അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ടെന്ന് പരാതി. പുതിയ സിം കാര്‍ഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നടിയെ പൂട്ടിയിടുന്നതില്‍ കലാശിച്ചത്.പരാതി പിന്നീട് ജീവനക്കാര്‍ മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് നടി പിന്‍വലിച്ചു.
സിം കാര്‍ഡ് മാറ്റിവാങ്ങാന്‍ എത്തിയ താന്‍ എന്തോ മോഷ്ടിച്ചുവെന്ന തരത്തിലാണ് അവര്‍ ഷട്ടര്‍ താഴ്ത്തിയത് എന്ന് അന്ന മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ നടി എന്ന നിലയിലല്ല, ഒരു സാധാരണ സ്ത്രീയെന്ന തരത്തിലാണ് മുഖത്ത് മാസ്ക് വരെ ധരിച്ച്താന് അവിടേക്കു ചെന്നതെന്ന് അന്ന പറഞ്ഞു.
ടെലികോം കമ്പനിയുടെ ആലുവയിലെ ഷോറൂമില്‍ ഡ്യൂപ്ലിക്കേറ്റ് സിം എടുക്കാന്‍ ചെന്നപ്പോള്‍ ആണ് സംഭവം. ഷോറൂമിന്റെ ഷട്ടര്‍ അടച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. അതേസമയം ജീവനക്കാര്‍ സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞതോടെ പരാതിയുമായി മുന്നോട്ട് പോകാനില്ലെന്നാണ് അന്ന രേഷ്മ രാജന് പറയുന്നത്. ജീവനക്കാരുടെ ഭാവി മുന്‍നിറുത്തി കേസ് ഒത്തു തീര്‍പ്പാക്കിയെന്നും താരം പ്രതികരിച്ചു.
ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു അന്നയുടെ സിനിമാ അരങ്ങേറ്റം. വെളിപാടിന്റെ പുസ്തകം, ലോനപ്പന്റെ മാമോദീസ, മധുര രാജ, അയ്യപ്പനും കോശിയും തുടങ്ങിയവയാണ് അന്നയുടെ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.