തെന്നിന്ത്യയുടെ സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ ഇറങ്ങുന്ന ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസ് ഹിറ്റുകളായി മുന്നേറുകയാണ്. ഇതിനിടെ സൂപ്പര്‍ സ്റ്റാര്‍ പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. എആര്‍ മുരുഗദോസ് ഒരുക്കുന്ന ചിത്രത്തിലാണ് രജനീകാന്ത് അടുത്തതായി അഭിനയിക്കുക. എന്നാല്‍ ഇതില്‍ നായികമാരായിഎത്തുക മലയാളത്തിന്റെ പ്രിയനടികളാണ് എന്നുള്ളത് മലയാളികള്‍ക്കും ഏറെ അഭിമാനം നല്കുന്നു.
വിജയ് നായകനായെത്തിയ 'സര്‍ക്കാറി'ന് ശേഷം മുരുഗദോസ് ഒരുക്കുന്ന ചിത്രത്തില്‍ രജനിയുടെ നായികമാരായി നയന്‍താരയും കീര്‍ത്തി സുരേഷും എത്തുമെന്നാണ് റിപ്പോര്‍ട്ട്.ചന്ദ്രമുഖി, ശിവാജി, കുസേലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ രജനിക്കൊപ്പം നയന്‍സും എത്തിയിരുന്നു. കീര്‍ത്തി സുരേഷ് ആദ്യമായാണ് രജനിക്കൊപ്പം അഭിനയിക്കാനൊരുങ്ങുന്നത്. അതോടൊപ്പം ആദ്യമായാണ് തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നയന്‍സും കീര്‍ത്തിയും ഒന്നിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
ചിത്രത്തില്‍ രജനീകാന്ത് ഡബിള്‍ റോളിലാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് ഓഫീസറും സാമൂഹ്യ പ്രവര്‍ത്തകനുമായാണ് രജനീകാന്ത് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം രാഷ്ട്രീയലക്ഷ്യത്തോടെ ഉള്ളതാകില്ലെന്നും മറിച്ച് ഒരു പക്കാ എന്റര്‍ടെയിനര്‍ ആകുമെന്നുമാണ് സംവിധായകന്‍ എ.ആര്‍.മുരുഗദോസ് അവകാശപ്പെടുന്നത്. എല്ലാ പ്രായത്തിലുള്ള ആളുകളെയും ചിത്രം രസിപ്പിക്കുമെന്നും സംവിധായകന്‍ പറയുന്നു.
വിജയ് നായകനായ സര്‍ക്കാര്‍ ആയിരുന്നു മുരുഗദോസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ വിജയ് യുടെ നായികയായി എത്തിയത് കീര്‍ത്തി സുരേഷാണ്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് കീര്‍ത്തി ഇപ്പോള്‍ അഭിനയിക്കുന്നത്