Latest News

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; ഭാര്യ ലക്ഷ്മിയുടെ നില മെച്ചപ്പെട്ടു വരുന്നതായി സൂചന; ബാലഭാസ്‌കറുടെ നില ഗുരുതരമായി തുടരുന്നെങ്കിലും മരുന്നുകളോട് ചെറിയതോതില്‍ പ്രതികരിക്കുന്നുവെന്ന് വിവരം; ചികിത്സയ്ക്കായി എയിംസില്‍ നിന്നും ഡോക്ടര്‍മാര്‍ എത്തിയേക്കും; പ്രാര്‍ത്ഥനയോടെ ലോകമെമ്പാടുമുളള ആരാധകരും സഹപ്രവര്‍ത്തകരും

Malayalilife
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; ഭാര്യ ലക്ഷ്മിയുടെ നില മെച്ചപ്പെട്ടു വരുന്നതായി സൂചന; ബാലഭാസ്‌കറുടെ നില ഗുരുതരമായി തുടരുന്നെങ്കിലും മരുന്നുകളോട് ചെറിയതോതില്‍ പ്രതികരിക്കുന്നുവെന്ന് വിവരം; ചികിത്സയ്ക്കായി എയിംസില്‍ നിന്നും ഡോക്ടര്‍മാര്‍ എത്തിയേക്കും; പ്രാര്‍ത്ഥനയോടെ ലോകമെമ്പാടുമുളള ആരാധകരും സഹപ്രവര്‍ത്തകരും


തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ നിലയില്‍ നേരിയ പുരോഗതി. ജീവന്‍രക്ഷാസംവിധാനങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെങ്കിലും ഇവയുടെ തോത് കുറച്ചുകൊണ്ട് വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഭാര്യ ലക്ഷ്മിയുടെ നില മെച്ചപ്പെട്ടുവരുന്നതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ലക്ഷ്മിക്ക് ഇന്നലെ ഒരു ശസ്ത്രക്രിയ കൂടി നടത്തിയിരുന്നു. വയറില്‍ അണുബാധയേറ്റതിനാലാണ് ലക്ഷ്മിക്ക് വീണ്ടും ശസ്ത്രക്രിയ വേണ്ടി വന്നത്. ലക്ഷ്മിക്കും ബോധം ശരിക്ക് തെളിഞ്ഞിട്ടില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും പുറത്ത് വന്ന വിവരങ്ങള്‍

ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുകയാണെങ്കിലും മരുന്നുകളോട് ചെറിയതോതില്‍ പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വെന്റിലേറ്ററിലാണ് ഇപ്പോഴും കഴിയുന്നതെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ട്. വെന്റിലേറ്ററിന്റേതുള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളുടെ ഉപയോഗത്തോത് കുറച്ചിട്ടുണ്ട്. ഇതിനോട് നല്ലരീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും നല്ല സൂചനയാണെന്നുമാണ് ഡോക്ടര്‍മാര്‍ പങ്കുവയ്ക്കുന്നത്. ആരാധകരും സഹപ്രവര്‍ത്തകരുമായി നിരവധി പേരാണ് പ്രാര്‍ത്ഥനകളുമായി ആശുപത്രിയിലെത്തുന്നത്.

ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ചികിത്സയ്ക്കായി എയിംസില്‍ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) നിന്നും ഡോക്ടര്‍മാരുടെ സംഘത്തെ എത്തിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി സംസാരിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കേണ്ടതുണ്ട്്. ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതിനായുള്ള ചര്‍ച്ചകള്‍ നിലവില്‍ പുരോഗമിക്കുന്നുണ്ട്.

ബാലഭാസ്‌കറിന്റെ കഴുത്തിനും സുഷുമ്‌നാനാഡിക്കും ശ്വാസകോശത്തിനും തകരാറുണ്ട്്. കഴുത്തിലെ കശേരുക്കള്‍ക്ക് ക്ഷതമുണ്ടായതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. സുഷുമ്‌നാ നാഡിക്കുണ്ടായ ക്ഷതം പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ബാലഭാസ്‌കറിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ കഴിയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഗീതസംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മകള്‍ തേജസ്വിനിബാല മരിച്ചു.

തൃശ്ശൂരില്‍ നിന്നും ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേയ്ക്ക് മടങ്ങുമ്പോള്‍ പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്‌കറിന്റെ നട്ടെല്ലിനും നാഡീവ്യവസ്ഥകള്‍ക്കുമാണ് പരിക്കേറ്റത്. ബാലഭാസ്‌കറിനെയും ഭാര്യ ലക്ഷ്മിയെയും കൂടാതെ ഡ്രൈവര്‍ അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

Read more topics: # Balabhaskar
Balabhaskar health conditions report

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES