ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകലക്ഷങ്ങളുടെ ഹൃദയത്തില്‍ ഇടം പിടിച്ച നടനാണ് പ്രഭാസ്. 38 വയസായിട്ടും ഇതുവരെയും പ്രഭാസ് കല്യാണം കഴിക്കാത്തത് ആരാധകര്‍ക്ക് ഏറെ ആകാംക്ഷ ഉയര്‍ത്തിയ കാര്യമായിരുന്നു. പ്രഭാസിന്റെ അമ്മാവനാണ് അനന്തിരവന്റെ കല്യാണം അടുത്ത വര്‍ഷമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.വര്‍ഷങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്നതാണ് പ്രഭാസിന്റെ കല്യാണവാര്‍ത്ത. എന്നാല്‍ ഇപ്പോഴില്ലെന്നും പിന്നീടാവാമെന്നും പറഞ്ഞ് താരം ഒഴിഞ്ഞുമാറുകയായിരുന്നു. പല നടിമാരുടെയും പേരുകള്‍ ചേര്‍ത്തും പ്രഭാസിന്റെ പ്രണയകഥകളും ടോളിവുഡില്‍ നിറഞ്ഞിരുന്നു. ബാഹുബലിയില്‍ പ്രഭാസിന്റെ നായികയായ അനുഷ്‌കയും പ്രഭാസും തമ്മില്‍ പ്രണയമാണെന്ന രീതിയിലും വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ തങ്ങള്‍ തമ്മില്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും അതിനപ്പുറം ഒന്നുമില്ലെന്നും പ്രഭാസും അനുഷ്‌കയും പലതവണ ആവര്‍ത്തിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും പ്രണയം കെട്ടുകഥ അല്ലെന്നും ഇവരും തമ്മിലുള്ള വിവാഹമാണ് പ്രഭാസിന്റെ അമ്മാവന്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. തെലുങ്ക് സിനിമ മാധ്യമങ്ങളാണ് ബന്ധുക്കളെ ഉദ്ധരിച്ച് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രഭാസിന്റെ പുതിയ ചിത്രമായ സാഹോയുടെ റിലീസിനു ശേഷമായിരിക്കും വിവാഹവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ തുടങ്ങുക. വിവാഹ തീയതി പ്രഭാസ് തന്നെ പുറത്തുവിടുമെന്നാണ് സൂചന.
ബാഹുബലി ആദ്യ ഭാഗം വന്നതിനു ശേഷമായിരുന്നു പ്രഭാസ് അനുഷ്‌ക പ്രണയക്കഥ പുറത്തു വന്നത്. അവാര്‍ഡ്ദാന ചടങ്ങുകളിലും പൊതുപരിപാടികളിലും ഇവര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ പ്രണയക്കഥ കുറച്ചു കൂടി ദൃഢമായി. ചിത്രത്തിന്റെ രണ്ടാം ഭാഗം കൂടി വന്നപ്പോള്‍ അത് ഇരട്ടിക്കുകയായിരുന്നു. പ്രചരിക്കുന്ന പ്രണയകഥ വ്യാപകമായതോടെ മറുപടിയുമായി ഇരുവരും
രംഗത്തെത്തിയിരുന്നു. എന്നാലും ഇവര്‍ പ്രണയത്തിലാണെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം. ഇപ്പോള്‍ അടുത്ത ബന്ധു കൂടി ഇത് സൂചിപ്പിച്ചതോടെ വിവാഹതീയതിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.