മലയാളത്തിലെ ഒരു നടിയാണ് ആനി. 1993 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 'അമ്മയാണെ സത്യം' എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവട് വച്ചത്.നിരവധി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം വിവാഹത്തോടെ സിനിമ വിടുകയായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ട്രോള്‍ ചെയ്യപ്പെട്ട സെലിബ്രിറ്റികളില്‍ ഒരാൾ കൂടിയാണ് ആനി. അടുക്കള വിശേഷങ്ങളുമായി താന്‍ അവതാരകയായി എത്തുന്ന ഒരു പരിപാടിയില്‍ നിമിഷ സജയന്‍, നവ്യ നായര്‍, സരയു എന്നവരുമായുള്ള ആനിയുടെ സംഭാഷണങ്ങളാണ് ട്രോളിന് വഴിവച്ചത്. എന്നാൽ ഇപ്പോൾ ഇതിനെതിരെ പ്രതികരണവുമായി നടി രംഗത്ത് എത്തിയിരിക്കുകയാണ്.
സത്യത്തില്‍ താന്‍ നിമിഷയെ അഭിനന്ദിക്കുകയാണ് ചെയ്തതെന്ന് ആനി പറയുന്നു. ഈ തലമുറയിലെ കുട്ടികള്‍ പരീക്ഷണത്തിന് തയ്യാറാണ്. നമ്മുടെ കാലഘട്ടത്തില്‍, അതിന് വളരെയധികം ധൈര്യം ആവശ്യമായിരുന്നു. മേക്കപ്പ് ഇല്ലാതെ അഭിനയിക്കാന്‍ കഴിയുന്ന ഒരു റോളിനായി ഞാന്‍ ആഗ്രഹിച്ചിരുന്നു. ആഗ്രഹം ഇപ്പോഴും നിറവേറ്റപ്പെടുന്നില്ല. വളരെയധികം ആത്മവിശ്വാസത്തോടെ മേക്കപ്പ് ഇല്ലാതെ നന്നായി അഭിനയിക്കാന്‍ സാധിക്കുമെന്ന് നിമിഷ പറഞ്ഞപ്പോള്‍, കൂടുതല്‍ അറിയാന്‍ എനിക്ക് ജിജ്ഞാസയുണ്ടായിരുന്നു.
താന്‍ ജനിച്ചതും വളര്‍ന്നതും വളരെ യാഥാസ്ഥിതിക കുടുംബത്തിലാണെന്നും, അതിനാല്‍ ഇന്നത്തെ തലമുറ ആസ്വദിക്കുന്ന സ്വാതന്ത്ര്യം ഒരിക്കലും തനിക്ക് ആസ്വദിക്കാന്‍ സാധിച്ചിട്ടില്ലെന്നും ആനി പറയുന്നു.എന്റെ ലോകം വളരെ പരിമിതമായിരുന്നു. വിവാഹശേഷം മാത്രമാണ് ഞാന്‍ പല പുതിയ കാര്യങ്ങളും പഠിച്ചത്. ഞങ്ങള്‍ വളരെ ചെറുതായിരുന്നപ്പോഴേ അമ്മ മരിച്ചു. പിന്നീട് ഞങ്ങളെ വളര്‍ത്തിയത് മുത്തശ്ശിയാണ്. മുത്തശ്ശിയും അമ്മായിമാരും ഞങ്ങളെ സ്വയം പര്യാപ്തരാക്കാനും ഒരു കുടുംബത്തെ പരിപാലിക്കാന്‍ പഠിക്കാനും നിരന്തരം ഉപദേശിക്കാറുണ്ടായിരുന്നു.
താന്‍ വളര്‍ന്നത് ഇങ്ങനെയായതിനാല്‍ അതിനപ്പുറം ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ആനി പറയുന്നു. ഇന്നത്തെ ചെറുപ്പക്കാര്‍ ധൈര്യത്തോടെ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷവും, ഒപ്പം താന്‍ വളര്‍ന്നു വന്ന രീതി ഓര്‍ക്കുമ്പോള്‍ അല്‍പം വിഷമവും തോന്നാറുണ്ടെന്നും ആനി പറഞ്ഞു.അത്താഴത്തിന് ചപ്പാത്തി ഉണ്ടാക്കുന്നത് ഷാജിയാണെന്ന് (ഷാജി കൈലാസ്) ഞാന്‍ പറയുമ്പോള്‍ ഇപ്പോഴും എന്റെ അച്ഛന് ദേഷ്യം വരും, ആനി വ്യക്തമാക്കി.
1993 ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന സിനിമയിലൂടെയാണ് ആനി അഭിനയ രംഗത്തെത്തിയത്. ഏകദേശം മൂന്നു വര്‍ഷത്തിനുള്ളില്‍ പതിനാറോളം ചലച്ചിത്രങ്ങളിലഭിനയിച്ചു. പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തോട് വിട പറഞ്ഞു.