കോളിവുഡിലെ താര രാജാക്കന്മാരിലൊരാൾ എന്ന പരിവേഷവും ആരാധകർ നെഞ്ചേറ്റിയ ഇളയദളപതി എന്ന പേരും ഒപ്പമുണ്ടെങ്കിലും വിവാദങ്ങൾക്ക് തിരി കൊളുത്തി സിനിമാ റിലീസ് ദിനങ്ങളെ തള്ളി നീക്കിയ നടനാണ് വിജയ്. പ്രണയ നായകനായി വെള്ളിത്തിരയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച ശേഷം അഗതികളുടെ കാവൽക്കാരനായി നടത്തുന്ന ധീരസാഹസങ്ങളുടെ സിനിമകളാണ് പിന്നീട് വിജയിൽ നിന്നും നമുക്ക് ലഭിച്ചത്.
വിജയ് സിനിമകൾക്കെതിരെ തമിഴ്നാട്ടിലെ പ്രമുഖ പാർട്ടികളായ അണ്ണാ ഡിഎംകെയും ബിജെപിയും എല്ലാം ശബ്ദിച്ചത് നമുക്ക് മറക്കാൻ കഴിയില്ല. ഇളയദളപതിയുടെ രാഷ്ട്രീയ പ്രവേശനം ഉടൻ ഉണ്ടാകാമെന്ന് വിളംബരം നടത്തി 2010ൽ പുറത്ത് വന്ന കാവലൻ മുതൽ വിജയ് നേരിടുന്ന ഒന്നാണ് റിലീസിന് മുൻപുള്ള വിവാദ പുക. അടുത്തിടെ ഇറങ്ങിയ സർക്കാരിലും അത് പ്രതിഫലിച്ചിരുന്നു.
താൻ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുന്ന തരത്തിലാണ് സർക്കാരിലെ ഓരോ ഡയലോഗ് പോലും ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സിനിമയിലെ വിവാദ രംഗങ്ങൾ തമിഴ്നാട്ടിൽ വെട്ടി മാറ്റിയതും ജയലളിതയുടേത് എന്ന് തോന്നിക്കും വിധമുള്ള കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ മ്യൂട്ട് ചെയ്തതും കഴിഞ്ഞ ദിവസം നാം കണ്ടതാണ്.
കാവലൻ മുതൽ തുടരുന്ന നിയമ പോരാട്ടം.
എട്ടു വർഷം മുൻപിറങ്ങിയ വിജയ് ചിത്രമായ കാവലൻ ഒട്ടേറെ നിയമ പോരാട്ടങ്ങൾക്കു ശേഷമാണു തിയേറ്ററിലെത്തിയത്. ഇതിനു പിന്നിൽ ഡിഎംകെ സർക്കാരാണെന്ന ആരോപണം ശക്തമായിരുന്നു. കരുണാനിധി കുടുംബത്തിനു കീഴിലുള്ള നിർമ്മാണ കമ്പനി നിർമ്മിച്ച ചിത്രം ആ സമയത്ത് റിലീസായിരുന്നു. രണ്ടു ചിത്രങ്ങളും ഒരുമിച്ചു റിലീസാകുന്നതു തടയാൻ ഡിഎംകെ ശ്രമിച്ചുവെന്നാണ് ആരോപണം. വിജയ്യുടെ പിതാവ് സംവിധായകൻ എസ്.എ. ചന്ദ്രശേഖർ പിന്തുണ തേടി അണ്ണാഡിഎംകെ നേതാവ് ജയലളിതയെ കണ്ടിരുന്നു.
മുസ്ലിം വിഭാഗക്കാരെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന ആരോപണവുമായാണ് 2012ൽ ഇറങ്ങിയ തുപ്പാക്കിക്കെതിരെ പ്രതിഷേധം നടത്തിയത്. സർക്കാരിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണു പ്രശ്നത്തിനു പരിഹാരമായത്. എ.എൽ.വിജയ് സംവിധാനം ചെയ്ത തലൈവ 2013ൽ എത്തിയപ്പോൾ വഴിമുടക്കിയതു അന്നത്തെ അണ്ണാഡിഎംകെ സർക്കാരാണ്. ചിത്രം റിലീസ് ചെയ്താൽ തിയേറ്ററിനു ബോംബിടുമെന്നുവരെ ഭീഷണിയുണ്ടായി. സിനിമയുടെ ടൈം ടു ലീഡ് എന്ന ടാഗ്ലൈൻ നീക്കിയതോടെയാണു പിന്നീട് റിലീസായത്.
2014ൽ പുറത്തിറങ്ങിയ കത്തിക്കും സ്ഥിതി മറിച്ചായിരുന്നില്ല. പലഭാഗത്ത് നിന്നും സിനിമയെ എതിർത്ത് ആരോപണങ്ങൾ വന്നിരുന്നു. ശ്രീലങ്കൻ പ്രസിഡന്റ് രാജപക്ഷെയുമായി ബന്ധമുള്ളവരാണു നിർമ്മാതാക്കളെന്നെയിരുന്നു വിവാദം. 2016-ൽ തെറിയെത്തിയപ്പോൾ ഒരു വിഭാഗം തിയേറ്റർ ഉടമകൾ സിനിമ പ്രദർശിപ്പിക്കാൻ തയ്യാറായില്ല. കഴിഞ്ഞ വർഷം മെർസലെത്തിയപ്പോൾ കേന്ദ്ര സർക്കാരിനെതിരായ പരാമർശങ്ങളുടെ പേരിൽ ബിജെപി രംഗത്തെത്തി. ജോസഫ് വിജയ് എന്ന യഥാർഥ പേര് വിജയ് മറച്ചുവയ്ക്കുകയാണെന്നു ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ പരാമർശം വൻവിവാദമായി.
കത്രിക വച്ച് സർക്കാർ, ചോദ്യം ചെയ്ത് രജനി
തമിഴ്നാട് സർക്കാരിനെ ചൊടിപ്പിക്കുന്ന രംഗങ്ങൾ ചിത്രത്തിൽ വന്നതിന് പിന്നാലെയാണ് വിജയ് ചിത്രം സർക്കാരിനെതിരെ വിവാദപുക ഉയരാൻ തുടങ്ങിയത്. ഇതോടെയാണ് രംഗങ്ങൾ അണിയറ പ്രവർത്തകർ നീക്കം ചെയ്തത്.
വെള്ളിയാഴ്ച്ച മുതൽ തമിഴ്നാട്ടിൽ നടത്തിയ പ്രദർശനങ്ങളിൽ ഈ രംഗങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ തമിഴ്നാടിന് വെളിയിലുള്ള തിയേറ്ററുകളിൽ ഈ രംഗങ്ങൾ നീക്കം ചെയ്യില്ലെന്നും നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.
മാത്രമല്ല ചിത്രത്തിന്റെ സംവിധായകൻ എ.ആർ മുരുഗദോസ് മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി ജാമ്യാപേക്ഷ പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച രാത്രി പൊലീസ് മുരുഗദോസിന്റെ വീട്ടിൽ റെയ്ഡിനെത്തിയിരുന്നു. എന്നാൽ അദ്ദേഹം വീട്ടിലില്ലാത്തതിനാൽ മടങ്ങി പോയി.
സർക്കാർ സിനിമയിലെ രംഗങ്ങൾ മുറിച്ചു മാറ്റണമെന്ന എ.ഐ.എ.ഡി.എം.കെ സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് രജനീകാന്തും വിശാലും ഖുശ്ബുവും രംഗത്തെത്തിയിരുന്നു. സെൻസർബോർഡ് അംഗീകാരം നൽകിയ സിനിമയിലെ രംഗങ്ങൾ മാറ്റണമെന്ന് പറയുന്നത് നിയമവിരുദ്ധമാണെന്നും ചിത്രത്തിന്റെ പ്രദർശനം തടയുന്നതും ബാനറുകൾ കേടാക്കുന്നതും അപലപനീയമാണെന്നും രജനീകാന്ത് തുറന്നടിച്ചിരുന്നു.