ഇന്നലെ റിലീസ് ചെയ്യാനിരുന്ന ധനുഷിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ നോക്കി പായും തോട്ടയുടെ റിലീസ് വീണ്ടും മാറ്റി. സാമ്പത്തിക പ്രശ്‌നങ്ങളും കോടതി നടപടികളും റിലീസിനു തടസമായെന്നാണ് റിപ്പോര്‍ട്ട്. പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.
സെപ്തംബര്‍ 12നു ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിര്‍മാതാവ് പി മദന്‍ പറഞ്ഞു.
സിനിമ പറഞ്ഞ ദിവസം തന്നെ പുറത്തിറക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ സാധിച്ചില്ല. നിങ്ങളെപ്പോലെ ഞങ്ങളും നിരാശരാണ്. സിനിമ ഉടന്‍ തന്നെ സുഗമമായി റിലീസ് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കും. ഇത്രയും കാലം ഞങ്ങള്‍ക്ക് വേണ്ടി കാത്തിരുന്ന എല്ലാവരും കുറച്ച് കൂടി ക്ഷമിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.നിര്‍മാതാവ് പറഞ്ഞു.
ഗൗതം മേനോന്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ധനുഷും മേഘ ആകാശുമാണ് പ്രധാന കാഥാപാത്രങ്ങളെ അവതരിപ്പുന്നത്. ജോമോന്‍ ടി ജോണും മനോജ് പരമഹംസയും ചേര്‍ന്ന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.2016 മാര്‍ച്ച് മാസത്തില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം ഏകദേശം രണ്ട് വര്‍ഷങ്ങള്‍ കൊണ്ടാണ് ചിത്രീകരിച്ചത്. ഗൗതം മേനോന്റെ നിര്‍മാണ കമ്പനിയായ ഒന്‍ട്രാഗ എന്റര്‍ടൈന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മാണം.