Latest News

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിസ്തരിച്ചത് 110 ദിവസത്തോളം; വിചാരണവേളയില്‍ ദിലീപിനോടുള്ള കൂറ് ഊട്ടിയുറപ്പിച്ച് താരസംഘടന തലപ്പത്തുള്ളവര്‍; അച്ഛന് വേണ്ടി മകള്‍ വാദിച്ചിട്ടും മൊഴിമാറ്റാത്ത അമ്മ; ഇന്ന് വിധി ദിനം;ദിലീപ് അകത്തോ പുറത്തോ? നാള്‍ വഴികള്‍ ഇങ്ങനെ

Malayalilife
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിസ്തരിച്ചത് 110 ദിവസത്തോളം; വിചാരണവേളയില്‍ ദിലീപിനോടുള്ള കൂറ് ഊട്ടിയുറപ്പിച്ച് താരസംഘടന തലപ്പത്തുള്ളവര്‍; അച്ഛന് വേണ്ടി മകള്‍ വാദിച്ചിട്ടും മൊഴിമാറ്റാത്ത അമ്മ; ഇന്ന് വിധി ദിനം;ദിലീപ് അകത്തോ പുറത്തോ? നാള്‍ വഴികള്‍ ഇങ്ങനെ

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി നാളെ വിധി പറയാനിരിക്കെ ദിലീപിനോട് കൂറ് പ്രഖ്യാപിച്ചവരും നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയവരും ഒരിക്കല്‍ കൂടി ചര്‍ച്ചയാകുകയാണ്. അമ്മയെന്ന താരസംഘടനയ്ക്ക് പിന്നില്‍ ഒന്നിച്ച് അണിനിരന്നിരന്ന സിനിമ താരങ്ങള്‍ രണ്ട് ചേരിയായി മാറുന്ന കാഴ്ചയാണ് കേസില്‍ ദിലീപ് എട്ടാം പ്രതിയായി മാറിയതോടെ കണ്ടത്. താരസംഘടന തലപ്പത്തെ പ്രമുഖര്‍ ഉള്‍പ്പെടേയുള്ള പ്രബല വിഭാഗം ദിലീപിന് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും രംഗത്ത് വരുന്ന കാഴ്ചകള്‍ തുടക്കം മുതല്‍ കണ്ടു. അതേ സമയം നീതിക്കായി ശബ്ദമുയര്‍ത്തി താരസംഘടനയില്‍ ഒരു വിഭാഗം നിലപാട് എടുത്തതോടെ അമ്മ പിളരുമെന്ന രീതിയിലായി പ്രചരണങ്ങള്‍.

ആദ്യ ഘട്ടത്തില്‍ അതിജീവിതയ്ക്കായി ശബ്ദമുയര്‍ത്തിയവര്‍, പൊലീസിന് നല്‍കിയ മൊഴി വിചാരണവേളയില്‍ മാറ്റിക്കൊണ്ട് ഇവരില്‍ പലരും ദിലീപിനോടുള്ള കൂറ് ഊട്ടിയുറപ്പിച്ചു. എന്നാല്‍ മറുപക്ഷത്ത് അതിക്രമം നേരിട്ട അതിജീവിതക്കൊപ്പം അചഞ്ചലം നിലയുറപ്പിച്ച ഏതാനും താരങ്ങളുണ്ടായി എന്നതായിരുന്നു അമ്മയില്‍ നിന്നും ദിലീപിന്റെ പുറത്താകലില്‍ കലാശിച്ചത്. മഞ്ജുവാര്യര്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, പാര്‍വതി, പത്മപ്രിയ തുടങ്ങിയവരാണ് നടിക്കൊപ്പം നിലയുറപ്പിച്ച പ്രമുഖര്‍. ഈ നടിമാര്‍ ഡബ്ല്യുസിസിയുടെ രൂപീകരണത്തിലുള്‍പ്പെടെ നിര്‍ണ്ണായക പങ്കുവഹിച്ചപ്പോള്‍ പൃഥ്വിരാജും കുഞ്ചാക്കോ ബോബനുമൊക്കെ സംഘടനയ്ക്ക് അകത്തും പുറത്തും കോടതിയിലും നീതിക്ക് വേണ്ടി ശബ്ദം ഉയര്‍ത്തി.


നടി ആക്രമിക്കപ്പെടുന്ന സമയത്ത് താരസംഘടനയിലെ ട്രഷറര്‍ ആയിരുന്നു ദിലീപ്. അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടന എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് നടത്തിയ സംഗമത്തില്‍ ദിലീപും സംസാരിച്ചിരുന്നു. പിന്നീടാണ് ദിലീപ് സംശയ നിഴലിലേക്ക് വരുന്നതും കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് അറസ്റ്റിലാകുന്നതും. തുടക്കം മുതല്‍ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സംഘടനയുടെ നേതൃനിരയിലുള്ളവര്‍ സ്വീകരിച്ചത്. ഇതോടെ പൃഥ്വിരാജ് അടക്കമുള്ള ഒരുവിഭാഗം യുവതാരങ്ങള്‍ ദിലീപിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന നിലപാട് സംഘടനയ്ക്കുള്ളില്‍ ഉയര്‍ത്തി. ആദ്യമൊക്കെ ദിലീപിന് വേണ്ടി ഉറച്ച് നിന്നെങ്കിലും അറസ്റ്റ് നടന്നതോടെ സകല പ്രതിരോധവും പൊളിഞ്ഞ് ഭാരവാഹികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. അങ്ങനെയാണ് മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ താരത്തെ പുറത്താക്കാന്‍ സംഘടന തീരുമാനിക്കുന്നത്.


ദിലീപിനെതിരെ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ യുവതാരങ്ങള്‍ സംഘടന വിടുമെന്ന രീതിയിലുള്ള വാര്‍ത്തകളും അന്ന് പുറത്ത് വന്നു. 'എക്സിക്യൂട്ടീവ് യോഗത്തില്‍ തന്റെ നിലപാട് ഉന്നയിക്കുമെന്നും അത് ചര്‍ച്ച ചെയ്തില്ലെങ്കില്‍ തന്റെ നിലപാട് പരസ്യമായി വ്യക്തമാക്കുമെന്നും പൃഥ്വിരാജ് തുറന്ന് പറഞ്ഞു. 'സംഘടന കൃത്യമായ നിലപാട് സ്വീകരിക്കും എന്നാണ് പ്രതീക്ഷ. എന്റെ കൂടെ നിലപാട് ഉള്‍ക്കൊള്ളുന്ന പ്രസ്താവനയാണ് അവിടുന്ന് ഉണ്ടാകുന്നതെങ്കില്‍ അതായിരിക്കും എന്റെ നിലപാട്. അങ്ങനെയല്ലെങ്കില്‍ എന്റെ പ്രതികരണം ഞാന്‍ അറിയിക്കും'- എന്നായിരുന്നു എക്സിക്യുട്ടീവ് യോഗത്തിന് മുന്നോടിയായി പൃഥ്വിരാജ് വ്യക്തമാക്കിയത്.


നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായപ്പോഴും തന്റെ നിലപാട് പൃഥ്വിരാജ് ആവര്‍ത്തിച്ച് വ്യക്തമാക്കി. 'ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. അവരുടെ കൂടെ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ഫസ്റ്റ് പേഴ്‌സണ്‍ ഇന്‍ഫര്‍മേഷനുണ്ട്. എനിക്കുറച്ച് തന്നെ പറയാന്‍ പറ്റും, ഞാനവരെ പിന്തുണയ്ക്കുന്നു, അവര്‍ക്കൊപ്പം നില്‍ക്കുമെന്ന്. ഞാന്‍ മാത്രമല്ല, ഒരുപാട് പേര്‍ നടിക്കൊപ്പമുണ്ട്'. കടുവ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പൃഥ്വിരാജ് പറഞ്ഞു.


ശക്തമായ നിലപാടുമായി ആസിഫ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്നായിരുന്നു ആസിഫ് അലിയുടെ നിലപാട്. ദിലീപ് എന്ന നടനില്‍ നിന്നല്ല, മറ്റേതൊരു വ്യക്തിയില്‍ നിന്നുപോലും ഇതുപോലൊരു കുറ്റകൃത്യം ചിന്തിക്കാന്‍ കഴിയില്ല. അക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണ്. ഈ സംഭവത്തില്‍ ഒരുപാട് വേദന സഹിച്ചിട്ടുണ്ടെന്നും അദ്ദേഹം അന്ന് വ്യക്തമാക്കി. ദിലീപിനോടൊപ്പം അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞ വ്യക്തിയാണ് ഞാന്‍. അത് അദ്ദേഹത്തെ ഇനി അഭിമുഖീകരിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടുകൊണ്ടാണ്. കുറ്റം തെളിയുന്നത് വരെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി ദിലീപ് ആകരുതേയെന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും ആസിഫ് അലി തുറന്ന് പറഞ്ഞു.


മൊഴിയില്‍ ഉറച്ച് കുഞ്ചാക്കോ ബോബന്‍ അന്വേഷണ സംഘത്തിന് മുമ്പാകെ നല്‍കിയ മൊഴി വിചാരണ കോടതിയില്‍ പലരും ദിലീപിന് അനുകൂലമായി മാറ്റിയപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ആദ്യാവസനം തന്റെ മൊഴിയില്‍ ഉറച്ച് നിന്നു. ദിലീപുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ മഞ്ജുവാര്യര്‍ ആദ്യമായി അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലെ നായകനായിരുന്നു കുഞ്ചാക്കോ ബോബന്‍. ഈ ചിത്രത്തില്‍ നിന്നും പിന്മാറണമെന്ന് ദിലീപ് തന്നോട് വിളിച്ച് സംസാരിച്ചിരുന്നുവെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ച് പൊലീസിന് നല്‍കിയ മൊഴി കുഞ്ചാക്കോ ബോബന്‍ കോടതിയിലും ആവര്‍ത്തിച്ചു.

ഇന്ന് 11 മണിക്ക് ആണ് കേസില്‍ കോടതി വിധി പറയുക. 3215 ദിവസത്തിന് ശേഷമാണ് വിധി വരുന്നത്. ദിലീപ് അടക്കം 10 പ്രതികളും കോടതിയില്‍ എത്തും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. നടന്‍ ദിലീപ് ഉള്‍പ്പടെ 10 പേര്‍ പ്രതികളായ കേസിലാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്. 7 വര്‍ഷവും 7 മാസവും നീണ്ട വിചാരണയ്ക്കൊടുവിലാണ് നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിധി പറയുന്നത്. 

പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ഒന്നാം പ്രതിയായ കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സലീം, പ്രദീപ്, ചാര്‍ലി തോമസ്, സനില്‍കുമാര്‍, ദിലീപിന്റെ സുഹൃത്ത് ശരത് എന്നിവരാണ് മറ്റുപ്രതികള്‍. 2017 ഫെബ്രുവരി 17ന് രാത്രിയാണ് തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഓടുന്ന വാഹനത്തില്‍വെച്ച് നടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് പ്രതികള്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പള്‍സര്‍ സുനി ഉള്‍പ്പടെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. നടന്‍ ദിലീപിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടിയെ ആക്രമിച്ചതെന്നതിന് തെളിവുകള്‍ ലഭിച്ചതോടെ കേസില്‍ ദിലീപിനെയും അറസ്റ്റ് ചെയ്തു. ബലാത്സംഗം, ഗൂഢാലോചന തുടങ്ങി 10ലധികം വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുകയും 2018ല്‍ വിചാരണ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകളും രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചതും കൊവിഡ് നിയന്ത്രണങ്ങളും എട്ടാം പ്രതി ദിലീപ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തുടരെ തുടരെ ഹര്‍ജികള്‍ സമര്‍പ്പിച്ചതുമെല്ലാം വിചാരണ നീണ്ടുപോകാന്‍ കാരണമായി. 260ല്‍പ്പരം സാക്ഷികളെ വിസ്തരിക്കുകയും 1600ലധികം രേഖകള്‍ പരിശോധിക്കുകയും ചെയ്ത ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗ്ഗീസ് തിങ്കളാഴ്ച അന്തിമ വിധി പറയുന്നത്. 

ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധത്താല്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നാണ് ദിലീപിനെതിരായ കേസ്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ആക്രമിച്ച ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനി ഒന്നാം പ്രതിയാണ്. ബലാല്‍സംഗത്തിന് ആദ്യമായി ക്വട്ടേഷന്‍ നല്‍കിയ കേസാണിത്. എന്നാല്‍ ഇത് കെട്ടുകഥയാണെന്നും പ്രോസിക്യുഷന്‍ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയില്‍ എത്തിയതെന്നുമാണ് ദിലീപിന്റെ വാദം. വിധി പറയുന്നതിന്റെ ഭാഗമായി കോടതിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കും. കോടതി പരിസരത്തേക്ക് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രവേശനം നിയന്ത്രിക്കും. 2018ല്‍ ആരംഭിച്ച വിചാരണ നടപടികള്‍ കഴിഞ്ഞമാസം 25നാണ് പൂര്‍ത്തിയായത്. 

വിചാരണ കോടതിയുടെ നടപടികളില്‍ പ്രതിഷേധിച്ച് രണ്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചിരുന്നു. അതിജീവിതയുടെ അപേക്ഷ പരിഗണിച്ച് അഡ്വ.വി. അജകുമാറാണ് മൂന്നാമത്തെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റത്. സാക്ഷിവിസ്താരം അനന്തമായി നീണ്ടതോടെ വിചാരണ കോടതിയുടെ അപേക്ഷ പരിഗണിച്ച് സുപ്രീംകോടതി പല തവണ കാലാവധി നീട്ടി നല്‍കി. ക്രോസ് വിസ്താരത്തിന് ഏറ്റവും സമയം എടുത്തത് ദിലീപിന്റെ അഭിഭാഷകരായിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 110 ദിവസത്തോളമാണ് വിസ്തരിച്ചത്. ഇതില്‍ 87 ദിവസവും എടുത്തത് ദിലീപിന്റെ അഭിഭാഷകനാണ്. 

കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് പ്രതിയായിരുന്നില്ല. ആറുമാസത്തിന് ശേഷം അനുബന്ധ കുറ്റപത്രം നല്‍കിയാണ് ദിലീപിനെ എട്ടാം പ്രതിയാക്കുന്നത്. കേസിലെ പ്രതികള്‍ ബ്ലാക്ക്മെയില്‍ ചെയ്യുന്നുവെന്ന ദിലീപിന്റെ പരാതി തന്നെ അന്വേഷണത്തിന്റെ ഗതിമാറ്റി. ദിലീപിന്റെതായിരുന്നു ക്വട്ടേഷന്‍ എന്ന് വ്യക്തമാക്കുന്ന കത്ത് ഒന്നാം പ്രതി പള്‍സര്‍ സുനി സഹതടവുകാരനെ കൊണ്ട് എഴുതിച്ചിരുന്നു. പിന്നാലെ ദിലീപിന് ജയിലില്‍ നിന്ന് ഒന്നരകോടി ആവശ്യപ്പെട്ട് സുനിയുടെ സഹതടവുകാരന്‍ വിഷ്ണു സനലിന്റെ ഫോണ്‍. ഇതോടെ ദിലീപിന്റെ പരാതി ഡിജിപിക്ക് മുന്നിലെത്തി. പരാതിയെത്തി രണ്ടു മാസത്തിന് ശേഷം ജൂണ്‍ 28 നാണ് ദിലീപും സുഹൃത്തായ നാദിര്‍ഷവും ചോദ്യമുനയിലായത്. ജൂലൈ 10 തിന് അറസ്റ്റിലായ ദിലീപ് 85 ദിവസത്തിന് ശേഷമാണ് ജയില്‍ മോചിതനായത്. 

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്റെ കൈവശമുണ്ടെന്നും ദിലീപും സുനിയും തമ്മില്‍ അടുത്തബന്ധമുണ്ടെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തുന്നത് 2022 ജനുവരി ആദ്യം. ദിലീപിനെതിരെ അന്വേഷണം നടത്തിയ 5 പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. ഇതിന് പിന്നാലെ വിചാരണ നിര്‍ത്തിവെച്ച് കേസില്‍ തുടരന്വേഷണം നടത്തി. ?തുടരന്വേഷണം പൂര്‍ത്തിയായപ്പോള്‍ അന്വേഷണസംഘം കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെയും പ്രതിചേര്‍ത്തു.

വിചാരണ കോടതി ദിലീപിനെ ശിക്ഷിച്ചാല്‍ ഹൈക്കോടതിയിലെ അപ്പീല്‍ പോരാട്ടം ഉറപ്പാണ്. അഡ്വ രാമന്‍പിള്ള ഉടന്‍ അപ്പീല്‍ നല്‍കും. മറിച്ചായാലും അതിജീവിത കേസുമായി മുമ്പോട്ട് പോകും. സുപ്രീംകോടതിയില്‍ വരെ നിയമ പോരാട്ടം എത്തുമെന്ന് അതിജീവിതയുടെ അഭിഭാഷക വ്യക്തമാക്കി കഴിഞ്ഞു. അങ്ങനെ നടിയെ ആക്രമിച്ച കേസിലെ നിയമ പോരാട്ടം തുടരും. വിധി വരുമ്പോള്‍ മഞ്ജു വാര്യര്‍ എന്ത് നിലപാട് എടുക്കുമെന്നതും നിര്‍ണ്ണായകമാണ്. സിനിമയിലെ വനിതാ കൂട്ടായ്മയുടെ രൂപീകരണത്തിന് കാരണമായ മഞ്ജു പിന്നീട് അതുമായി അകന്നു. ദിലീപിന്റെ ആദ്യഭാര്യയാണ് മഞ്ജു. അച്ഛനെ കുടുക്കാന്‍ അമ്മ മുന്നില്‍ നില്‍ക്കരുതെന്ന് മകള്‍ അമ്മയ്ക്കു മുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. വിധി ദിന ക്ലൈമാക്സില്‍ അങ്ങനെ പലതും ചര്‍ച്ചയാകും.

Read more topics: # ദിലീപ്
Court to deliver verdict in actor rape case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES