മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരനായ താരപുത്രന്മാരില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമേ ഹിന്ദി,തമിഴ്,തെലുഗ് ഭാഷകളില്‍ താരം തന്റേതായ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. പാന്‍ ഇന്ത്യ താരമായി വളര്‍ന്ന ദുല്‍ഖറിന് മറ്റ് ഭാഷകളില്‍ വലിയ ആരാധകരനിര തന്നെയാണ് സ്വന്തമായിട്ടുള്ളത്. എന്നാല്‍ താന്‍ മലയാളം സിനിമകള്‍ ഒഴിവാക്കി മറ്റ് ഭാഷാ ചിത്രങ്ങള്‍ കൂടുതല്‍ ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ നടന്‍.
മലയാളത്തില്‍ ഏത് സിനിമ ചെയ്താലും മമ്മൂട്ടിയുടെ മകന്‍ എന്ന ടാഗ് ചാര്‍ത്തി ആക്രമിക്കുന്ന ഒരുസംഘമുണ്ടെന്നാണ് നടന്‍ പറയുന്നത്. മമ്മൂട്ടിയുടെ മകന്‍ ആണെന്നതില്‍ അഭിമാനമുണ്ട്. എന്നാല്‍ ആ വിശേഷണം താന്‍ എപ്പോഴും ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു. ആര്‍ ബാല്‍കിയുടെ 'ചുപ്പ്' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുല്‍ഖര്‍ നല്‍കിയ പഴയ അഭിമുഖത്തിലെ വാക്കുകളാണിപ്പോള്‍ ശ്രദ്ധനേടുന്നത്.
മമ്മൂട്ടിയുടെ മകന്‍ ആയിരിക്കുമ്പോഴും ദുല്‍ഖര്‍ സല്‍മാന്‍ ആയി എന്നെ അംഗീകരിക്കുന്നതാണ് എനിക്കിഷ്ടം. മമ്മൂട്ടിയുടെ മകനെന്ന ടാഗ് മാറ്റാന്‍ എത്രതന്നെ ശ്രമിച്ചാലും അതിന് അനുവദിക്കാത്ത ചില ആളുകളുണ്ട്. അത് ചിലപ്പോള്‍ അവരുടെ അജണ്ട ആയിരിക്കാം. അതെന്താണെന്ന് എനിക്കറിയില്ല.
ഞാന്‍ തമിഴിലോ തെലുങ്കിലോ നന്നായി അഭിനയിക്കുകയും അവിടത്തെ പ്രേക്ഷകര്‍ എന്നെ ഇഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ ആ സംഘം അവിടെയുംവന്ന് ആക്രമിക്കും. ഞാനവരുടെ സ്വന്തം നാട്ടുകാരനാണെന്ന പരിഗണന പോലും തരില്ല. മറ്റുള്ളവര്‍ എന്നെ സ്നേഹിക്കുമ്പോള്‍ ഇവര്‍ എന്തിനാണെന്ന് എന്നെ വേട്ടയാടുന്നതെന്ന് മനസിലാവുന്നില്ല. ഞാന്‍ കൂടുതലും മറ്റ് ഭാഷകളില്‍ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങളും ഇതൊക്കെ തന്നെയാണ്. മമ്മൂട്ടിയുടെ മകനെന്ന ടാഗ് അവിടെ വളരെ കുറവാണ്. മറ്റ് ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ദുല്‍ഖര്‍ എന്ന നിലയ്ക്ക് തന്നെയാണ് അറിയപ്പെടുന്നത്.
മമ്മൂട്ടിയുടെ മകന്‍ ആണെന്നതില്‍ വളരെ അഭിമാനിക്കുന്നയാളാണ് ഞാന്‍. പക്ഷേ ആ ടാഗില്‍ ജീവിതകാലം മുഴുവന്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എന്താണെന്ന് തിരിച്ചറിയുന്ന ചിലരുണ്ട്. എന്റെ കുടുംബത്തിന്റെ പേരില്‍ അറിയപ്പെട്ട് ആ രീതിയില്‍ സിനിമ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'- ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി.