നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യയ്ക്കെതിരെ കോപ്പിയടി ആരോപണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഈ ആരോപണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കയാണ് ഫെഫ്കയും ഡിജോയും.
കട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തതെന്നും സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ച് വന്നയാളാണ് എന്നുമാണ് ഡിജോ പറയുന്നത്. നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കുമൊപ്പമുള്ള പത്ര സമ്മേളനത്തിലായിരുന്നു പ്രതികരണം.
'ഒരുപാട് വിഷമമുണ്ട്. ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പോലും ഇടാന്‍ സാധിക്കുന്നില്ല. റിലീസ് ചെയ്ത ആദ്യദിനം മുതല്‍ ഡീഗ്രേഡിങ് നേരിടുകയാണ്. നല്ല സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹത്തോടെ ഇന്‍ഡസ്ട്രിയില്‍ വന്നവരാണ്. ഇപ്പോള്‍ ആറു കൊല്ലമായി. കട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തത്. സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ച് വന്നയാളാണ്. ആദ്യ സിനിമ കോപ്പി, ജനഗണമന കോപ്പിയടിച്ചു ഇപ്പോള്‍ മലയാളി ഫ്രം ഇന്ത്യ കോപ്പയടിച്ചു എന്നൊക്കെയാണ് എന്നെക്കുറിച്ചുള്ള ആരോപണങ്ങള്‍. ആദ്യം മനസ്സിലാക്കേണ്ടത് ഞാനൊരു സംവിധായകനാണ്. അല്ലാതെ എഴുത്തുകാരനായി സംവിധാനം ചെയ്യുന്ന ആളല്ല.'
'പടത്തിന്റെ പല കാര്യങ്ങളും ഒളിപ്പിച്ചു വച്ചുവെന്നു പറയുന്നു. ഇതിന്റെ പൂജ, ലൊക്കേഷന്‍ വിഡിയോ ഒക്കെ എന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ നോക്കിയാല്‍ കാണാം. ഈ സിനിമയുടെ പ്രമോഷനില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നു പറയും. സെക്കന്‍ഡ് ഫാഫില്‍ ഈ സിനിമയുടെ സ്വഭാവം മാറി സീരിയസ് ആകുന്നുണ്ട്. പ്രേക്ഷകര്‍ പ്രതീക്ഷിച്ച ഹ്യൂമര്‍ ആണ് അവര്‍ക്ക് കിട്ടുന്നത്. രണ്ട് ദിവസം മുന്നേ പുറത്തുവിട്ട ടീസറിലും സിനിമയുടെ സ്വഭാവമുണ്ടായിരുന്നു.'- ഡിജോ കൂട്ടിച്ചേര്‍ത്തു.
മലയാളി ഫ്രം ഇന്ത്യയില്‍ സംഭവിച്ചത് കോപ്പിയടി അല്ലെന്നും എഴുത്തുകാര്‍ക്കിടയില്‍ സംഭവിച്ച വിചിത്രമായ ആകസ്മികത മാത്രമാണ് എന്നാണ് ഫെഫ്ക പ്രതികരിച്ചത്. 'കോവിഡ് സമയത്താണ് ഷാരിസിന് ഈ ആശയം തോന്നുന്നത്. ഛായാഗ്രഹകന്‍ ശ്രീജിത്തുമായി ചേര്‍ന്ന് ഹാരിസ് ദേശം എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറെ കാണുന്നു. ഇത് നടന്നില്ല. പിന്നീട് ജനഗണമന സിനിമയുടെ ഷൂട്ടിനിടെയാണ് ഡിജോയുമായി ആശയം പങ്കുവെക്കുന്നത്.' - ഉണ്ണി കൃഷ്ണന്‍ വ്യക്തമാക്കി.
ജയസൂര്യയുമായി സംസാരിച്ചിരുന്നെന്നും ഡിജോയോട് കഥയുടെ ഒരു വരിമാത്രം പറഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ നിഷാദ് കോയ വിളിക്കുമെന്നും പറഞ്ഞു. പക്ഷേ നിഷാദ് കോയയും ഡിജോയുമായി കമ്യുണിക്കേഷന്‍ നടന്നില്ല. അതിനിടെയാണ് പൃഥ്വിരാജ് പറഞ്ഞ്, ഈ കഥയുമായി സാമ്യത മനസ്സിലാക്കി ഡിജോയെ വിളിക്കുന്നത്. കഥയുടെ പ്രശ്നത്തെക്കുറിച്ച് പറഞ്ഞ് നിഷാദ് ഒരു പിഡിഎഫ് ഡിജോയ്ക്ക് അയയ്ക്കുന്നു. അത് ഞങ്ങള്‍ ഇന്ന് വേരിഫൈ ചെയ്തു.