കഴിഞ്ഞ കുറേ ദിവസങ്ങളായി ലോകത്തിന്റെ ശ്രദ്ധ ഇന്ത്യയിലേറ്റവും ധനാഢ്യനായ വ്യവസായി മുകേഷ് അംബാനിയുടെ മകള്‍ ഇഷയും ബാല്യകാല സുഹൃത്തും കോടീശ്വരനുമായ ആനന്ദ് പിരമാളും തമ്മിലുള്ള വിവാഹ ചടങ്ങിലേക്കായിരുന്നു. നാലുനാള്‍ രാജസ്ഥാനിലെ ഉദയ്പ്പുരില്‍ നടന്ന വിവാഹ പൂര്‍വ ആഘോഷങ്ങള്‍ക്കുശേഷം, തന്റെ 27-നില ബംഗ്ലാവായ ആന്റിലയില്‍ ഒരുക്കിയ അത്യാഡംബര ചടങ്ങില്‍ മുകേഷ് മകളുടെ കൈകള്‍ ആനന്ദിന്റെ കൈകളില്‍ ഭദ്രമായിവെച്ചുകൊടുത്തു.
700 കോടി രൂപയിലേറെ രൂപ ചെലവിട്ടാണ് വിവാഹം നടന്നതെന്നാണ് ബ്ലൂംബര്‍ഗ് വിലയിരുത്തുന്നത്. വിവാഹത്തിനെത്തിയ അതിഥികളുടെ നിരതന്നെ അതെത്രത്തോളം വിലപിടിച്ച ചടങ്ങായിരുന്നുവെന്ന് വ്യക്തമാക്കുന്നു. മുന്‍ യു.എസ്. പ്രഥമവനിത ഹിലരി ക്ലിന്റണ്‍ മുതല്‍ ബോളിവുഡിലെ ഇന്നത്തെ സൂപ്പര്‍ത്താരങ്ങള്‍വരെ അംബാനിയുടെ വീട്ടിലേക്കെത്തി.
ഹോളിവുഡിലെയോ ബോളിവുഡിലെയോ ഒരു താരനിശയെ അനുസ്മരിപ്പിക്കുന്നതായിരുന്നു വിവാഹവേദിയിലെ കാഴ്ചകള്‍ ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഐശ്വര്യ റായി, അമിതാബ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, ഭാര്യ കിരണ്‍ റാവു തുടങ്ങിയവരും വിവാഹത്തിനെത്തിയിരുന്നു.്. കഴുത്തില്‍ നിറയെ വജ്രാഭരണങ്ങള്‍ അണിഞ്ഞ് ചുവന്ന പട്ടുസാരിയുടുത്ത് മകള്‍ ആരാധ്യക്കും ഭര്‍ത്താവ് അഭിഷേക് ബച്ചനുമൊപ്പമാണ് ഐശ്വര്യ വന്നത്.
മകന്‍ അര്‍ജുനും ഭാര്യ അഞ്ജലിക്കുമൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ഭാര്യ ലതയ്ക്കൊപ്പം തെന്നിന്ത്യന്‍ സൂപ്പര്‍ത്താരം രജനീകാന്തും ചടങ്ങിനെത്തി. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, കരിഷ്മ കപൂര്‍, വരുണ്‍ ധവാന്‍, കിയാര അലിയാദ്വാനി തുടങ്ങി പ്രശസ്തരുടെ നീണ്ടനിരയാണ് വിവാഹത്തിനെത്തിയത്. വിവാഹത്തിനുമുന്നോടിയായി ആന്റിലയിലേക്കുള്ള തെരുവുകളൊക്കെ പൂക്കള്‍കൊണ്ടും ലൈറ്റുകള്‍കൊണ്ടും അലങ്കരിച്ചിരുന്നു. കുതിരപ്പുറത്തേറിയാണ് ആനന്ദ് പിരമാള്‍ ആന്റിലയിലേക്കെത്തിയത്. വിവാഹഘോഷയാത്ര കാണാനും നൂറുകണക്കിന് ജനങ്ങളാണ് ആന്റിലയ്ക്ക് പുറത്ത് തടിച്ചുകൂടിയത്.