ദിലീപുമായുള്ള പ്രശ്നങ്ങളെല്ലാം പറഞ്ഞു തീര്‍ത്ത മഞ്ജു ഈ കേസില്‍ കൂറുമാറുമെന്നാണ് കരുതിയതെങ്കിലും കോടതിയില്‍ തന്റെ സുഹൃത്തായ പീഡിപ്പിക്കപ്പെട്ട നടിയ്ക്കൊപ്പം അടിയുറച്ച് മഞ്ജു നിന്ന കാഴ്ചയാണ് കണ്ടത്. ആക്രമിക്കപ്പെട്ട നടിക്ക് ദിലീപിനോട് കടുത്ത വ്യക്തി വൈരാഗ്യം ഉണ്ടെന്ന മൊഴി തന്നെയാണ് വിചാരണയിലും മഞ്ജു വാര്യര്‍ എടുത്തത്. ഇതോടെ പീഡനക്കേസിനൊപ്പം പ്രോസിക്യൂഷന്റെ ഗൂഢാലോചന തിയറിക്കും വിചാരണയില്‍ കരുത്ത് കിട്ടി. മഞ്ജു വാര്യര്‍ കൂറു മാറുമെന്ന ആശങ്ക പ്രോസിക്യൂഷനുണ്ടായിരുന്നു. ഇതെല്ലാം വെറും അസ്ഥാനത്താണെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് മഞ്ജു നല്‍കിയത്. പ്രോസിക്യൂഷന്റെ മൊഴി എടുക്കലില്‍ അതിശക്തമായ മനസ്സോടെയാണ് മഞ്ജു കാര്യങ്ങള്‍ എണ്ണി പറഞ്ഞതെന്നാണ് സൂചന. ഇതോടെ ദിലപീനെതിരായ കുരുക്ക് മുറുകി. ഇതിന് പിന്നാലെയാണ് ഇന്നലെ ഗീതു മോഹന്‍ദാസിനെയും കോടതി വിസ്തരിച്ചത്. ഗീതുവും മഞ്ജുവിനെ പോലെ ശക്തമായ മൊഴിയാണ് ദിലീപിനെതിരെ നല്‍കിയത്.
അതേസമയം വെള്ളിയാഴ്ച വിസ്തരിക്കാന്‍ നിശ്ചയിച്ചിരുന്ന നടി സംയുക്താ വര്‍മയെയും ശനിയാഴ്ച വിസ്തരിക്കാന്‍ നിശ്ചയിച്ചിരുന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും പ്രോസിക്യൂഷന്‍ ഒഴിവാക്കി. ശ്രീകുമാര്‍ മേനോനും മഞ്ജുവും ഇപ്പോള്‍ കടുത്ത ശത്രുക്കളാണ്. അതുകൊണ്ട് തന്നെ പ്രോസിക്യൂഷന് അനുകൂലമായി പറയാതെ മഞ്ജുവിനെതിരെ ശ്രീകുമാര്‍ മൊഴി നല്‍കുമോ എന്ന ആശങ്ക പ്രോസിക്യൂഷനുണ്ട്. അതുകൊണ്ടാണ് ശ്രീകുമാര്‍ മേനോനെ പ്രോസിക്യൂഷന്‍ ഒഴിവാക്കുന്നത്. എന്നാല്‍ ഇതിനൊക്കെക്കാള്‍ പ്രധാനമായി പ്രോസിക്യൂഷന്‍ ഇപ്പോള്‍ നോക്കിക്കാണുന്നത് നടന്‍ കുഞ്ചാക്കോ ബോബന്റെ മൊഴിയാണ്. ഇന്നലെ കുഞ്ചാക്കോ ബോബനെ വിസ്തരിക്കേണ്ടതായിരുന്നു. എന്നാല്‍ താരം എത്തിയില്ല, അവധി അപേക്ഷ നല്‍കിയതുമില്ല. ഇതോടെ കോടതി ജാമ്യത്തോടുകൂടിയ വാറന്റ് പുറപ്പെടുവിച്ചു. വിസ്താരം തുടരുന്ന മാര്‍ച്ച് നാലിന് അദ്ദേഹം ഹാജരാകണം. കുഞ്ചാക്കോ ബോബന് ഇനി മൊഴി നല്‍കാന്‍ എത്തിയേ മതിയാകൂ. അല്ലെങ്കില്‍ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങും.
സാക്ഷി വിസ്താരം തുടങ്ങും മുമ്പ് ദിലീപും കുഞ്ചാക്കോ ബോബനും എല്ലാം ചേര്‍ന്ന് പാര്‍ട്ടി നടത്തിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും സിദ്ദിഖും ഈ പാര്‍ട്ടിയുടെ ഭാഗമായിരുന്നു. അതുകൊണ്ട് തന്നെ കുഞ്ചാക്കോ മൊഴി മാറ്റുമെന്ന ആശങ്ക ശക്തമാണ്. നടി ആക്രമിക്കപ്പെട്ട സമയത്ത് കുഞ്ചാക്കോ ബോബന്‍ ദിലീപിനെതിരെ മൊഴി നല്‍കിയിരുന്നു.
ഹൗ ഓള്‍ഡ് ആര്‍ യൂ സിനിമയില്‍ മഞ്ജുവിന്റെ നായകനായതിന്റെ പേരില്‍ ദിലീപിന് തന്നോടു വിരോധമുണ്ടെന്ന രീതിയിലായിരുന്നു കുഞ്ചാക്കോ ബോബന്റെ ആദ്യ മൊഴി. താന്‍ അഭിനയിച്ച കസിന്‍സ്' എന്ന സിനിമയില്‍നിന്നും ആക്രമിക്കപ്പെട്ട നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്. ഹൗ ഓള്‍ഡ് ആര്‍ യൂ കമ്മിറ്റ് ചെയ്തപ്പോള്‍ ദിലീപ് വിളിച്ചു സംസാരിച്ചു. ആ സിനിമയില്‍ ഞാന്‍ അഭിനയിക്കരുത് എന്ന ധ്വനിയിലായിരുന്നു ദിലീപിന്റെ സംസാരമെന്നും കുഞ്ചാക്കോ ബോബന്‍ ആദ്യ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. അമ്മയുടെ ട്രഷററായിരുന്ന തന്നെ ദിലീപ് വിരോധത്തിന്റെ പേരില്‍ മാറ്റിയെന്നും ചാക്കോച്ചന്റെ മൊഴിയിലുണ്ടായിരുന്നു. സിനിമാ ലോകത്തെ ഇവര്‍ തമ്മിലുള്ള പിണക്കം പരസ്യമായിരുന്നു. എന്നാല്‍ നാളുകളായി ഇവര്‍ പിണക്കം തീര്‍ന്ന ഒന്നിച്ചെത്തുന്ന കാഴ്ചയാണ് കാണുന്നത്. മഞ്ജു വാര്യരുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ആളാണ് കുഞ്ചാക്കോ ബോബന്‍. എന്നാല്‍ ചാക്കോച്ചന്റെ മകന്റെ മാമോദീസ ചടങ്ങില്‍ മഞ്ജു എത്തിയില്ല. ദിലീപാകട്ടെ കാവ്യാ മാധവനൊപ്പം ചടങ്ങിലെത്തി സൗഹൃദം പങ്കിട്ട കാഴ്ച സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും തീര്‍ന്നു എന്ന് ഇതോടെ പലര്‍ക്കും മനസിലായി.
ഇത്തരത്തിലെ അഭ്യൂഹങ്ങള്‍ക്കിടെയാണ് കുഞ്ചാക്കോ സാക്ഷി വിസ്താരത്തില്‍ നിന്ന് വിട്ടു നിന്നത്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ മഞ്ജുവിന്റെ നായകനായിരുന്നു കുഞ്ചാക്കോ. ഇതുമായി ബന്ധപ്പെട്ട് ചില ഭീഷണികള്‍ ദിലീപില്‍ നിന്നുണ്ടായി എന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ഇത് തെളിയിക്കാനാണ് കുഞ്ചാക്കോയെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയത്. ദിലീപിനെതിരെ മൊഴി നല്‍കാന്‍ ഇനി ചാക്കോച്ചന്‍ തയ്യാറാവില്ലെന്ന സൂചന ആരാധകരിലും നിരാശയായി പടരുകയാണ്.