ആട് 2 എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജയസൂര്യ വിജയ് ബാബു കൂട്ടുകെട്ടാൽ മറ്റൊരു ചിത്രമെത്തുന്നു. 'തൃശൂർ പൂരം' എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് പൂര നഗരിയിൽ വെച്ച് സിനിമയിലെ അണിയറ പ്രവർത്തകർ ചേർന്ന് നിർവഹിച്ചു.
ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് മോഹനനാണ്. എസ്‌കേപ്പ് ഫ്രം ഉഗാണ്ട, അന്നും ഇന്നും എന്നും, സാൾട്ട് മാംഗോ ട്രീ, കല്യാണം എന്നീ ചിത്രങ്ങളുടെ സംവിധായകൻ രാജേഷ് നായർ ഈ ചിത്രത്തോടെ രാജേഷ് മോഹനൻ എന്ന പുതിയ പേര് സ്വീകരിക്കുകയാണ്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നതും രതീഷ് വേഗയാണ്. താരനിർണയം പൂർത്തിയായി വരുന്ന ഈ ചിത്രം ജൂണിൽ ചിത്രീകരണമാരംഭിക്കും
തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും തൃശൂർ പൂരം എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. തൃശൂർ പൂരത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ ലോഞ്ചിന് ഏറ്റവും മികച്ച ഇടം പൂരനഗരിയാണെന്ന വിശ്വാസത്തിലാണ് ഇതുപോലൊരു സർപ്രൈസ് ലോഞ്ച് എന്ന് വിജയ് ബാബു പറഞ്ഞു.
പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിനു ശേഷം വീണ്ടും തൃശൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തിൽ കൂടി ജയസൂര്യ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.