സിദ്ദിഖിന്റെ മരണ ശേഷമാണ് അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും ആ മനസില്‍ അടക്കിപ്പിടിച്ച സങ്കടങ്ങളെ കുറിച്ചുമെല്ലാം മലയാളികള്‍ അറിഞ്ഞത്. ബാപ്പയുടെ സഹോദരന്റെ മകളായിരുന്നു സിദ്ദിഖിന്റെ ഭാര്യ സാജിത. സജിതയ്ക്ക് അഞ്ച് വയസുള്ളപ്പോഴായിരുന്നു ഇവരുടെ വിവാഹം ഉറപ്പിച്ചത്. കൊച്ചി പുല്ലേപ്പടിയിലെ ദാറുല്‍ ഉലൂം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ തുറന്ന ദിവസം സാജിതയെ കൊണ്ടു പോകാന്‍ ഒന്‍പതു വയസിനു മൂത്ത സിദ്ദിഖിനെയാണ് ഏര്‍പ്പാടാക്കിയത്. അങ്ങനെ സിദ്ദിഖ് സാജിതയെ തന്റെ ഹെര്‍ക്കുലീസ് സൈക്കിളിന്റെ മുന്പില് ഇരുത്തി, പുസ്തകസഞ്ചി പുറകില്‍ ഇട്ടു, യാത്ര തുടങ്ങി. പിന്നീടങ്ങോട്ട് നിറയെ സന്തോഷങ്ങളും കണ്ണീരും അനുഭവിച്ചുള്ള ജീവിത യാത്രയായിരുന്നു അവര്‍ ഒരുമിച്ച് താണ്ടിയത്. സിദ്ദിഖിന്റെ മരണത്തോടെ ഇന്നലെയാണ് ആ യാത്ര എന്നന്നേക്കുമായി അവസാനിച്ചത്.
ഒന്‍പത് വയസിന്റെ പ്രായവ്യത്യാസമായിരുന്നു സിദ്ദിഖും സാജിതയും തമ്മില്‍ ഉണ്ടായിരുന്നത്. ഹെര്‍ക്കുലീസ് സൈക്കിളിന്റെ മുന്നിലിരുത്തിയുള്ള പോക്ക് കണ്ട് സിദ്ദിഖിന്റെ ഉപ്പയോട് അമ്മൂമ്മയാണ് പറഞ്ഞത്. ആ രണ്ട് കുട്ടികളും വലുതാകുമ്പോള്‍ വിവാഹം കഴിപ്പിക്കണം. അന്ന് കസിന്‍സ് തമ്മില്‍ വിവാഹം കഴിക്കുന്ന ഈ ആചാരം മുസ്ലീം സമുദായത്തില്‍ വ്യാപകമായിരുന്നു. വലുതായപ്പോഴും അമ്മൂമ്മയുടെ വാക്ക് മാറിയില്ല. ബിഎ പഠനത്തിനിടെ 18 തികഞ്ഞപ്പോള്‍ തന്നെ സാജിദയും സിദ്ദിഖും പഠിച്ച ദാറുല്‍ ഉലൂം സ്കൂളില്‍ തന്നെ ക്ലാര്‍ക്കായി ജോലി ലഭിച്ചു. പിന്നീട് പലപ്പോഴുമുള്ള കൂടിക്കാഴ്ചകളും നാണത്തില്‍ പൊതിഞ്ഞ പ്രണയ സല്ലാപങ്ങളും പതിവായിരുന്നു. അന്ന് ജോലിക്കിടയിലും മിമിക്രിയെന്നത് പ്രാണനെ പോലെ സിദ്ദിഖ് കൊണ്ടു നടന്നിരുന്നു.
ഒടുവില്‍, 1984 മെയ് 6-നാണ് ദാറൂല്‍ ഉലൂം ഓഡിറ്റോറിയത്തില്‍ വച്ച് തന്നെ സിദ്ദിഖും സാജിദയും വിവാഹിതരായത്. 16-ാം വയസില്‍ സിദ്ദിഖിന്റെ മണവാട്ടിയായ സാജിദയ്ക്ക് അന്നുമുതല്‍ ജീവിതം ഒരു റോളര്‍കോസ്റ്റര്‍ യാത്രയായിരുന്നു. ക്ലാര്‍ക്ക് ഉദ്യോഗസ്ഥനായിരുന്നെങ്കിലും തന്റെ സ്വപ്നങ്ങള്‍ അവിടെയൊന്നും നില്‍ക്കുന്നതായിരുന്നില്ല സിദ്ദിഖിന്. നാല് മാസത്തിനുള്ളില്‍ സിദ്ദിഖ് ജോലി രാജിവച്ച് സംവിധായകന് ഫാസിലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി ജോലിക്ക് പോയി. ഏറെക്കാലം കഴിഞ്ഞ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായപ്പോഴാണ് സിദ്ദിഖ് ജോലി ഉപേക്ഷിച്ചതിന്റെ ഗൗരവം പോലും സാജിത മനസിലാക്കിയത്.
സിനിമയ്ക്ക് പിന്നാലെ ഓടിയിരുന്ന സിദ്ദിഖിന് വീട്ടിലേക്ക് വരാന്‍ പോലും സാധിച്ചില്ല. കക്ഷി എവിടെയാണെന്ന് അറിയാത്തതിനാല്‍ ഫോണ്‍ കോളുകളോ കത്തുകളോ അയക്കാന്‍ പോലും മാര്‍ഗമില്ല. മൂന്ന് മാസത്തിന് ശേഷം സിദ്ദിഖ് പെട്ടെന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സജിത ഗര്‍ഭിണിയായ കാര്യം പോലും സിദ്ദിഖ് അറിഞ്ഞത്. അങ്ങനെ ആദ്യത്തെ കുഞ്ഞ് സുമയ്യയെ പ്രസവിക്കുവാന്‍ സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയപ്പോള്‍ സിദ്ദിഖ് സിനിമ കാണാന്‍ സുഹൃത്തുക്കളോടൊപ്പം പോയ സമയം ആയിരുന്നു. സിദ്ദിഖിന്റെ ഈ സ്വഭാവം തുടക്കത്തില്‍ സാജിദയ്ക്ക് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പിന്നീട് അതെല്ലാം മനസിലാക്കി തുടങ്ങിയപ്പോഴേക്കും സിദ്ദിഖ് സിനിമയില്‍ പ്രശസ്തനായും തുടങ്ങിയിരുന്നു.
മകള്‍ സുമയ്യയ്ക്ക് പിന്നാലെ സാറയും സുകൂണും ജനിച്ചു. സെറിബ്രല്‍ പാള്സിമായിട്ടായിരുന്നു സുകൂണിന്റെ ജനനം. സിദ്ദിഖിനും സാജിതയ്ക്കും ഏറെ വേദന നല്കിയതായിരുന്നു സുകൂണിന്റെ ഈ അവസ്ഥ. തനിയെ നടക്കാന്‍ പോലും കഴിയില്ല. അതുകൊണ്ടുതന്നെ സ്കൂളില്‍ കൊണ്ടു പോകാന്‍ കഴിയില്ല. സ്പെഷ്യല്‍ കിഡ്ഡായതിനാല് വീട്ടിലിരുത്തിയായിരുന്നു പഠിപ്പിച്ചതെല്ലാം. വീല്‍ച്ചെയറില്‍ കഴിയുന്ന മകള്‍ക്ക് ഒന്ന് ടോയ്ലറ്റില് പോണെങ്കില് പോലും സാജിതയുടെ സഹായം വേണം. സാജിതയെയല്ലാതെ മറ്റാരെയും അവള് അടുപ്പിക്കില്ല. സത്യത്തില്‍ 24 മണിക്കൂറും സുകൂണിന്റെ നഴ്സാണ് സാജിത. മകളുടെ അവസ്ഥ കാരണം തന്നെ പുറത്തേക്കൊന്നും അധികം ഇറങ്ങാറില്ല. അപൂര്‍വ്വമായി മാത്രം എല്ലാവരും ഒന്നിച്ച് സിനിമയ്ക്ക് പോകും. അത്രമാത്രം.
സിദ്ദിഖിന്റെ ഏറ്റവും വലിയ വേദനയും മകള്‍ തന്നെയായിരുന്നു. അവളൊന്നു നടന്നു കാണണമെന്ന് മാത്രമായിരുന്നു സിദ്ദിഖ് ആഗ്രഹിച്ചത്. പെണ്കുട്ടിയല്ലേ. തനിച്ച് സ്വന്തം കാര്യങ്ങള്‍ ചെയ്യാനെങ്കിലും ദൈവം സഹായിക്കണേ എന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന.