മലയാളത്തിന്റെ നിത്യവസന്തം പ്രേംനസീർ വിടവാങ്ങിയിട്ട് ഇന്ന് 30 വർഷങ്ങളായി. ചിറയിൻകീഴുകാരുടെ സ്വന്തം അബ്ദുൾ ഖാദറായി എത്തി മലയാള സിനിമയുടെ മനസ്സ് കീഴടക്കിയ നിത്യഹരിത നായകനായി പ്രേംനസീർ മാറിയത് വളരെ വേഗത്തിലായിരുന്നു. 1952ൽ പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തെത്തിയ അബ്ദുൾഖാദർ എന്ന പ്രേംനസീർ ചലച്ചിത്ര ലോകത്തിനും മലയാളികൾക്കും ഏറെ പ്രിയപ്പെട്ടവനായത് വളരെ പെട്ടെന്നായിരുന്നു. മലയാളി മനസിലെ പുരുഷ സങ്കൽപങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേം നസീറിന്റെ ഓരോ കഥാപാത്രവും.എന്നാൽ നടക്കാനാവാത്ത ഒരു ആഗ്രഹം ബാക്കി വച്ചിട്ടാണ് നസീർ ഈ ഭൂമി വിട്ടു പോയതെന്ന് പറയുകയാണ് പഴയകാല ക്യാമറാമാനും സംവിധായകനുമായ ജി.വേണു. ഇന്നത്തെ ഒരു സൂപ്പർതാരം കാരണമാണ് അത് നടക്കാതെ പോയതെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
നടക്കാനാവാത്ത ഒരു ആഗ്രഹം ബാക്കി വച്ചിട്ടാണ് പ്രേംനസീർ ഈ ഭൂമി വിട്ടു പോയത്. അതായത് സ്വന്തമായി ഒരു പടം പ്രൊഡ്യൂസ് ചെയ്ത് ഡയറക്ട് ചെയ്യണമെന്ന്. അതിനു വേണ്ടി അദ്ദേഹം ഇന്നത്തെ മെഗാ സ്റ്റാറുകളിൽ ഒരാളെ പതിവായി കണ്ട് കാൾ ഷീറ്റിന്റെ കാര്യം സംസാരിക്കാറുണ്ടായിരുന്നു. ഡേറ്റ് കൊടുക്കാം കൊടുക്കാം എന്ന് പറയുന്നെന്നല്ലാതെ ആ മനുഷ്യൻ ഡേറ്റ് കൊടുക്കുന്നില്ല. ഒടുവിൽ ഒരു വൈഷമ്യവും ഇല്ലാതെ അദ്ദേഹം കാറിൽ കയറിപ്പോയപ്പോൾ, ആ നടൻ പറയുകയാണ് ഇങ്ങേർക്ക് വയസാംകാലത്ത് വീട്ടിൽ പോയി ഇരുന്നൂടേയെന്ന്. ആ മനുഷ്യനിപ്പോൾ നസീറിനേക്കാൾ പ്രായമുണ്ട്.
ഞാൻ സെറ്റിൽ വച്ച് ഡയലോഗ് പറഞ്ഞ് പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ഈ മനുഷ്യൻ ചാൻസ് ചോദിച്ചു നടക്കുകയാണ്. അവിടെ വന്നാൽ സാറ് രണ്ടുമൂന്ന് പ്രാവശ്യം ഇരിക്കാൻ പറഞ്ഞാലെ ഇരിക്കുകയുള്ളൂ. ആ മനുഷ്യനാണ് പിന്നീടിത് പറഞ്ഞത്. അതു കേട്ടുകൊണ്ടു നിന്ന പ്രൊഡക്ഷൻ മാനേജർ നസീറിനെ ഇക്കാര്യം അറിയിച്ചു. സാറിന് പേരും പ്രശസ്തിയുമുണ്ട്. ഒരിക്കലും ഇനി ആ മനുഷ്യന്റെ അടുത്ത് കാൾ ഷീറ്റിനായി പോകരുത് എന്ന് പറഞ്ഞു.അതുപോലും പ്രേംനസീർ ആരെയും അറിയിച്ചിട്ടില്ല. പിന്നീട് ആ മനുഷ്യനെ കാണുമ്പോൾ പരിഭവം കാണിച്ചിട്ടുമില്ല. അതാണ് പ്രേനസീർ
G Venu says about Prem Nazir dream project