Latest News

സിനിമ ഉപേക്ഷിച്ചതാണ് ഇനി വേണോ എന്ന് മുരളി ഗോപിയുടെ ചോദ്യം; വേണമെന്ന് ബ്ലെസിയുടെ മറുപടി; 'ഭ്രമരം' സിനിമ 15 വര്‍ഷമാകുമ്പോള്‍ ഓര്‍മ്മകള്‍ പങ്കിട്ട് മുരളി ഗോപി

Malayalilife
topbanner
 സിനിമ ഉപേക്ഷിച്ചതാണ് ഇനി വേണോ എന്ന് മുരളി ഗോപിയുടെ ചോദ്യം; വേണമെന്ന് ബ്ലെസിയുടെ മറുപടി; 'ഭ്രമരം' സിനിമ 15 വര്‍ഷമാകുമ്പോള്‍ ഓര്‍മ്മകള്‍ പങ്കിട്ട് മുരളി ഗോപി

ബ്ലെസിയും മോഹന്‍ലാലും ഒരുമിച്ച ഭ്രമരം സിനിമ മലയാളത്തില്‍ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രം പുറത്തിറങ്ങി 15 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഓര്‍മക്കുറിപ്പുമായെത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. 2004-ല്‍ രസികന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയെങ്കിലും അഞ്ചുവര്‍ഷത്തെ ഇടവേള കഴിഞ്ഞ് മുരളി ഗോപി ചെയ്ത ചിത്രമായിരുന്നു ഭ്രമരം.

ഫേസ്ബുക്കിലെഴുതിയ ചെറുകുറിപ്പിലാണ് മുരളി ഗോപി ഭ്രമരത്തെയും സംവിധായകന്‍ ബ്ലെസി തന്നെ കാണാന്‍ വന്നതിനേക്കുറിച്ചും ഓര്‍മിക്കുന്നത്. ഇപ്പോഴത്തെ സംവിധായകന്‍ രതീഷ് അമ്പാട്ട് വഴിയാണ് ബ്ലെസി തന്നെ സമീപച്ചതെന്ന് മുരളി ഗോപി ഓര്‍ത്തെടുത്തു. താന്‍ സിനിമ ഉപേക്ഷിച്ചതാണ് ഇനി വേണോ എന്നു ചോദിച്ചപ്പോള്‍ സ്നേഹത്തോടെ വേണം എന്നായിരുന്നു ബ്ലെസിയുടെ മറുപടി. മറുത്തൊന്നും പറയാതെ എന്നാല്‍ ശരി എന്നുപറയുകയായിരുന്നു താനെന്നും മുരളി ഗോപി എഴുതി.

'ഭ്രമരം' തിയേറ്ററുകളില്‍ എത്തിയിട്ട് ഇന്ന് പതിനഞ്ചു വര്‍ഷം തികയുന്നു. 2004 ലെ സിനിമയിലേക്കുള്ള ആദ്യ ചുവടിന് ശേഷം, പിന്നെ വന്ന ഓഫറുകള്‍ ഒന്നും എടുക്കാതെ വിദേശത്തേക്ക് സ്വയം നാടുകടത്തി, പ്രവാസത്തിന്റെ സുഖമുള്ള വെയിലേറ്റ് കാലം കഴിക്കുമ്പോഴാണ് ബ്ലെസ്സിയേട്ടന്‍ എന്നെ കണ്ട് സംസാരിക്കണം എന്ന് എന്റെ ഉറ്റ ചങ്ങാതി രതീഷ് അമ്പാട്ടിനോട് പറയുന്നത്. തിരുവനന്തപുരത്തെ മാസ്‌ക്കോട്ട് ഹോട്ടലില്‍ എന്നെ ഇരുത്തി, അദ്ദേഹം, ഒരു ജ്യേഷ്ഠ സഹോദരന്റെ എല്ലാ അധികാരത്തോടെയും വാത്സല്യത്തോടെയും, സിനിമയിലേക്ക് ഒരു നടനായും എഴുത്തുകാരനായും ഒക്കെ മടങ്ങി വരേണ്ട ആവശ്യകതയെ കുറിച്ച് ഒരുപാട് സംസാരിച്ചു.

'ഭ്രമരത്തില്‍' ഒരു പ്രധാന കഥാപാത്രമായി എന്നെയാണ് മനസ്സില്‍ കണ്ടതെന്നും അത് ഞാന്‍ തന്നെയായിരിക്കും ചെയ്യുന്നതെന്നും വളരെ ഉറപ്പോടെ അദ്ദേഹം പറഞ്ഞു. ''ഞാന്‍ സിനിമ ഉപേക്ഷിച്ചതാണ്, ചേട്ടാ. ഇനി വേണോ'' എന്ന ചോദ്യത്തിന് ''വേണം'' എന്ന ഒറ്റ വാക്കില്‍ മറുപടി. ആ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ നിറഞ്ഞു നിന്ന സര്‍ഗാത്മകതയുടെയും സ്നേഹത്തിന്റെയും പച്ചയായ പ്രകാശത്തിനു മുന്നില്‍ ''എന്നാല്‍ ശരി'' എന്ന് മാത്രമേ പറയാനായുള്ളൂ.

ഇന്നും, നടിക്കുന്ന ഓരോ ഷോട്ടിന് മുന്‍പും എഴുതുന്ന ഓരോ വാക്കിന് മുന്‍പും, മനസ്സില്‍ താനേ കുമ്പിടുന്ന ഓര്‍മ്മകളിലും ശക്തികളിലും ഒന്ന് ബ്ലെസ്സിയേട്ടന്റെ കണ്ണിലെ ആ പ്രകാശമാണ്. ''ഞാന്‍ വെറും ഒരു നിമിത്തം ആയി എന്നേ ഉള്ളൂ, മുരളീ. ഞാന്‍ അല്ലെങ്കില്‍ മറ്റൊരാള്‍, അത്രേയുള്ളൂ...'' എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം ഇതിനെ ഇപ്പോഴും നേരിടാറുണ്ട്. മുരളി ഗോപി എഴുതി. വലിയ വഴികാട്ടികളെ നിമിത്തമായി കണ്ടല്ല ശീലം. ഗുരുവായാണ്. നന്ദി, ബ്ലെസ്സിയേട്ടാ എന്നുപറഞ്ഞുകൊണ്ടാണ് മുരളി ഗോപി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more topics: # മുരളി ഗോപി
Blessy Mohanlal movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES