വാഹനാപകടത്തില്‍ മരിച്ച വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ആരോഗ്യനില നേരിയതോതില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ലക്ഷ്മി ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്.
സെപ്റ്റംബര്‍ 25-നു പള്ളിപ്പുറം സിആര്‍പിഎഫ് ക്യാന്പിനടുത്തു വച്ച് ബാലുവും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഏക മകള്‍ ഒന്നരവയസുകാരി തേജസ്വിനി ബാല അപകട ദിവസം തന്നെ മരിച്ചിരുന്നു.
കാറപകടത്തെത്തുടര്‍ന്ന് ഒരാഴ്ചയോളം ചികിത്സയില്‍ കഴിഞ്ഞതിനു ശേഷം ഒക്ടോബര്‍ രണ്ടിനു പുലര്‍ച്ചെയായിരുന്നു ബാലഭാസ്‌കറിന്റെ അന്ത്യം. അപകടത്തില്‍ തലയ്ക്കും നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റ ബാലഭാസ്‌കറിനെ ഒന്നിലധികം ശസ്ത്രക്രിയയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് ബാലഭാസ്‌കര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് വില്ലനായത്.
ഒക്ടോബര്‍ മൂന്നിന് തിരുവനന്തപുരം ശാന്തി കവാടത്തില്‍ ബാലഭാസ്‌കറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ഇപ്പോള്‍ ചികിത്സയിലാണ്. ഇതുവരെയും ബോധം വീണ്ടെടുക്കാത്ത ലക്ഷ്മി ഭര്‍ത്താവും കാത്തിരുന്നു കിട്ടിയ കണ്‍മണിയും നഷ്ടപ്പെട്ടതറിഞ്ഞിട്ടില്ല. ഇടയ്ക്കു ബോധം തെളിഞ്ഞ ലക്ഷ്മി മകളെ അന്വേഷിച്ചിരുന്നെങ്കിലും ചികില്‍സയിലാണെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.