പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ ഷഫീര്‍ സേട്ട് നിര്യാതനായി. 44 വയസായിരുന്ന ഷഫീര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് അന്തരിച്ചത്. കൊടുങ്ങല്ലൂരിലെ മോഡേണ്‍ ഹോസ്പിറ്റലില്‍വെച്ചായിരുന്നു മരണം.
ജോഷി സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസ്' ന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഷഫീര്‍. 'ആത്മകഥ','ചാപ്‌റ്റേര്‍സ്', 'ഒന്നും മിണ്ടാതെ' എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായിരുന്ന ഷഫീര്‍, റിലീസിനൊരുങ്ങുന്ന 'മേരാ നാം ഷാജി' ഉള്‍പ്പടെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇരുപതു വര്‍ഷത്തോളമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഷഫീര്‍ ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിര്‍മാണ നിര്‍വഹണത്തില്‍ പങ്കാളിയായിരുന്നു.
ഭാര്യ ആയിഷ, മക്കള്‍ ദിയ ഖുര്‍ബാന്‍, ദയാന്‍ ഖുര്‍ബാന്‍. ഖബറടക്കം ഇന്ന് വൈകീട്ട് 4.30 ന് സ്വദേശമായ കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സിനിമാ രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.