ചലച്ചിത്ര നടന്‍ മോഹന്‍രാജിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ച് മണിയോടുകൂടി തിരുവനന്തപുരം കാഞ്ഞിരംകുളത്തെ തറവാട് വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം നടക്കുക.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മോഹന്‍രാജിന്റെ മരണം. പാര്‍ക്കിന്‍സണ്‍സ് അസുഖ ബാധിതനായതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ഹോസ്പിറ്റല്‍ നിന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് തിരുവനന്തപുരത്ത് ചികിത്സയ്ക്കായി എത്തിയത്.
കിരീടം എന്ന ഒരൊറ്റ സിനിമ കൊണ്ട് മലയാളി മനസ്സുകളില്‍ കീരിക്കാടന്‍ ജോസായി മാറിയ അതുല്യ കലാകാരനാണ് മോഹന്‍രാജ്. 'കഴുമലൈ കള്ളന്‍' എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. അതിന് ശേഷം 'ആണ്‍കളെ നമ്പാതെ' എന്ന ചിത്രത്തിലും അഭിനയിച്ചു. രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. കിരീടം അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു. സൈനികനായും പിന്നീട് കസ്റ്റംസിലും ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായും ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന മോഹന്‍രാജിന്റെ ജീവിതം മാറ്റിമറിച്ചത് തന്നെ 'കീരിക്കാടന്‍ ജോസ്' ആയിരുന്നു.
നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം 'നാലുകെട്ട് സുകുമാരനികേതനി'ല്‍ ഡിവൈഎസ്പിയായിരുന്ന സുകുമാരന്‍ നാടാരുടെയും പങ്കജാക്ഷിയുടെയും 5 ആണ്‍ മക്കളില്‍ മൂന്നാമനായിരുന്നു മോഹന്‍രാജ്. തിരുവനന്തപുരം ആര്‍ട്സ് കോളജിലെ വിദ്യാഭ്യാസത്തിനു ശേഷം മിലിറ്ററി ഓഫിസറായി നിയമനം. പിന്നീട് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസറായി. മിലിറ്ററി ജോലിയുടെ ഭാഗമായി കരാട്ടെ, കുങ്ഫു, ബോക്സിങ് തുടങ്ങിയവയില്‍ പരിശീലനം കിട്ടി. കാര്‍ ചേസും സ്റ്റണ്ടുമൊക്കെ ജോലിക്കിടയിലും വേണ്ടിവന്നു. ചെന്നൈയില്‍ ജോലി ചെയ്യുന്ന സമയത്ത് 'കഴുമലൈ കള്ളന്‍', 'ആണ്‍കളെ നമ്പാതെ' എന്നീ തമിഴ് ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത നടനെ അന്ന് അസോഷ്യേറ്റ് സംവിധായകന്‍ ആയിരുന്ന കലാധരനാണു 'കിരീട'ത്തിന്റെ സെറ്റിലേക്കു കൂട്ടിക്കൊണ്ടു പോയത്. 'കിരീടം' വന്‍ ഹിറ്റായതോടെ മലയാളത്തിലെ വ്യത്യസ്തനായ വില്ലനായി 'കീരിക്കാടന്‍ ജോസ്' മാറി.
കുട്ടിക്കാലത്ത് മോഹന്‍ രാജിന് സൈനികനാകാനായിരുന്നു ആഗ്രഹം. മികച്ച നിലയില്‍ പഠിച്ച് വളര്‍ന്ന മോഹന്‍ രാജ് ആദ്യം ജോലി നേടിയതും ഇന്ത്യന്‍ പട്ടാളത്തില്‍ തന്നെയായിരുന്നു. എന്നാല്‍ പിന്നീട് സര്‍വീസില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നതോടെ പഠനം തുടര്‍ന്ന് കസ്റ്റംസില്‍ ടെസ്റ്റ് എഴുതി ജോലി നേടി. ഏറക്കുറെ 4 വര്‍ഷത്തോളം കസ്റ്റംസില്‍ ജോലി ചെയ്ത മോഹന്‍ രാജ് പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലും ജോലി നേടി മിടുക്ക് കാട്ടി. എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡ്യെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യവെയാണ് സിനിമാ ജീവിതത്തിലേക്ക് കടക്കുന്നത്. ആദ്യ ചിത്രം മൂന്നാം മുറയായിരുന്നു. അതിന് ശേഷം 1989 ലാണ് മോഹന്‍ രാജിന്റെ ജീവിതം മാറിമറിയുന്നത്.
സിബി മലയിലും ലോഹിതദാസും മോഹന്‍ ലാല്‍ ചിത്രമായ കിരീടത്തിലെ വില്ലന്‍ കഥാപാത്രത്തിന് പറ്റിയ നടനെ തേടുന്ന സമയമായിരുന്നു. അതിനിടയിലാണ് മോഹന്‍ രാജിന്റെ കടന്നുവരവ്. ശേഷം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വില്ലനായിരുന്നു മോഹന്‍ രാജിലൂടെ ലഭിച്ചത്. '
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. 1988 ല്‍ പുറത്തിറങ്ങിയ മൂന്നാംമുറയാണ് ആദ്യ ചിത്രം. ഈ സിനിമയില്‍ ഒരു ഗുണ്ടയുടെ വേഷമായിരുന്നു മോഹന്‍രാജിന് ലഭിച്ചത്. രണ്ടാമത്തെ സിനിമയായിരുന്നു 1989 ല്‍ പുറത്തിറങ്ങിയ കിരീടം.. 300 ലേറെ സിനിമകളില്‍ വേഷമിട്ടു. പലതിലും വില്ലന്‍ കഥാപാത്രങ്ങളായിരുന്നു. റാഫി മെക്കാര്‍ട്ടിന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ഹലോ എന്ന ചിത്രത്തിലെ കോമഡി മാനമുള്ള ഗുണ്ട വേഷം ഏറെ കൈയടി നേടി. കടമറ്റത്ത് കത്തനാര്‍, സ്വാമി അയ്യപ്പന്‍, മൂന്നുമണി എന്നീ സീരിയലുകളിലും വേഷമിട്ടു.
പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു മോഹന്‍രാജ്. മോഹന്‍ രാജ് ജോലിയില്‍ നിന്ന് വിരമിച്ചശേഷം കുടംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി മോഹന്‍രാജിന്റെ (കീരിക്കാടന്‍ ജോസ്) ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു. കുറച്ചു ദിവസമായി ദ്രവരൂപത്തിലുള്ള ആഹാരം മാത്രമായിരുന്നു കഴിച്ചിരുന്നതെന്നും സഹോദരന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
''സുഖമില്ലാതെ കിടക്കുകയായിരുന്നു. ആശുപത്രിയില്‍ പതിനഞ്ചു ദിവസത്തോളം അഡ്മിറ്റായിരുന്നു. മറ്റു ട്രീറ്റ്‌മെന്റുകള്‍ ഇല്ലെന്നു പറഞ്ഞു. കുറച്ചു ദിവസമായി ദ്രവരൂപത്തിലുള്ള ആഹാരം മാത്രമായിരുന്നു കഴിച്ചിരുന്നത്. ഹോസ്പിറ്റലില്‍ നിന്നും മടങ്ങി വന്നിട്ട് ഇരുപതു ദിവസമായിരുന്നു. മയങ്ങി കിടക്കുകയായിരുന്നു. പിന്നീട് അനക്കമില്ലാതെയായി. അപ്പോള്‍ ഡോക്ടറെ വിളിച്ചു. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഭാര്യയും രണ്ടു പെണ്മക്കളാണ് മോഹന്‍രാജിന്. ഒരാള്‍ കാനഡയിലും മറ്റൊരാള്‍ ചെന്നൈയിലുമാണ്.
നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കുറിപ്പും ചിത്രവും പങ്കുവച്ച് നടന്‍ മോഹന്‍ലാല്‍ എത്തിയത് ഇങ്ങനെയാണ്.
'കഥാപാത്രത്തിന്റെ പേരില്‍ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ്. കിരീടത്തിലെ കീരിക്കാടന്‍ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയപ്പെട്ട മോഹന്‍രാജ് നമ്മെ വിട്ടുപിരിഞ്ഞു. സേതുവിന്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്ന അദ്ദേഹത്തിന്റെ ഗാംഭീര്യം, ഇന്നലത്തെപ്പോലെ ഞാന്‍ ഓര്‍ക്കുന്നു. വ്യക്തിജീവിതത്തില്‍ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട'.- മോഹന്‍ലാല്‍ കുറിച്ചു.