കാക്ക എന്ന ഒരൊറ്റ ഷോര്‍ട്ട് ഫിലിമിലൂടെ ആരാധക ശ്രദ്ധ നേടിയ നടി ലക്ഷ്മിക സജീവന് അപ്രതീക്ഷിത വിയോഗം. ഷാര്‍ജയില്‍ വച്ചാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
കാക്ക എന്ന ഹ്രസ്വചിത്രത്തില്‍ ലക്ഷ്മിക അവതരിപ്പിച്ച പഞ്ചമി എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. കറുത്ത, പല്ല് പൊങ്ങിയ ഒരു പെണ്‍കുട്ടിയായാണ് ലക്ഷ്മിക അഭിനയിച്ചത്. പൊതുവെ ആരും ഏറ്റെടുക്കാന്‍ തയ്യാറാല്ലാത്ത കഥാപാത്രമായിരുന്നു അത്. അവളെ ആരും പ്രണയിക്കുന്നില്ല. കല്യാണവും നടക്കുന്നില്ല. വീട്ടുകാരില്‍ നിന്നു പോലും പലതരത്തിലുള്ള അവഗണനകള്‍ നേരിടുന്ന അവള്‍ ഒരു സന്ദര്‍ഭത്തില്‍ തന്റെ കുറവിനെ കുറവല്ലാതായി പരിഗണിക്കാന്‍ തുടങ്ങുന്നു. പരിഹാസങ്ങളെ സധൈര്യം നേരിടുന്നു. നിറത്തിന്റെയും ശാരീരിക വൈകല്യങ്ങളുടേയും പേരില്‍ പരിഹസിക്കപ്പെടുന്ന, മാറ്റിനിര്‍ത്തപ്പെടുന്ന മനുഷ്യരുടെ കഥ പറഞ്ഞ ഈ ചിത്രം ലക്ഷ്മിക എന്ന നടിയെ തന്നെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു.
തന്റെ കഥാപാത്രത്തെ പിഴവുകളില്ലാതെ മനോഹരമാക്കാന്‍ ലക്ഷ്മികയ്ക്ക് കഴിഞ്ഞിരുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് പോകാന്‍ കഴിവുള്ള നടി കൂടിയായിരുന്നു. അതിനിടെയാണ് ലക്ഷ്മികയെ തേടി മരണത്തിന്റെ വിളി എത്തിയത്. ബഹ്റൈനിലാണ് ലക്ഷ്മിക ജോലി ചെയ്യുന്നത്. അവിടെ നിന്നും ചെറിയ ഇടവേളയെടുത്താണ് സിനിമകളില്‍ അഭിനയിക്കാന്‍ എത്തിയിരുന്നത്. 'ഉയരെ, നിത്യഹരിത നായകന്‍ തുടങ്ങി എട്ടോളം സിനിമകളിലും ലക്ഷ്മിക അഭിനയിച്ചിട്ടുണ്ട്. 'പുഴയമ്മ' എന്ന സിനിമയ്ക്ക് ഏഷ്യാ ബുക് ഓഫ് റെക്കോര്‍ഡ്സ് കിട്ടിയിരുന്നു. കൊറോണാ കാലത്ത് ബഹ്റൈനില്‍ നിന്നും നാട്ടിലെത്തിയപ്പോഴാണ് കാക്കയിലേക്ക് അഴസരം ലഭിച്ചതും അഭിനയിച്ചതും. നേരത്തെ ചെയ്യാമെന്നേറ്റ കുട്ടി പിന്മാറിയപ്പോള്‍ ലക്ഷ്മികയെ സമീപിക്കുകയായിരുന്നു,
ഏറെ ആശങ്കയോടെയായിരുന്നു ലക്ഷ്മിക ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. കൊച്ചി സ്വദേശിനിയായ ലക്ഷ്മിക സജീവന്‍ ലിമിറ്റ ദമ്പതികളുടെ ഒറ്റമകളാണ്. ട്രാവല്‍ ആന്‍ഡ് ടൂറിസം കഴിഞ്ഞപ്പോഴാണ് ആദ്യം ദുബായില്‍ ജോലി നേടിയത്. പിന്നീട് ബഹ്റൈനിലേക്ക് മാറുകയായിരുന്നു. സിനിമാ ലോകത്ത് സജീവമായപ്പോഴും ജോലി വിട്ടിരുന്നില്ല. ജോലിയും സിനിമാഭിനയവും എല്ലാം ഒരുമിച്ച് കൊണ്ടുപോകവേയാണ് ലക്ഷ്മികയെ തേടി മരണവും എത്തിയത്.
യമണ്ടന്‍ പ്രേമകഥ, പഞ്ചവര്‍ണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടന്‍ ബ്ലോഗ്, നിത്യഹരിത നായകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ലക്ഷ്മിക ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു. ലക്ഷ്മികയുടെ മരണം ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.