നാടന്‍ കഥാപാത്രങ്ങളിലൂടെ നാലു പതിറ്റാണ്ടിലേറെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച അതുല്യനടന്‍ മമ്മൂക്കോയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. രാവിലെ 9.30ന് അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ മയ്യത്ത് നമസ്‌കാരം നടത്തി.. ശേഷം 10ന് കണ്ണംപറമ്പ് പള്ളി കബര്‍സ്ഥാനില്‍ കബറടക്കും. മാമുക്കോയയെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് കോഴിക്കോട് ടൗണ്‍ഹാളിലെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 1.05ന് കോഴിക്കോട് മേയ്ത്ര ആശുപത്രിയിലായിരുന്നു അന്ത്യം. 24ന് രാത്രി മലപ്പുറം കാളികാവ് പൂങ്ങാട് അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മേയ്ത്ര ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തോടൊപ്പം തലച്ചോറില്‍ രക്തസ്രാവംകൂടി ഉണ്ടായതാണ് ജീവന്‍ രക്ഷിക്കാന്‍ തടസമായത്. 76 വയസായിരുന്നു. കാന്‍സറിനും ഹൃദയസംബന്ധമായ അസുഖത്തിനും നേരത്തെ ചികിത്സയിലായിരുന്നു.
നടന്‍ മോഹന്‍ലാല്‍. മാമൂക്കോയ്ക്ക് ആദാരഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയയെന്നും ഒരുപാട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിക്കാന്‍ തനിക്ക് ഭാഗ്യമുണ്ടായെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ആ നിഷ്‌കളങ്കമായ ചിരി ഒരിക്കലും മായാതെ മനസില്‍ നിറഞ്ഞുനില്‍ക്കുമെന്നും മാമുക്കോയയുടെ ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ. മലബാര്‍ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യപ്രതിഭ വെള്ളിത്തിരയില്‍ അവതരിപ്പിച്ചു. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതല്‍ അടുത്തിടെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓളവും തീരവും വരെ എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായത്. ആ നിഷ്‌കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസില്‍ നിറഞ്ഞുനില്‍ക്കും. മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍...
മാമുക്കോയയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ വിജയരാഘവന്‍. മാമുക്കോയുമായി തനിക്കുളളത് ദീര്‍ഘകാല ബന്ധമാണുളളതെന്നും 1983 ല്‍ തന്റെ ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി എത്തിയപ്പോളാണ് ആദ്യമായി മാമുക്കോയയെ കണ്ടെതെന്നും വിജയരാഘവന്‍ പറഞ്ഞു.
'സിനിമയെക്കുറിച്ച് ഒന്നുമറിയാതെ ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ ഒരു കെയര്‍ ടേക്കറെ പോലെ എനിക്ക് വേണ്ടുന്നതെല്ലാം ചെയ്തു തന്നത് അദ്ദേഹമാണ്. കോഴിക്കോട് ഷൂട്ടിന് വരുമ്പോള്‍ വീട്ടിലേക്ക് ക്ഷണിക്കും. മിക്കപ്പോളും അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്ന് തരും, മലയാള സിനിമയില്‍ ഇതുവരെ ആരും മാമുക്കോയയെ മോശമായി പറഞ്ഞ് കേട്ടിട്ടില്ലെന്നും' വിജയരാഘവന്‍ പറഞ്ഞു.
സാഹിത്യത്തില്‍ ഏറെ താല്‍പ്പര്യമുളള വ്യക്തിയായിരുന്നു മാമുക്കോയ. നിരവധി സാഹിത്യകാരന്മാരുമായി വ്യക്തി ബന്ധം സൂക്ഷിച്ചിരുന്ന ആളാണ്. മാമുക്കോയയോടൊപ്പം ആദ്യമായി വൈക്കം മുഹമ്മദ് ബഷീറിനെ കാണാന്‍ പോയ ഓര്‍മ്മകളും വിജയരാഘവന്‍ പങ്കുവെച്ചു. മലയാള സിനിമയിലെ വലിയൊരു കാലഘട്ടവും ഭരിച്ചിരുന്നത് ഇന്നസെന്റും മാമുക്കോയയുമാണ്. രണ്ട് പേരും ഏകദേശം ഒരേ സമയത്താണ് നമ്മളെ വിട്ടുപോയതും. രണ്ട് പേരും മലയാള സിനിമയുടെ അഭിഭാജ്യ ഘടകമായിരുന്നുവെന്നും മാമുക്കോയ നല്ലൊരു മനുഷ്യനായിരുന്നുവെന്നും വ്യക്തിപരമായിട്ടും മലയാളസിനിമയ്ക്കും വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും വിജയരാഘവന്‍ പറഞ്ഞു.
മാമുക്കോയയുടെ വിയോഗത്തില്‍ നടന്‍ ജയറാം പങ്ക് വച്ചതിങ്ങനെ. അദ്ദേഹത്തെ ഒരു നടനായല്ല, കോഴിക്കോടുകാരനായ ശുദ്ധഹൃദയനായ ഒരു സുഹൃത്തായി മാത്രമാണ് കണ്ടിരുന്നത്. മാമുക്കോയയുടെ വിയോഗം വലിയ വിഷമമാണെന്നും കുറച്ചുകാലം കൂടിയുണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോവുകയാണെന്നും ജയറാം പറഞ്ഞു.
35 വര്‍ഷത്തെ സൗഹൃദമാണ് മാമുക്കോയയുമായിട്ടുള്ളത്. ധ്വനി എന്ന സിനിമയില്‍ വെച്ചാണ് മാമുക്കോയയെ പരിചയപ്പെടുന്നത്. മാമൂക്കോയ ഇല്ലാത്ത സിനിമകള്‍ വളരെ കുറവാണ്. അത്രയുമധികം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്ന് ജയറാം ഓര്‍മ പങ്കിട്ടു.
ജീവിതത്തില്‍ സിനിമയിലേക്ക് തിരിഞ്ഞു നോക്കിയാല്‍ പുണ്യമെന്ന് കരുതുന്നത് ഇവരുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞുവെന്നതാണ്. ഇത് ദൈവാനുഗ്രഹവുമായി കാണുന്നുവെന്നും ജയറാം പറഞ്ഞു. ഓര്‍മകള്‍ മതി ഇനി ശിഷ്ടകാലമെന്നും ജയറാം പ്രതികരിച്ചു.
സത്യന്‍ അന്തിക്കാടിന്റെ സിനിമ അഭിനയിക്കാന്‍ പോകുന്നത് കല്ല്യാണത്തിന് പോകുന്നത് പോലെയാണ്. സിനിമകളില്‍ മാമുക്കോയ ഉള്‍പ്പടെ നിരവധി പേരുണ്ടാകും. നാല്പതും അമ്പതും ദിവസം ഇവരുടെ കൂടെ ചിലവഴിക്കാന്‍ ലഭിക്കാറുള്ളത്. ഇത്തരം കലാകാരുടെ ലിസ്റ്റ് തീര്‍ന്നുവെന്നും ജയറാം പറഞ്ഞു. സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു മാമുക്കോയ. മലയാളികള്‍ക്ക് എന്നും കാണാനുള്ള സംഭാവകള്‍ നല്‍കിയാണ് മാമുക്കോയ വിട പറഞ്ഞതെന്നും ജയറാം അനുശോചിച്ചു.