എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്ബ് കുഞ്ഞുകുട്ടന്‍ വിടവാങ്ങി. 81 വയസ്സായിരുന്നു. തൃശുര്‍ അശ്വിനി ആശുപത്രിയില്‍ കോവിഡ് ചികിത്സയിൽ കഴിഞ്ഞു വരുകയായിരുന്നു താരത്തിന്റെ വിയോഗം. ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് താരത്തിന്റെ വിയോഗം. സംസ്‌കാര ചടങ്ങുകൾ കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും നടക്കുക.
തൃശൂരിന്റെ സാംസ്‌കാരിക വേദികളില്‍ നിറസാന്നിധ്യമായിരുന്നു മാടമ്ബ് കുഞ്ഞുകുട്ടന്‍. മാടമ്ബ് ശങ്കരന്‍ നമ്ബൂതിരി എന്നാണ് മുഴുവന്‍ പേര്. 1941 ജൂണ്‍ 23ന് തൃശൂര്‍ കിരാലൂരിലായിരുന്നു ജനനം. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, അധ്യാപകന്‍, നടന്‍ എന്നീ നിലകളിലെല്ലാം തന്നെ താരം പ്രസക്തി നേടി കഴിഞ്ഞിരുന്നു. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ജയരാജ് സംവിധാനം ചെയ്ത 'കരുണം' എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മാടമ്ബിന് ലഭിച്ചിരുന്നു.
അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവലു, നിഷാദം, പാതാളം, ആര്യാവര്‍ത്തം, അമൃതസ്യ പുത്രഃ എന്നിവയാണ് പ്രധാന നോവലുകള്‍. മകള്‍ക്ക്, സഫലം എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. ഗൗരീശങ്കരം, കരുണം, ദേശാടനം എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയുമെഴുതി.
വളരെ ജനപ്രിയമാണ് മാടമ്പിന്റെ നോവലുകളും കഥകളും തിരക്കഥകളും. തപസ്യ കലാവേദി സംസ്ഥാന അധ്യക്ഷൻ കൂടിയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് 2001ല്‍ ബിജെപി സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു.