നൊമ്പരങ്ങള്‍ ബാക്കിയാക്കി വിടപറഞ്ഞ മകള്‍ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര. ഒന്‍പതാമത്തെ വയസ്സില്‍ തങ്ങളെ വിട്ടുപോയ മകള്‍ക്ക് പതിനഞ്ചാം ജന്മദിനാശംസകള്‍ നേരുകയാണ് ചിത്രയുടെ അമ്മ മനസ്സ്. മകള്‍ നന്ദനയുടെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടുളള ചിത്രയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരാധകരുടെ കണ്ണുനനയിക്കുകയാണ്.
സ്വര്‍ഗത്തില്‍ നിന്നും വന്ന ഈ മാലാഖ ഞങ്ങളുടെ ജീവിതത്തെ ഒരു മുത്തശ്ശിക്കഥയാക്കി മാറ്റി, നീയാണ് ഞങ്ങളുടെ നിധി, ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും ശുഭകാര്യം. പ്രീയപ്പെട്ട നന്ദനയ്ക്ക് പിറന്നാള്‍ ആശംസകള്‍' എന്ന കുറിപ്പിനൊപ്പം മകളുടെ മനോഹരമായൊരു ഫോട്ടോയും ചിത്ര ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പതിനഞ്ച് വര്‍ഷത്തോളം കുട്ടികളില്ലാതിരുന്ന ചിത്രയ്ക്ക് ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കും ശേഷമാണ് നന്ദന ജനിച്ചത്. സായിബാബ ഭക്തയായ ചിത്രയുടെ മകള്‍ക്ക് നന്ദനയെന്ന് പേര് നല്‍കിയത് സത്യസായി ബാബയായിരുന്നു.
ഷാര്‍ജയില്‍ എആര്‍ റഹ്മാന്‍ അവതരിപ്പിയ്ക്കുന്ന സംഗീതനിശയില്‍ പങ്കെടുക്കാനായിരുന്നു ചിത്ര മകളോടൊപ്പം ദുബയിലെത്തിയത്. രാവിലെ സംഗീതനിശയുടെ റിഹേഴ്‌സലിന് പോകാനൊരുങ്ങുന്ന വേളയിലാണ് ദുരന്തമുണ്ടായത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരണത്തിനു കീഴടങ്ങുകയായിരുന്നു. നെഞ്ചോട് ചേര്‍ത്ത് വളര്‍ത്തിയ മകളുടെ വേര്‍പാട് ചിത്രക്ക് താങ്ങാനാകുന്നതായിരുന്നില്ല. ഇനി പാടാന്‍ കഴിയില്ല എന്നു പോലും ഒരു വേള ചിത്ര പറഞ്ഞിരുന്നു. ക്രമേണ ജീവിതത്തിലേക്കും,സംഗീത ലോകത്തേക്കും മടങ്ങിയെത്തുകയായിരുന്നു മലയാളത്തിന്റെ വാനമ്പാടി.