Latest News

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ; വിടപറഞ്ഞത് ഹാസ്യസിനിമകള്‍ക്ക് വേറിട്ട ശൈലി പകര്‍ന്ന ചലച്ചിത്രകാരന്‍

Malayalilife
 സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ; വിടപറഞ്ഞത് ഹാസ്യസിനിമകള്‍ക്ക് വേറിട്ട ശൈലി പകര്‍ന്ന ചലച്ചിത്രകാരന്‍

കൊച്ചി: സിനിമ സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു. 63 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായി. ചൊവ്വാഴ്ചയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന സിദ്ദിഖ് എക്മോ സപ്പോര്‍ട്ടിലായിരുന്നു

കരള്‍ രോഗവും ന്യുമോണിയയും ബാധിച്ച സിദ്ദിഖിനെ ജൂലൈ 10-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ദിഖിന്റെ അടുത്ത ബന്ധുക്കളും സിനിമാ മേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളും ആശുപത്രിയില്‍ ഉണ്ട്. 1984 ലാണ് സിദ്ദിഖ് വിവാഹിതനാകുന്നത്. സജിതയാണ് ഭാര്യ. സുമയ്യ, സാറാ, സുകൂന്‍ എന്നിവര്‍ മക്കളാണ്.

മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ലാലിനൊപ്പവും അല്ലാതെയും അദ്ദേഹം ചെയ്ത ചിത്രങ്ങളില്‍ മിക്കതും മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളാണ്. സിനിമയില്‍ പച്ചപിടിക്കാന്‍ മദ്രാസില്‍ അലഞ്ഞുതിരിഞ്ഞു നടന്ന കാലത്തെ പട്ടിണിയും പരിവട്ടവും നിറഞ്ഞ അനുഭവങ്ങള്‍ സിദ്ദിഖ്-ലാല്‍ തങ്ങളുടെ രചനകളിലൂടെ സിനിമയിലേക്ക് പറിച്ചുനട്ടു. അതുകൊണ്ടു തന്നെയാണ് എല്ലാതരത്തിലുമുള്ള പ്രേക്ഷകരുടെ പ്രീതി നേടാന്‍ ഇവരുടെ ചിത്രങ്ങള്‍ക്ക് സാധിച്ചത്.

1954 ഓഗസ്റ്റ് 1 ന് ഇസ്മായില്‍ ഹാജിയുടെയും സൈനബയുടെയും മകനായി കൊച്ചിയിലാണ് സിദ്ദിഖ് ജനിച്ചത്. സെന്റ് പോള്‍സ് കോളേജില്‍ നിന്നാണ് ഔദ്യോഗിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പഠനത്തേക്കാളേറെ കലയോടായിരുന്നു സിദ്ദിഖിന് താല്‍പര്യം. തുടര്‍ന്ന് കൊച്ചിന്‍ കലാഭവന്‍ ട്രൂപ്പിലൂടെ വിനോദരംഗത്ത് എത്തി. കലാഭവനില്‍ അദ്ദേഹം എഴുതിയ സ്‌കിറ്റുകള്‍ വളരെ ശ്രദ്ധേയമായിരുന്നു. മിമിക്രിയും സ്‌കിറ്റുമായി വേദികളില്‍ തിളങ്ങിയിരുന്ന കാലത്താണ് ഫാസില്‍ സിദ്ദിഖിനെയും സുഹൃത്ത് ലാലിനെയും കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേര്‍ക്കുന്നതും. തുടര്‍ന്ന് സിദ്ദിഖും ലാലും ഫാസിലിന്റെ സിനിമകളില്‍ സഹസംവിധായകനായി ഏറെ കാലം പ്രവര്‍ത്തിച്ചു.

1986 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി സിദ്ദിഖും ലാലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് ജോഡിക്ക് തുടക്കമാവുകയായിരുന്നു. മോഹന്‍ലാല്‍-ശ്രീനിവാസന്‍ ടീം വേഷമിട്ട് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ആയിരുന്നു അടുത്ത ചിത്രം. നാടോടിക്കാറ്റിന്റെ കഥ സിദ്ദിഖ്-ലാലിന്റേതായിരുന്നു. പിന്നീട് കമലിനൊപ്പം കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തില്‍ അസോസിയേറ്റ് സംവിധായകരായി ഇരുവരും പ്രവര്‍ത്തിച്ചു.

1989 ല്‍ പുറത്തിറങ്ങിയ റാംജിറാവും സ്പീക്കിങ് ആയിരുന്നു സിദ്ദിഖ്-ലാല്‍ ജോഡിയുടെ ആദ്യ സംവിധാന സംരംഭം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഇവരുടേത് തന്നെയായിരുന്നു. റാംജിറാവു ഗംഭീര വിജമായി. പിന്നീടങ്ങോട്ട് ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ചു. അതില്‍ ഫിലോമിന, എന്‍.എന്‍ പിള്ള, മുകേഷ്, കനക എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗോഡ് ഫാദര്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ്. 1991 ലെ ഏറ്റവും കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരവും ഗോഡ്ഫാദറിനെ തേടിയെത്തി. ഹല്‍ചല്‍ എന്ന പേരില്‍ 2004 ല്‍ പ്രിയദര്‍ശന്‍ ഗോഡ്ഫാദര്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു.

മക്കള്‍ മാഹാത്മ്യം, മാന്നാര്‍ മത്തായി സ്പീക്കിങ് തുടങ്ങിയ സൂപ്പര്‍ഹിറ്റുകളുടെ കഥയും തിരക്കഥയും സിദ്ദിഖ്-ലാലിന്റേതാണ്. കമല്‍ സംവിധാനം ചെയ്ത അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ കഥയും സിദ്ദിഖിന്റേതാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശ്രീനിവാസനാണ്.

മാന്നാര്‍ മത്തായിക്ക് ശേഷം സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ട് വേര്‍പിരിഞ്ഞു. ലാലില്ലാതെ സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഹിറ്റ്ലറാണ്. മമ്മൂട്ടി നായകനായ ഈ ചിത്രം വന്‍വിജയമായി. പിന്നീട് ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ഫ്രണ്ടസ് എന്ന ചിത്രവും ബോക്‌സ് ഓഫീസില്‍ വന്‍ തരംഗം സൃഷ്ടിച്ചു. അന്യഭാഷകളിലും വലിയ ചര്‍ച്ചയായ ഫ്രണ്ട്‌സ് 2001 ല്‍ തമിഴിലേക്ക് റീമേക്ക് ചെയ്തു. വിജയ്, സൂര്യ, രമേഷ് കണ്ണ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. മമ്മൂട്ടിയെ നായകനാക്കി 2003 ല്‍ സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രവും ഗംഭീര വിജയം നേടി. അതിന് ശേഷം എങ്കള്‍ അണ്ണാ, സാധു മിരണ്ടാ തുടങ്ങി തമിഴില്‍ രണ്ട് ചിത്രങ്ങള്‍ ഒരുക്കി.

സിദ്ദിഖിന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് 2010 ല്‍ പുറത്തിറങ്ങിയ ബോഡിഗാര്‍ഡ്. ദിലീപ്, നയന്‍താര എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം മലയാളത്തില്‍ വന്‍ ഹിറ്റായതോടെ തമിഴില്‍ 2011 ല്‍ കാവലന്‍ എന്ന പേരില്‍ റീമേക്ക് ചെയ്തു. വിജയ്, അസിന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേ വര്‍ഷം തന്നെ ചിത്രം ഹിന്ദിയിലും റീമേക്ക് ചെയ്തു. സല്‍മാന്‍ ഖാനും കരീന കപൂറുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലുമെല്ലാം ചിത്രം ബ്ലോക് ബസ്റ്ററായി. ഹിന്ദിയിലും തമിഴിലും ഈ ചിത്രങ്ങളുടെ സംവിധാനം നിര്‍വഹിച്ചതും സിദ്ദിഖായിരുന്നു.

ലേഡീസ് ആന്‍ഡ് ജന്റില്‍ മാന്‍, കിം?ഗ് ലയര്‍, ഫുക്രി, ഭാസ്‌കര്‍ ദ റാസ്‌കല്‍ (തമിഴ്) തുടങ്ങിയവയാണ് പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങള്‍. 2020 ല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബ്രദര്‍ ആയിരുന്നു അവസാന ചിത്രം. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, പൂവിന് പുതിയ പൂന്തെന്നല്‍, വര്‍ഷം 16, മാനത്തെ കൊട്ടാരം, സിനിമാ കമ്പനി, മാസ്റ്റര്‍ പീസ്, ഇന്നലെ വരെ തുടങ്ങി ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ സിദ്ദിഖ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .

Read more topics: # സിദ്ദിഖ്
siddique passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES