Latest News

അബ്രാം ഖുറേഷി ഈസ് ബാക്ക്'! സോഷ്യല്‍ മീഡിയയെ തീ പിടിപ്പിച്ച് എമ്പുരാന്റെ ടീസര്‍; പൃഥ്വിരാജ് ഇത്രയും ചെറിയൊരു പടമെടുക്കും എന്ന് വിചാരിച്ചില്ലെന്ന് ടീസര്‍ ലോഞ്ച് ചെയ്തുകൊണ്ട് മമ്മൂട്ടി; ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് മാര്‍ച്ച് 27ന് 

Malayalilife
 അബ്രാം ഖുറേഷി ഈസ് ബാക്ക്'! സോഷ്യല്‍ മീഡിയയെ തീ പിടിപ്പിച്ച് എമ്പുരാന്റെ ടീസര്‍; പൃഥ്വിരാജ് ഇത്രയും ചെറിയൊരു പടമെടുക്കും എന്ന് വിചാരിച്ചില്ലെന്ന് ടീസര്‍ ലോഞ്ച് ചെയ്തുകൊണ്ട് മമ്മൂട്ടി; ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് മാര്‍ച്ച് 27ന് 

ലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ഞായറാഴ്ച പുറത്തിറങ്ങി. റിപ്പബ്ലിക് ദിനത്തില്‍ വൈകീട്ട് 07:07-നാണ് ടീസര്‍ പുറത്തിറക്കിയത്. പ്രത്യേക പരിപാടിയില്‍ മമ്മൂട്ടിയാണ് ടീസര്‍ പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ടീസര്‍ റിലീസ് ചെയ്തു. മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മാര്‍ച്ച് 27-നാണ് തിയേറ്ററുകളിലെത്തുക. 

പ്രൗഢഗംഭീരമായ ചടങ്ങില്‍ മമ്മൂട്ടിയാണ് ടീസര്‍ ലോഞ്ച് ചെയ്തത്. ടീസര്‍ അവതരിപ്പിച്ചശേഷം ചിത്രത്തേക്കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. പൃഥ്വിരാജ് ഇത്രയും ചെറിയൊരു പടമെടുക്കും എന്ന് വിചാരിച്ചില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. നമ്മള്‍ കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും വലിയ ചെറിയ പടം ഇതാണ്. എല്ലാ വിജയങ്ങളും നേരുന്നു. ഇത് മലയാള സിനിമയുടെ വിജയമാകട്ടെ. നമുക്കെല്ലാവര്‍ക്കും അതിന്റെ ഭാഗമാവാന്‍ സാധിക്കട്ടെയെന്നും മമ്മൂട്ടി പറഞ്ഞു. 

ആശീര്‍വാദ് സിനിമാസിന്റെ 25-ാം വാര്‍ഷികാഘോഷവും ടീസര്‍ ലോഞ്ചിന്റെ ഭാഗമായി നടന്നു. ആശീര്‍വാദിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് മമ്മൂട്ടി പറഞ്ഞതിങ്ങനെ: 'ആന്റണിയുടെ ആശീര്‍വാദ് ആണിപ്പോള്‍ പ്രത്യേകം ആശീര്‍വാദം ആഗ്രഹിക്കുന്നത്. ആശീര്‍വദിക്കാന്‍മാത്രം എനിക്കെന്ത് അര്‍ഹതയാണുള്ളതെന്ന് അറിയില്ല. എങ്കിലും എല്ലാ ആശംസകളും സ്നേഹവും ആശീര്‍വാദിനും ആന്റണിക്കും എന്റെ പ്രിയപ്പെട്ട ലാലിനും നേരുന്നു. പൃഥ്വിരാജിന് വിജയാശംസകളും നേരുന്നു.' ലെയ്ക്ക പ്രൊഡക്ഷന്‍സ് മലയാളത്തില്‍ നിര്‍മ്മാണപങ്കാളിയാകുന്ന ആദ്യ ചിത്രം കൂടിയാണ്, 2019-ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ തുടര്‍ച്ചയായെത്തുന്ന എല്‍2: എമ്പുരാന്‍. 

എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലുമായി 14 മാസം കൊണ്ടാണ് എമ്പുരാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ ഇയ്യപ്പന്‍, പൃഥ്വിരാജ്, നൈല ഉഷ, അര്‍ജുന്‍ ദാസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫ്രഞ്ച് നടന്‍ എറിക് എബൗനി, ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവദാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിദേശതാരങ്ങളും ചിത്രത്തില്‍ എത്തുന്നുവെന്നാണ് വിവരം. മാര്‍ച്ച് 27-നാണ് എമ്പുരാന്‍ തിയേറ്ററുകളിലെത്തുക. 

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആശീര്‍വാദ് സിനിമാസിന്റെയും ലെയ്ക്ക പ്രൊഡക്ഷന്‍സിന്റേയും ഔദ്യോഗിക യൂട്യൂബ് ചാനലുകളിലൂടെയാണ് ടീസര്‍ സോഷ്യല്‍ മീഡിയയിലേക്ക് എത്തിയത്. മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ ടീസര്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. സോഷ്യല്‍ മീഡിയയില്‍ വന്‍വരവേല്‍പ്പാണ് എമ്പുരാന്റെ ടീസറിന് ആരാധകര്‍ നല്‍കിയത്. ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തേ പുറത്തുവന്നിരുന്നു. ടൊവിനോയുടെ ജന്മദിനമായ ജനുവരി 21-നാണ് 'പവര്‍...ഇസ് ആന്‍ ഇല്യൂഷന്‍!' (അധികാരമെന്നതൊരു മിഥ്യയാണ്) എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയായി ചിത്രത്തില്‍ മുഴുനീള വേഷമാണ് ടൊവിനോയ്ക്ക് എന്നാണ് വിവരം. കഴിഞ്ഞവര്‍ഷം മോഹന്‍ലാലിന്റെ ജന്മദിനമായ മേയ് 21-നാണ് എമ്പുരാനിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ എബ്രാം ഖുറേഷിയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള അബ്രാം ഖുറേഷിയ്ക്ക് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. 

കൊച്ചിയില്‍ വച്ച് നടന്ന ടീസര്‍ ലോഞ്ചില്‍ എമ്പുരാന്റെ അണിയറയിലും മുന്‍നിരയിലും പ്രവര്‍ത്തിച്ചവരും എത്തിയിരുന്നു. കൂടാതെ സംവിധായകരായ സത്യന്‍ അന്തിക്കാട്, ജോഷി, റോഷന്‍ ആന്‍ഡ്രൂസ്, ഷാജി കൈലാസ് തുടങ്ങി സംവിധായകരും സന്നിഹിതരായി. വന്‍ ദൃശ്യവിരുന്നൊരുക്കുന്നതാകും എമ്പുരാന്‍ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ലഭിക്കുന്ന ഹൈപ്പിനൊത്ത് ആക്ഷനും മാസിനും കുറവില്ലാതെയാകും ലുസിഫറിന്റെ രണ്ടാം വരവ് എന്നത് എമ്പുരാന്‍ ടീസര്‍ ഉറപ്പ് നല്‍കുന്നുണ്ട്. 'എന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് പ്രിയദര്‍ശിനിയാണ്. അതില്‍ പൃഥ്വിരാജ് സുകുമാരന്‍ എന്ന സംവിധായകന് ഒപ്പം മുരളി ഗോപി എന്ന എഴുത്തുകാരനൊപ്പം ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മാതാവിനൊപ്പം ഇവര്‍ക്കെല്ലാം പുറമെ നാമെല്ലാം ആരാധിക്കുന്ന ബഹുമാനപ്പെട്ട ലാലേട്ടനൊപ്പം പ്രവര്‍ത്തിക്കാനായി. 

ലാലേട്ടന്റെ എല്ലാ സിനിമകളിലും എനിക്ക് കിട്ടാറുള്ള വളരെ ശക്തമായ കഥാപാത്രം ചെയ്യാനുള്ള അവസരം കൂടിയായിരുന്നു ഇത്. ആ യാത്ര തുടരുകയാണ്. അതിന്റെ സന്തോഷത്തിലാണ് ഞാന്‍', എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. 'ലൂസിഫറിലെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ എനിക്ക് കയ്യടി കിട്ടുമെന്ന് പറഞ്ഞിരുന്നു പൃഥ്വിരാജ്. അത് പിന്നീട് സത്യമായി. ഇപ്പോഴും എവിടെയെങ്കിലും പോയാലും ലൂസിഫര്‍ ഡയലോഗ് എന്നെ കൊണ്ട് പറയിപ്പിക്കും. വലിയൊരു ഇംപാക്ട് ആണത്. എന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷം കൂടിയാണത്. എമ്പുരാനില്‍ ലാലേട്ടന്റെ കൂടെ കോമ്പിനേഷന്‍ സീനുണ്ട്. അത് സ്പെഷ്യലാണ്', എന്നാണ് ടൊവിനോ പറഞ്ഞത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. നിലവില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

\

L2E Empuraan Teaser Mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES