മലയാളികളുടെ ഇഷ്ടനായികയാണ് കീര്‍ത്തി സുരേഷ് . മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തെന്നിന്ത്യന്‍ സിനിമ ലോകത്തെയും നിറ സാന്നിധ്യമായി. നടി മേനക സുരേഷിന്റെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും രണ്ടാമത്തെ മകളായ കീര്‍ത്തി സുരേഷിന് മലയാളത്തിന് പുറമേ തമിഴ്, തെലുങ്കും കടന്ന് ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
ഒരു ദശാബ്ദ കാലമായി സിനിമയില്‍ സജീവമായി നില്‍ക്കുന്ന കീര്‍ത്തിയുടെ കരിയറിലെ വളര്‍ച്ച ദ്രൂതഗതിയിലായിരുന്നു. ആ വളര്‍ച്ചയില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ കീര്‍ത്തി എന്ന അഭിനേത്രിയില്‍ ഉണ്ടായി. തുടക്കകാലത്ത് വെറും നായികാ വേഷത്തില്‍ ഒതുങ്ങിയ കീര്‍ത്തി ഇപ്പോള്‍ കഥാമൂല്യമുള്ള ചിത്രങ്ങളുടെ ഭാഗമാണ്. തന്റെ കരിയറില്‍ പരാജയങ്ങള്‍ വന്നപ്പോള്‍ അതിനെ നേരിട്ടതിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം.
.എസ് എസ് മ്യൂസിക് ചാനലിന് നല്‍കിയ പോട്കാസ്റ്റ് വീഡിയോയില്‍ സംസാരിക്കവേയാണ് നടി മനസ് തുറന്നത്
സിനിമാ ജീവിതത്തില്‍ പലതരത്തിലുള്ള ഉയര്‍ച്ച താഴ്ചകള്‍ കീര്‍ത്തിക്ക് ഉണ്ടായിട്ടുണ്ട്. ചില സിനിമകള്‍ വലിയൊരു തെറ്റായി മാറിയപ്പോള്‍ മറ്റ് ചിലത് മികച്ചതുമായി മാറി. നാഷണല്‍ അവാര്‍ഡ് നേടിയപ്പോള്‍ ഏറ്റവും അധികം ട്രോള്‍ നേടി എന്ന ഖ്യാതിയും കീര്‍ത്തിക്ക് മാത്രമുള്ളതാണ്.ഇപ്പോഴിതാ തന്റെ നിലപാടുകളെക്കുറിച്ചും സിനിമയില്‍ നിന്ന് ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് കീര്‍ത്തി. ''
ഞാന്‍ സിനിമയില്‍ വന്ന സമയത്ത് ഏറ്റവും കൂടുതല്‍ പറഞ്ഞത് നോ എന്നായിരിക്കും. സിനിമയിലെത്തിയപ്പോള്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു. പലതും വലിയ സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാനായിരുന്നു. എന്നാല്‍ ഞാന്‍ എങ്ങനെയാണ് അവരോടെല്ലാം നോ എന്ന് പറഞ്ഞതെന്ന് എനിക്കിപ്പോഴും അറിയില്ല. അന്ന് അത്രക്കും വലിയ തീരുമാനം എനിക്ക് എടുക്കാന്‍ സാധിച്ചു എന്നോര്‍ക്കുമ്പോള്‍ അഭിമാനമുണ്ട്. എനിക്ക് സിനിമ പാഷനാണ്, അല്ലാതെ പണം സമ്പാദിക്കാനുള്ള മാര്‍ഗമല്ല.
എനിക്ക് ഓടി നടന്ന് സിനിമകള്‍ ചെയ്യാനിഷ്ടമല്ല. അതിപ്പോഴും താത്പര്യമില്ല. ഒരു സിനിമ ചെയ്തു കഴിഞ്ഞിട്ടേ അടുത്ത സിനിമയെ കുറിച്ച് ആലോചിക്കുള്ളൂ. അതിനാല്‍ ഒരുപാട് അവസരങ്ങള്‍ നഷ്ടമായി. എന്നാല്‍ അതില്‍ ദുഖമില്ല. ആ തീരുമാനത്തില്‍ എനിക്ക് അഭിമാനമുണ്ട്. ഇടക്ക് തുടരെ തുടരെ എന്റെ സിനിമകള്‍ പരാജയപ്പെട്ടു കൊണ്ടിരുന്നു. പഠിക്കാനുള്ള ഓരോ പാഠങ്ങളായിരുന്നു ഓരോ സിനിമയും. അതില്‍ അല്‍പം വിഷമം ഉണ്ടായിരുന്നു. ഒരു ഡിപ്രഷന്‍ പോലെ സംഭവിച്ചു. ഞാനപ്പോള്‍ വീട്ടില്‍ തന്നെ ഉണ്ടാവാറുണ്ടായിരുന്നു. മാനസികമായി തകര്‍ന്നു പോകുമ്പോള്‍ എന്റെ വീട്ടില്‍ പോയി ഇരിക്കും.
അതിലും വലിയ സമാധാനം എനിക്ക് വേറെ എവിടെ പോയാലും കിട്ടില്ല. പ്രത്യേകിച്ച് ഒന്നും ചെയ്യില്ല. വെറുതേ ഇരിക്കും. വല്ലാതെ വിഷമത്തില്‍ ആണെങ്കില്‍ അളവിലും അധികം ആഹാരം കഴിക്കും. ഇങ്ങനെ വീട്ടില്‍ ഒരു 4 ദിവസം ഇരുന്നാല്‍ തന്നെ എനിക്ക് സന്തോഷം ഉണ്ടാവും, ഒരുപാട് മാറ്റം ഉണ്ടാവും....'' കീര്‍ത്തി പറയുന്നു.
ഒരുപക്ഷേ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെട്ട നടി ഞാന്‍ ആയിരിക്കാമെന്നും നടി പറയുന്നു. രണ്ട് തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉള്ളത്. ഒന്ന് നമ്മളുടെ ഭാഗത്ത് തെറ്റുകള്‍ വന്നത് കൊണ്ട് വിമര്‍ശിക്കുന്നതാവാം, അത് ശ്രദ്ധിക്കാം, തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാം. മറ്റൊന്ന് അവരുടെ എന്റര്‍ടൈന്‍മെന്റിന് വേണ്ടി നമ്മളെ ഇരയാക്കുന്നതാവാം. അവരോട് ഒന്നും പറയാനില്ല. വെറുക്കുന്നവര്‍ വെറുത്തുകൊണ്ടേയിരിക്കും- കീര്‍ത്തി സുരേഷ് പറയുന്നു.
എന്തിനും ഏതിനും ഗോസിപ്പുകള്‍ വരുമ്പോള്‍, ഞാന്‍ എന്തിനാണ് അതിന് വിശദീകരണം നല്‍കേണ്ടത്. ആര്‍ക്കാണ് ഞാന്‍ എല്ലാം ബോധ്യപ്പെടുത്തികൊടുക്കേണ്ടത്. അതിന്റെ ആവശ്യമെന്താണ്. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഒന്നിനോടും ഞാന്‍ പ്രതികരിക്കാത്തത്. അതിന്റെ ആവശ്യം ഇല്ല എന്ന് തോന്നി. മറ്റൊരു കാര്യം ഞാന്‍ പ്രതികരിച്ചതുകൊണ്ട് ആരും വേദനിക്കരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അവര്‍ എന്നെ വേദനിപ്പിച്ചോട്ടെ, പക്ഷെ എന്നെ വാക്കുകള്‍ അവരെ മുറിപ്പെടുത്തരുത്.
എന്റെ വിശ്വാസം, സമയും കാലവു എല്ലാത്തിനും മറുപടി നല്‍കും എന്നാണ്. മഹാനടി എന്ന ഒരു സിനിമ സംഭവിയ്ക്കുന്നതുവരെ എന്നെ കുറിച്ച് തുടര്‍ച്ചയായ ട്രോളുകളും കമന്റുകളും വന്നിരുന്നു. ഒന്നിനോടും ഞാന്‍ പ്രതികരിച്ചില്ല. എന്നിട്ടും മഹാനടി സംഭവിച്ചതോടു കൂടെ അതെല്ലാം അവസാനിച്ചില്ലേ. അത്രയേയുള്ളഊ. മഹാനടിയ്ക്ക് ശേഷം അഭിനയത്തെ കളിയാക്കി ട്രോളുകള്‍ വന്നില്ല. അതുപോലെ എല്ലാ ഗോസിപ്പുകളും കാലം മായിച്ചോളും- കീര്‍ത്തി പറയുന്നു.
കഥയും കഥാപാത്രങ്ങളും, മൊത്തം ക്രൂവും എല്ലാം നോക്കിയാണ് ഓരോ സിനിമയും തിരഞ്ഞെടുക്കുന്നത്. പരാജയപ്പെടണം എന്ന് കരുതി ഒരു സിനിമയും ചെയ്യുന്നില്ല. എന്നിട്ടും ചിലര്‍ വന്ന് ചോദിയ്ക്കും, എന്തിനാണ് ഇങ്ങനെയുള്ള സിനിമകളൊക്കെ ചെയ്യുന്നത് എന്ന്. അതിനര്‍ത്ഥം, പരാജയപ്പെടും എന്നറിഞ്ഞ് തന്നെ ഞാന്‍ ആ സിനിമ ചെയ്തു എന്നല്ലേ. അതെങ്ങനെയാണ് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഓരോ സിനിമ ചെയ്യുമ്പോഴും വ്യത്യസ്തമായത് ചെയ്യാനാണ് ശ്രമിക്കുന്നത്, പുതുമുഖ സംവിധായകരോടൊപ്പം വര്‍ക്ക് ചെയ്യാനും എനിക്ക് താത്പര്യമാണ് എന്ന് കീര്‍ത്തി സുരേഷ് പറയുന്നു.
പല അഭിനേത്രികളും തങ്ങളുടെ സിനിമകള്‍ പരാജയപ്പെട്ടതിനെക്കുറിച്ച് തുറന്നു പറയാറില്ല. എന്നാല്‍ കീര്‍ത്തി അതില്‍ നിന്ന് വ്യത്യസ്തയാണ്.
അടുത്തിടെ കീര്‍ത്തി അഭിനയിച്ച് ഏറെ പ്രശംസ നേടിയ കല്‍കി എന്ന സിനിമയിലെ ബുജി എന്ന കഥാപാത്രത്തെ ആരും മറക്കില്ല. കീര്‍ത്തിയുടെ അവസാനം ഇറങ്ങിയ പവര്‍ഫുള്‍ കഥാപാത്രമായിരുന്നു അത്. ശബ്ദം മാത്രമായിരുന്നു എങ്കിലും ബുജി തിയേറ്ററില്‍ ഉണ്ടാക്കിയ ഓളം വളരെ വലുതായി മാറി. നാഗ് അശ്വിന്‍ കീര്‍ത്തിക്ക് മറ്റൊരു വേഷമായിരുന്നു ആദ്യം ഓഫര്‍ ചെയ്തത്, പക്ഷേ കീര്‍ത്തിക്ക് ആ കഥാപാത്രം ഇഷ്ടമായില്ല. അവസാനമാണ് ബുജിയിലേക്ക് എത്തിയത്.