മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയായ താരമാണ് ഗ്രേസ് ആന്റണി വളരെ ചുരുങ്ങിയ സമയത്തിനുളളില്‍ തന്നെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ ഗ്രേസ് ആന്റണിയ്ക്കായി. കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് ഗ്രേസ് ശ്രദ്ധ നേടുന്നത്. പിന്നീട് നായികയായും സഹനടിയുമായുമെല്ലാം ഗ്രേസ് കയ്യടി നേടുകയായിരുന്നു. കഴിഞ്ഞ ദിവസം നടി റെഡ് എഫ് എം മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ പങ്ക് വച്ച കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
വിവാഹം കഴിച്ചുവെന്ന കാര്യം പോലും മറച്ചുവെച്ച ശേഷം അഭിനയ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നടിമാരുണ്ടെന്നാണ് താരം പറയുന്നത്. എന്നാല്‍ അവസരങ്ങള്‍ കുറയുമോയെന്ന ഭയം കാരണമാണ് പലരും വിവാഹക്കാര്യം മറച്ചുവെക്കുന്നതെന്നും ഗ്രേസ് കൂട്ടിച്ചേര്‍ത്തു.
ഞാന്‍ ഒരാള്‍ വിചാരിച്ചാല്‍ മാറില്ല. എന്നാലും എനിക്ക് ഒരു ആഗ്രഹമുണ്ട്. നമ്മുടെ സിനിമയില്‍ വിവാഹ ശേഷം സ്ത്രീകള്‍ക്ക് അവസരം കുറയുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. ഞാന്‍ ഒരുപാട് സംവിധായകരോടും നിര്‍മ്മാതാക്കളോടും നിങ്ങള്‍ ആ ചിന്താഗതിയുള്ളവരാണോ എന്ന് ചോദിക്കാറുണ്ട്. ഏയ് ഇല്ലെടോ എന്നാണ് അവര്‍ പറയുക.
പക്ഷെ ഇപ്പോഴും എനിക്കറിയാം, വിവാഹം കഴിഞ്ഞിട്ടും അത് പുറത്ത് പറയാത്ത സുഹൃത്തുക്കളുണ്ട്. അവര്‍ക്കത് പുറത്ത് പറയാന്‍ പേടിയാണ്. അവസരങ്ങള്‍ കുറയുമോ എന്ന്. ഞാന്‍ ഒരാള്‍ വിചാരിച്ചാല്‍ മാറുമോ എന്നറിയല്ല. പക്ഷെ മാറണം എന്ന് ഞാന്‍ കരുതുന്ന കാര്യമാണതെന്നും ഗ്രേസ് പറയുന്നു.
തടിയെക്കുറിച്ച് ആളുകള്‍ പറയുന്നത് പോസിറ്റിവ് ആയിട്ടാണ് എടുക്കുന്നതെന്നും നടി പറഞ്ഞു.ആദ്യമൊക്കെ സങ്കടം തോന്നിയിരുന്നു. പക്ഷെ ഇപ്പോള്‍ അതേക്കുറിച്ചൊന്നും സങ്കടം വരാറില്ലെന്ന് ഗ്രേസ് പറയുന്നു. പിന്നെ പുറമെ നിന്ന് കാണുന്ന പോലെയാകില്ലല്ലോ ഓരോ ആളുകളുടെയും ജീവിതം. ഓരോ ആളുകള്‍ക്കും ഓരോ ആരോഗ്യ സ്ഥിതി ആയിരിക്കും. സാഹചര്യങ്ങള്‍ വ്യത്യസ്തം ആയിരിക്കാം ഇഷ്ടങ്ങള്‍ വ്യത്യസ്തം ആയിരിക്കാമെന്നും ഗ്രേസ് പറയുന്നു.