Latest News

കെ ജി ജയന് ഇന്ന് കേരളക്കര വിട നല്കും; ആദരാഞ്ജലി അര്‍പ്പിക്കാനെത്തി മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍; സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് തൃപ്പുണിത്തുറയില്‍; പ്രിയ സഹപ്രവര്‍ത്തകനെ അനുസ്മരിച്ച് സംഗീത ലോകം

Malayalilife
കെ ജി ജയന് ഇന്ന് കേരളക്കര വിട നല്കും;  ആദരാഞ്ജലി അര്‍പ്പിക്കാനെത്തി മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍; സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് തൃപ്പുണിത്തുറയില്‍; പ്രിയ സഹപ്രവര്‍ത്തകനെ അനുസ്മരിച്ച് സംഗീത ലോകം

അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് തൃപ്പൂണിത്തുറയില്‍ നടക്കും. രാവിലെ എട്ടരയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടിലെ കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. വൈകിട്ട്
പി രാജീവ് ഉള്‍പ്പടെ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും മമ്മൂട്ടി, പിഷാരടി, കുഞ്ചാക്കോ ബോബന്‍, ശങ്കര്‍ എംജി ശ്രീകുമാര്‍, കലാരഞ്ജനി, മാലാപാര്‍വ്വതി തുടങ്ങിയ സിനിമാ ലോകത്തെ നിരവധി പേരും ആദാരഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തി

ഇന്നലെ പുലര്‍ച്ചെ അന്തരിച്ച കെ ജി ജയന്റെ ഭൗതിക ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ എട്ടരയോടെ മകന്‍ മനോജ് കെ ജയന്റെ തൃപ്പൂണിത്തുറയിലെ വസതിയിലെത്തിക്കും. മതപരമായ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം മൂന്ന് മണിയോടെ തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിലെ കൂത്തമ്പലത്തിലേക്ക് കൊണ്ടു പോകും.

വൈകീട്ട് അഞ്ച് മണി വരെ ഇവിടെ പൊതുദര്‍ശനമുണ്ടാകും. സംഗീത-സിനിമാ ലോകത്ത് നിന്നുള്ളവര്‍ ഇവിടെയെത്തിയാവും അന്തിമോപചാരം അര്‍പ്പിക്കുക. തുടര്‍ന്ന് തൃപ്പൂണിത്തുറ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും. 

കെ.ജി. ജയനെ അനുസ്മരിച്ച് സംഗീതലോകത്തെ നിരവധി പേര്‍ ഓര്‍്മ്മകള്‍ പങ്ക് വച്ചു

ജി വേണുഗോപാല്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;

ജയന്‍ മാസ്റ്റര്‍ ഇനി നമ്മോടൊപ്പം കാണില്ല. ഒരുപാട് പാട്ടുകളും തമാശ നിറഞ്ഞ ഓര്‍മകളും ബാക്കിയാക്കി, മാസ്റ്ററും യാത്രയായിരിക്കുന്നു. ഓര്‍മകളില്‍ രൂപത്തെക്കാളേറെ മുന്നില്‍ വരുന്നത് മാസ്റ്ററുടെ കരുത്തന്‍ ശബ്ദമാണ്. പഴയ ലൈവ് റെക്കാര്‍ഡിങ്ങുകളില്‍ പാട്ടുകാരും, ഓര്‍ക്കസ്ട്രയും സംഗീത സംവിധായകനുമൊക്കെ വ്യത്യസ്ത സൗണ്ട് പ്രൂഫ് ഗ്ലാസ് കാബിനുകള്‍ക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കുന്ന കാലം. റെക്കാര്‍ഡിങ്ങ് എന്‍ജിനീയറുടെ കണ്‍സോളിലുള്ളോരു ടാക്ക് ബാക്ക് ബട്ടണ്‍ ഞെക്കിയാണ് പാട്ടു കറക്ഷന്‍സ് പറഞ്ഞുതരുക പതിവ്. 

ജയന്‍ മാസ്റ്റര്‍ക്ക് മാത്രം ഈ ടാക്ക്ബാക്ക് ബട്ടന്റെ ആവശ്യമില്ല. സര്‍വ്വ സൗണ്ട് പ്രൂഫ് സാങ്കേതികതകളെയും ഭേദിച്ച് കൊണ്ട് മാസ്റ്ററുടെ ശബ്ദം സ്റ്റുഡിയോ മുഴുവന്‍ മുഴങ്ങും. കൂടെ യഥേഷ്ടം തമാശകളും. മാസ്റ്ററുടെ എഴുപതാം വയസ് ആഘോഷങ്ങള്‍ തിരുനക്കര മൈതാനിയില്‍ നടക്കുന്നു. അനിതരസാധാരണമായ സംഗീത ചേരുവകള്‍ക്കൊപ്പം. മനുഷ്യ ശബ്ദത്തിന്റെ ഫ്രീക്വന്‍സികള്‍ക്ക് കടകവിരുദ്ധമായുള്ള തവിലും നാദസ്വരവും ആണ് മാഷിന്റെ പക്കമേളം. ഒരു മൂന്നു, മൂന്നര മണിക്കൂര്‍ ഈ രണ്ടു സംഗീതോപകരണങ്ങള്‍ക്കും മീതെ ജയന്‍ മാസ്റ്ററുടെ ശബ്ദം അവിടെയെങ്ങും മുഴങ്ങി. 

ജീവിതത്തില്‍ കടുത്ത പ്രതിസന്ധികള്‍ നേരിടുമ്പോഴും നര്‍മ്മം കൊണ്ടായിരുന്നു ജയന്‍ മാസ്റ്റര്‍ അവയെല്ലാം നേരിട്ടിരുന്നത്. ഒരിക്കലും തളരാത്ത മനസ്സും ശരീരവും ശബ്ദവും, അതാണെനിക്ക് ജയന്‍ മാസ്റ്റര്‍. അവസാനമായി മാസ്റ്ററെ നേരിട്ട് കാണുന്നത് ഏതാനും വര്‍ഷം മുന്‍പ് ചെമ്പൈ ഗ്രാമത്തിലെ സംഗീതോത്സവത്തിലാണ്. ഒന്നര മണിക്കൂര്‍ കൊണ്ട് തീരേണ്ട ദാസേട്ടന്റെ സംഗീതകച്ചേരി നീണ്ടുപോകുന്നു.


കഥകളും, ഓര്‍മ പങ്കുവയ്ക്കലും, പാട്ടുമൊക്കെയായ് ദാസേട്ടന്‍ സമയം എടുക്കുന്നുണ്ട്. അകത്ത് ചെമ്പൈ സ്വാമിയുടെ ഗൃഹത്തില്‍ സ്വാമി ഉപയോഗിച്ചിരുന്ന കട്ടിലില്‍ അക്ഷമനായ് ജയന്‍ മാസ്റ്റര്‍ കാത്തിരിക്കുന്നു തന്റെ ഊഴം കാത്ത്. അവസാനം കച്ചേരി കഴിഞ്ഞ് വീട്ടിനുള്ളിലേക്ക് കടന്നു വന്ന ദാസേട്ടനോട് ജയന്‍ മാസ്റ്റര്‍ യേശുവിന്റെ ഹരികഥാ സംഗീത കാലക്ഷേപം കഴിഞ്ഞോ എന്ന ചോദ്യവും, രണ്ടുപേരും ചിരിച്ചു മറിയുന്ന ഓര്‍മ്മയുമുണ്ടെനിക്ക്.

രാഗാര്‍ദ്രമയിരുന്നു മാസ്റ്ററുടെ ഗാനങ്ങളെല്ലാം. മൂന്നര മിനിറ്റുള്ള  ലളിതഗാനത്തില്‍ ഒരു ശാസ്ത്രീയ രാഗത്തിന്റെ സത്ത് കടഞ്ഞെടുത്ത് വിളക്കിച്ചേര്‍ത്തിരുന്ന മഹാനുഭാവരില്‍ ജയന്‍ മാസ്റ്ററും കാലയവനികക്കുള്ളില്‍ പോയി മറഞ്ഞിരിക്കുന്നു. മലയാള സംഗീതത്തിന് തീരാനഷ്ടം!  

ഭക്തിസാന്ദ്രമായ സംഗീതം കൊണ്ട് അടക്കി വാണിരുന്ന സഹോദരങ്ങളാണ് ജയവിജയന്മാരെന്നും തനിക്ക് സഹോദര തുല്യനാണ് അദ്ദേഹമെന്നും ശരത് സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചു. കെ ജി ജയന്‍ സാറിന്റെ വേര്‍പാട് വളരെ ദുഃഖമുണ്ടാക്കുന്നുണ്ടെന്ന് കെ എസ് ചിത്രയും പ്രതികരിച്ചു.

'മലയാള സംഗീത ശാഖ ഒരുകാലത്ത് ഭക്തിസാന്ദ്രമായ സംഗീതം കൊണ്ട് അടക്കി വാണിരുന്ന സഹോദരങ്ങളായിരുന്ന ജയവിജയന്മാരില്‍ ജയന്‍ മാഷും നമ്മെ വിട്ടു പിരിഞ്ഞു പോയിരിക്കുകയാണ്... എന്റെ പ്രിയപ്പെട്ട സഹോദര തുല്യനായ മലയാളികളുടെ പ്രിയ നടന്‍ മനോജ് കെ ജയന്റെ പിതാവ് കൂടിയായ ജയന്‍മാഷിന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം', ശരത് കുറിച്ചു.

കെ ജി ജയന്‍ സാറിന്റെ വേര്‍പാട് വളരെ ദുഖത്തോടെയാണ് കേട്ടത്. കേരളത്തിലെ ഏറ്റവും മികച്ച കര്‍ണാടക ശാസ്ത്രീയ സംഗീതജ്ഞരും സംഗീതസംവിധായകരും. അദ്ദേഹത്തോടൊപ്പം, പ്രത്യേകിച്ച് ഭക്തിഗാന ആല്‍ബങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു, കെ എസ് ചിത്രയുടെ വാക്കുകള്‍

Read more topics: # കെ ജി ജയന്‍
k g jayan cremation will be held today

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES