ്സില്‍ മായാത്ത ഒരു ചിത്രമുണ്ട് ബാബുവേട്ടന്റെ. കലാഭവന്‍ മണിച്ചേട്ടന്‍ മരിച്ച ദിവസം അമൃതയില്‍ നിന്നും ആ ശരീരം ഏറ്റെടുത്തു തൃശൂര്‍ മെഡിക്കല്‍ കോളേജ് ല്‍ എത്തിച്ച് ഒരു രാത്രി മുഴുവന്‍ ആ മോര്‍ച്ചറിയ്ക്ക് മുന്നില്‍ വിയര്‍ത്തൊട്ടിയ ഷര്‍ട്ടുമിട്ട് ഒരു തുള്ളി വെള്ളം കുടിക്കാതെ, ഒരു പോള കണ്ണടയ്ക്കാതെ നിന്ന ഇടവേള ബാബുവിന്റെ ചിത്രം... പിറ്റേന്ന് വൈകുന്നേരം ആ പുരുഷാരം മണിച്ചേട്ടന് യാത്ര അയപ്പ് നല്‍കിയ ശേഷം മാത്രം പിരിഞ്ഞു പോയ ബാബു.. അതുപോലെ എത്രയോ നടീ നടന്മാര്‍? നരേന്ദ്ര പ്രസാദ് സാറും മുരളി ഏട്ടനും കല്പ്പന ചേച്ചിയും തുടങ്ങി ഏതാണ്ട് എല്ലാപേരും.. ഒരേ ഒരു ബാബുവല്ലേ ഉള്ളൂ, ചിലപ്പോള്‍ ചില ഇടത്ത് എത്തി ചേരാന്‍ കഴിഞ്ഞിരിക്കില്ല..

                           തന്നെ ഇറക്കി വിട്ട ടി പി മാധവന്‍ സാറിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യ സ്‌ട്രോക്ക് വന്നപ്പോള്‍ താങ്ങായി നിന്നതും ഒരു മകന്റെ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നോക്കിയതും അടുപ്പമില്ലാത്ത ബന്ധുക്കളെ കണ്ടെത്തി മസ്തിഷ്‌ക സര്‍ജറി നടത്തിയതും പിന്നീട് ഹരിദ്വാറില്‍ വച്ച് രണ്ടാമത് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ അവിടെ പോയി ആളെ നാട്ടില്‍ എത്തിച്ചതും ഇപ്പോ ഈ സായന്തനത്തില്‍ ഗാന്ധി ഭവനില്‍ എത്തിച്ചതുമെല്ലാം കാലം കാത്തു വച്ച നിയോഗങ്ങളാവാം..

                                 തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആയുസ്സിന്റെ ഏറിയ പങ്കും സംഘടനയ്ക്കായി അമ്മയ്ക്കായ്, അമ്മമാര്‍ക്കായി സമര്‍പ്പിച്ച- അമ്മയുടെ ഓഫിസ് ബോയ് യും, തൂപ്പുകാരനും സെക്രട്ടറിയും സര്‍വ്വതുമായ ഇടവേള ബാബു, ഇടവേളകളില്ലാതെയാണ് രണ്ടു കൊല്ലത്തെ ഞങ്ങളുടെ ചിലവുകള്‍ക്കുള്ള തുക കൂടി കണ്ടെത്തി ഖജനാവ് സമ്പന്നമാക്കി പടിയിറങ്ങി പോകുന്നത്....കുത്തുവാക്കുകള്‍ മുറിവേല്‍പ്പിച്ച ഹൃദയവുമായി.. പക്ഷേ അങ്ങനെ എന്നന്നേക്കുമായി പോകാന്‍ അങ്ങേയ്ക്ക് കഴിയില്ല എന്നെനിക്കറിയാം കാരണം ' അമ്മ' യെ  കുടിയിരുത്തിയത് അങ്ങയുടെ ആത്മാവില്‍ ആണ്....

                         ഒരു വന്‍ ചെയ്യാത്തത് എന്തൊക്കെ എന്നല്ല, ചെയ്തത് എന്തൊക്കെ എന്ന് അന്വേഷിക്കണം. ലഭിച്ചതിനൊക്കെ കൃതാര്‍ത്ഥത ഉണ്ടാവണം..മനുഷ്യനല്ലേ വീഴ്ചകള്‍  പറ്റിയിട്ടുണ്ടാവാം. 

                     കെട്ട ഹൃദയവുമായി പ്രതികരിക്കാതെ ഇരുന്നതിന് മാപ്പ്
ലക്ഷ്മിപ്രിയ
 

Lakshmi Priya about idavela babu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES